Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽപി, യുപി സ്കൂളുകളും സ്മാർട്; ഭരണാനുമതിയായി

smart-class Representative Image

സംസ്ഥാനത്തെ എല്ലാ എൽപി, യുപി സ്കൂളുകളിലും 300 കോടി രൂപ ചെലവിൽ കംപ്യൂട്ടർ ലാബ് സ്ഥാപിക്കാൻ സർക്കാരിന്റെ ഭരണാനുമതി. 9,941 സ്കൂളുകളിലാകും അടുത്ത അധ്യയന വർഷം പദ്ധതി നിലവിൽ വരിക.കിഫ്ബിയിൽ നിന്നുള്ള പണം ഉപയോഗിച്ചു നടപ്പാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇനി കിഫ്ബി അംഗീകരിച്ചു പണം ലഭ്യമാക്കുന്നതോടെ ടെൻഡർ വിളിക്കും. ആറു മാസം കൊണ്ട് എല്ലാ സ്കൂളിലും കംപ്യൂട്ടർ ലാബ് സ്ഥാപിക്കും. 65,177 ലാപ്‌ടോപ്, യുഎസ്ബി സ്പീക്കറുകൾ, 26,549 മൾട്ടിമീഡിയ പ്രൊജക്ടർ, 5,644 മൾട്ടിഫങ്ഷൻ പ്രിന്റർ, 3248 ടിവി (42 ഇഞ്ച്) എന്നിവ ലഭ്യമാക്കും.

ഹൈസ്കൂളിലെപ്പോലെ പ്രൈമറിയിൽ എല്ലാ ക്ലാസിലും ഹൈടെക് സംവിധാനം നടപ്പാക്കുന്നില്ല. ഉപകരണങ്ങൾ ലാബിലും ക്ലാസ് മുറികളിലും പൊതുവായി ഉപയോഗിക്കാം. സ്കൂളുകൾക്കു താൽപര്യമുണ്ടെങ്കിൽ ഡിവിഷൻ ഒന്ന് എന്ന ക്രമത്തിൽ ക്ലാസ്‌ മുറികളിൽ  സ്ഥാപിക്കാം. വൈദ്യുതീകരിച്ചതും അടച്ചുറപ്പുള്ളതുമായ മുറികളുള്ള സ്കൂളുകളിലാണു സർവേ നടത്തി ഉപകരണങ്ങൾ സ്ഥാപിക്കുക.

എട്ടു മുതൽ ഹയർസെക്കൻഡറി വരെയുള്ള 45,000 ക്ലാസ്‌ മുറികൾ ഹൈടെക് ആക്കി മാറ്റിയതിനു തുടർച്ചയായാണ് ഒന്നാം ക്ലാസ് മുതൽ ഏഴു വരെയും ഹൈടെക് ലാബ് സ്ഥാപിക്കുന്നത്. ഇതിന്റെ റിപ്പോർട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) ആണ് സർക്കാരിന്റെ ഭരണാനുമതിക്കു സമർപ്പിച്ചത്. 188 എൽപി,യുപി സ്കൂളുകളിലും 14 ഡയറ്റിലും ഐടി ലാബ് സ്ഥാപിക്കുന്ന പൈലറ്റ് പദ്ധതിക്കു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൈറ്റിനു സർക്കാർ അനുമതി  നൽകിയിരുന്നു. ഇതു വിജയിച്ചതിനാലാണ് എല്ലാ എൽപി, യുപി സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്.

സ്കൂളുകൾക്ക് ഉപകരണങ്ങൾ
ഒരു ഡിവിഷനിൽ ശരാശരി 7 കുട്ടികളുള്ള മുഴുവൻ സ്കൂളുകളെയും പദ്ധതിയിൽ ഉൾപ്പെടുത്തി. 2 മുതൽ 20 വരെ ലാപ്‌ടോപ്പുകളും യുഎസ്ബി സ്പീക്കറുകളും സ്കൂളുകൾക്കു നൽകും. ഒന്നു മുതൽ 10 വരെ പ്രോജക്ടറുകൾ, മൾട്ടിഫങ്ഷൻ പ്രിന്റർ, 42 ഇഞ്ച് ടിവി എന്നിവ പുറമെ. എല്ലാ സ്കൂളിലും ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ഉണ്ടാകും. എല്ലാ ഉപകരണങ്ങൾക്കും 5 വർഷ വാറന്റിയും ഇൻഷുറൻസ് പരിരക്ഷയും. പരാതി പരിഹാരത്തിനു കോൾ സെന്ററും വെബ് പോർട്ടലും ഉണ്ടാകും.