Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

25 കഴിഞ്ഞും നീറ്റ് എഴുതാം

MBBS

25 വയസു കഴിഞ്ഞവർക്കും എംബിബിഎസ്, ബിഡിഎസ് – മെഡിക്കൽ പൊതു പ്രവേശന പരീക്ഷ (നീറ്റ്) എഴുതാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഒരാഴ്ചത്തേക്കുകൂടി നീട്ടി. ഇന്നായിരുന്നു അവസാന തീയതി. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് (www.nta.neet.nic.in). എന്നാൽ, പ്രായപരിധി ഇളവ് നിലവിലെ ഹർജികളുടെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. മേയ് 5നാണ് പ്രവേശന പരീക്ഷ. ദേശീയ ടെസ്റ്റിങ് ഏജൻസിക്കാണ് (എൻടിഎ) പരീക്ഷ നടത്തിപ്പു ചുമതല.

ജനറൽ വിഭാഗത്തിന് 25 വയസ്സും പട്ടിക, ഇതര പിന്നാക്ക വിഭാഗങ്ങൾക്ക് 30 വയസ്സും ഉയർന്ന പ്രായപരിധിയായി നിശ്ചയിച്ച മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (എംസിഐ)യുടെ തീരുമാനത്തിനെതിരെ കേരളത്തിൽനിന്നുൾപ്പെടെ 170 വിദ്യാർഥികൾ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. പ്രായപരിധി വ്യവസ്ഥ നേരത്തേ ഡൽഹി ഹൈക്കോടതി ശരിവച്ചിരുന്നു; ഓപ്പൺ സ്കൂൾ സമ്പ്രദായത്തിൽ പഠിച്ചവർക്കു പരീക്ഷ എഴുതാനാവില്ലെന്ന വ്യവസ്ഥ ഹൈക്കോടതി ഒഴിവാക്കി. ഹർജികൾ സുപ്രീം കോടതി ജനുവരിയിൽ വീണ്ടും പരിഗണിക്കും. ഹർജിക്കാർക്കുവേണ്ടി അരമേന്ദ്ര ശരൺ, പി.എൻ.രവീന്ദ്രൻ, ജോസ് ഏബ്രഹാം, മുകുന്ദ് പി.ഉണ്ണി തുടങ്ങിയവർ ഹാജരായി.

More Campus Updates>