Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാത്‌സ് ഗവേഷകർക്ക് എൻബിഎച്ച്എം സ്കോളർഷിപ്

958949188

മാത്‍സിലെ ഉപരിപഠനഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ അണുശക്തിവകുപ്പിന്റെ നിയന്ത്രണത്തിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സ്ഥാപനമാണ് എൻബിഎച്ച്എം (നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ് – www.nbhm.dae.gov.in). 2019–20 വർഷത്തെ മാത്‌സ് പിഎച്ച്ഡി / ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്ഡി പ്രോഗ്രാമുകളിൽ ചേരാനാഗ്രഹിക്കുന്നവർ കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 21 കേന്ദ്രങ്ങളിൽ ജനുവരി 19ന് എൻബിഎച്ച്എം നടത്തുന്ന സ്ക്രീനിങ് ടെസ്റ്റ് എഴുതണം.

ഇ‌നിപ്പറയുന്നവയടക്കമുള്ള സ്ഥാപനങ്ങളിൽ പഠനഗവേഷണങ്ങളാകാം. ഹരീഷ് ചന്ദ്ര റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രയാഗ്‌രാജ് (അലഹാബാദ്), ഐസർ പുണെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ചെന്നൈ, നൈസർ ഭുവനേശ്വർ. 

ഇ–മെയിലോ സ്പീഡ്പോസ്റ്റോ വഴി ഡിസംബർ ഏഴിനകം അപേക്ഷ എത്തിക്കണം. ദക്ഷിണേന്ത്യക്കാർ അപേക്ഷിക്കേണ്ട വിലാസം: Prof. S. Kesavan, c/o Institute of Mathematical Sciences, CIT Campus, Taramani, Chennai - 600 113; ഇ–മെയിൽ: nbhm@imsc.res.in.

മാത്‌സ്, അപ്ലൈഡ് മാത്‌സ്, സ്റ്റാറ്റ്സ് ഇവയൊന്നിലെ മാസ്റ്റർ അഥവാ 4 വർഷ ബിഎസ് ബിരുദം ഉള്ളവർക്കും, ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

ഒന്നാന്തരം ഗണിതവാസന, പ്ലസ്ടു മൂതൽ ‌ഫസ്റ്റ് ക്ലാസ് എന്നിവ വേണം. ബിഎസ്‌സി ഓണേഴ്സെങ്കിൽ സെക്കൻഡ് ക്ലാസായാലും മതി. അസാധാരണ മികവ് പുലർത്തുന്ന ബിഎസ്‌സി, ബി സ്റ്റാറ്റ്, ബിഎസ്, ബിടെക്, ബിഇ ബിരുദക്കാർക്കും ഫൈനൽ ഇയറുകാർക്കും ആദ്യം സൂചിപ്പിച്ച നാലു സ്ഥാപനങ്ങൾ അവസരം നൽകും.

മാത്‌സ് എംഎസ്‌സി സിലബസനു‌സരിച്ചുള്ള 150-മിനിറ്റ് ടെസ്റ്റിലെ മികവു നോക്കി സിലക്‌ഷൻ തീരുമാനിക്കും. മുൻചോദ്യക്കടലാസുകൾ സൈറ്റിലുണ്ട്. (www.imsc.res.in – Opportunities – Doctoral Programme –Mathematics) 

2019 ഓഗസ്റ്റ് ഒന്നിനകം പിഎച്ച്ഡി പ്രവേശനം നേടുന്നവർക്കാണ് സ്കോളർഷിപ്. നാലു വർഷം വരെ സഹായധനം നൽകുകയാണു പതിവ്. ആദ്യരണ്ടു വർഷം 25,000 രൂപ, തുടർന്ന് 28,000 രൂപ ക്രമത്തിൽ പ്രതിമാസ സ്കോളർഷിപ്. പുറമേ 32,000 രൂപ വാർഷിക ഗ്രാന്റും വീട്ടുവാടകയുമുണ്ട്. ഓരോ വർഷത്തെയും പഠനപുരോഗതി വിലയിരുത്തിയാകും സഹായധനം തുടരുക. പാർട്–ടൈം ഗവേഷകർക്ക് അർഹതയില്ല. അപേക്ഷാഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളൂം സൈറ്റിൽ.