Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമുദായ സർട്ടിഫിക്കറ്റ് വ്യാജം: 11 മെഡിക്കൽ വിദ്യാർഥികൾ പുറത്ത്

mbbs

കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് വഴി ന്യൂനപക്ഷ എംബിബിഎസ് സീറ്റുകളിൽ പ്രവേശനം നേടിയ 11 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കാൻ ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റിയുടെ ഉത്തരവ്. ഇവരുടെ പേരുകൾ എംബിബിഎസ് പരീക്ഷയ്ക്കായി റജിസ്റ്റർ ചെയ്യരുതെന്ന് ആരോഗ്യ സർവകലാശാലാ റജിസ്ട്രാർക്കു കമ്മിറ്റി നിർദേശം നൽകി. 

കാരണക്കോണം മെഡിക്കൽ കോളജിൽ വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഏതാനും വിദ്യാർഥികൾ ന്യൂനപക്ഷ സീറ്റിൽ പ്രവേശനം നേടിയെന്ന ആരോപണം വിവാദമായിരുന്നു. തുടർന്ന്, കോളജിലെ മുഴുവൻ എംബിബിഎസ് സീറ്റിലും പ്രവേശനം നേടിയവരുടെ രേഖകൾ പരിശോധിക്കാൻ ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റിയെ ഹൈക്കോടതി ചുമതലപ്പെടുത്തി. 89 പേരുടെ പ്രവേശനം കമ്മിറ്റി അംഗീകരിച്ചു.

വ്യാജ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ സീറ്റിൽ പ്രവേശനം സംഘടിപ്പിച്ച 8 വിദ്യാർഥികളുടെയും ന്യൂനപക്ഷ എൻആർഐ സീറ്റിൽ പ്രവേശനം നേടിയ മൂന്നു വിദ്യാർഥികളുടെയും പ്രവേശനമാണു റദ്ദാക്കിയത്. ഇക്കാര്യം ആരോഗ്യ സർവകലാശാലയ്ക്കു പുറമേ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയെയും കോളജ് പ്രിൻസിപ്പലിനെയും രേഖാമൂലം അറിയിക്കാനും കമ്മിറ്റി ഉത്തരവിട്ടു. 

More Campus Updates>