Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ ജീവിതവിജയത്തിന് ചെയ്യേണ്ട 9 കാര്യങ്ങള്‍

Parenting

എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ വണ്ടര്‍ കിഡ്‌സ് ആണ്. കുട്ടികള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും അവര്‍ക്കു വലിയ സംഭവം തന്നെയാണ്. പക്ഷേ, ഈ വണ്ടര്‍ കിഡ്‌സ് വലുതാകുമ്പോള്‍ ഇവരില്‍ എത്ര പേര്‍ ജീവിതത്തില്‍ വിജയം നേടുന്ന വ്യക്തികളായി മാറുന്നുണ്ട്. കുട്ടികള്‍ കളിമണ്ണു പോലെയാണ്. ശരിയായി രൂപകല്‍പന ചെയ്‌തെടുത്താല്‍ അവ മികച്ച ശില്‍പങ്ങളായി മാറും. കുട്ടികള്‍ ജീവിതത്തില്‍ വിജയിക്കുമെന്ന് ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

1.  ആഗ്രഹിക്കുന്ന എന്തുമാകാന്‍ പറ്റില്ല
നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തുമായി തീരാന്‍ സാധിക്കുമെന്നു പറഞ്ഞു കുട്ടികള്‍ക്കു വെറുതെ പ്രതീക്ഷകള്‍ നല്‍കരുത്. പര്‍വതാരോഹകനാകണം, സംഗീതജ്ഞന്‍ ആകണം, പ്രധാനമന്ത്രി ആകണം എന്നെല്ലാം ചെറുപ്രായത്തില്‍ ചിലപ്പോള്‍ കുട്ടികള്‍ വിചാരിച്ചേക്കാം. ദൃഢനിശ്ചയത്തോടെ അങ്ങനെയൊക്കെ പില്‍ക്കാലത്ത് ആയിത്തീര്‍ന്നവരും ഉണ്ടാകാം. പക്ഷേ, യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത സ്വപ്‌നങ്ങള്‍ കാണാന്‍ കുട്ടികളോടു പറയുന്നതിലും നല്ലതു നാട്ടിലെ തൊഴില്‍ അവസ്ഥ കണ്ടറിഞ്ഞ് ആവശ്യകതയുള്ള മേഖലകളിലെ നല്ല സാധ്യതകളിലേക്ക് അവരെ തിരിച്ചു വിടുകയാണ്. 

2. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക
ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും കുടുംബവുമായി ഒത്തൊരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ക്കു ഡിപ്രഷന്‍, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരം കുട്ടികള്‍ക്കു ശരാശരി നല്ല ഗ്രേഡും, മികച്ച ഭാഷാശേഷിയും ഉയര്‍ന്ന ആത്മവിശ്വാസവും ഉണ്ടാകാറുമുണ്ട്. 

3. നോ-സ്‌ക്രീന്‍ സമയം നിശ്ചയിക്കുക
ന്യൂജെനറേഷന്‍ കുട്ടികളില്‍ പത്തിലെട്ടും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും അടിമകളാണ്. അവരധികം സമയം ഇത്തരം ഉപകരണങ്ങളുടെ ഒപ്പം ചെലവഴിക്കുന്നതു തലച്ചോറിന് അത്ര നല്ലതല്ലെന്നു ഗവേഷണ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളില്‍ ശ്രദ്ധക്കുറവ് ഉണ്ടാകാനും, അവരുടെ പദസമ്പത്തും സാമൂഹിക ശേഷിയും അവതാളത്തിലാകാനും ഇതു വഴിവയ്ക്കും. 

അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ അഭിപ്രായത്തില്‍ ഒന്നര വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു സ്മാര്‍ട്ട്‌ഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ നല്‍കാനേ പാടില്ല. രണ്ടു മുതല്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികള്‍ക്കു ദിവസം പരമാവധി ഒരു മണിക്കൂറില്‍ അധികം സ്‌ക്രീന്‍ ടൈം നല്‍കരുത്. ഇതിലും മുതിര്‍ന്ന കുട്ടികള്‍ക്ക് അവരുടെ ഉറക്കവും, വ്യായാമവും മറ്റു സാമൂഹിക ഇടപെടലുകള്‍ക്കുമുള്ള സമയം കഴിഞ്ഞുള്ള അല്‍പ നേരം മാത്രം സ്‌ക്രീന്‍ ടൈം നല്‍കുക. 

4. മാതാപിതാക്കളും ജോലിക്ക് പോകണം
അമ്മമാര്‍ ജോലിക്കു പോകാതെ വീട്ടില്‍ കുട്ടികളുടെ കാര്യം നോക്കി ഇരിക്കുന്നതിനു കുടുംബപരമായി ചില മെച്ചങ്ങളൊക്കെ ഉണ്ടാകാം. പക്ഷേ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലെ ഗവേഷകര്‍ കണ്ടെത്തിയത് അച്ഛനും അമ്മയും ജോലിക്കു പോകുന്ന വീട്ടിലെ കുട്ടികള്‍ക്കു ജോലി ലഭിക്കാനും സൂപ്പര്‍വൈസറി റോളുകള്‍ നിര്‍വഹിക്കാനും കൂടുതല്‍ പണം സമ്പാദിക്കാനും സാധ്യതയേറെയാണെന്നാണ്. 

5. കുട്ടികളെ കൊണ്ടും ജോലി ചെയ്യിക്കുക
അമ്മയും അച്ഛനും വീട്ടില്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുമ്പോള്‍ കുട്ടികള്‍ അതിലൊന്നും പെടാതെ സുഖമായി ചില്ല്കൂട്ടിലെ പാവയെ പോലെ ഇരിക്കുന്നത് അഭികാമ്യമല്ല. വീട്ടിലെ ചെറിയ ചെറിയ ജോലികള്‍ കുട്ടികളെ കൊണ്ടു ചെയ്യിക്കണം. അതു വഴി അവര്‍ ചെറുപ്പത്തിലെ അധ്വാനത്തില്‍ പങ്കുചേരാന്‍ ശീലിക്കും. ഭാവിയിലെ പ്രഫഷണല്‍ മികവിന് ഈ ജോലി പരിചയം സഹായിക്കുമെന്ന് നിശ്ചയം. 

6. ഉടന്‍ പ്രതിഫലം വേണ്ട
1960കളില്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാല പ്രഫസര്‍ വാള്‍ട്ടര്‍ മിസ്‌ചെല്‍ 4-5 വയസ്സ് പ്രായമായ കുട്ടികളെ ഒരു മനശാസ്ത്ര പരീക്ഷണത്തിനു വിധേയനാക്കി. മാര്‍ഷ്മല്ലോ പരീക്ഷണം എന്നാണ് ഇത് അറിയപ്പെടുന്നത്. കുട്ടികളെ ഓരോരുത്തരെയായി ഒരു മുറിയിലേക്കു വിളിച്ചു വരുത്തി അവരെ ഒരു കസേരയില്‍ ഇരുത്തും. അവര്‍ക്കു മുന്നിലെ മേശയില്‍ മാര്‍ഷ്‌മെല്ലോ എന്ന മധുരപലഹാരം വെച്ചിട്ടുണ്ടാകും. എന്നിട്ടു ഗവേഷകന്‍ കുട്ടികള്‍ക്കു മുന്നില്‍ ഒരു ഓഫര്‍ വച്ചു. താന്‍ പുറത്തു പോയി തിരിച്ചു വരുന്നതു വരെ ഈ മാര്‍ഷ്‌മെല്ലോ കഴിക്കാതെ ഇരിക്കുന്നവര്‍ക്ക് ഒരു മാര്‍ഷ്‌മെല്ലോ കൂടി തരാം എന്നതായിരുന്നു ഓഫര്‍. ഇതിനകം അതെടുത്തു കഴിക്കുന്നവര്‍ക്കു രണ്ടാമതൊരു മാര്‍ഷ്‌മെല്ലോ ലഭിക്കില്ല. 15 മിനിട്ടു ഗവേഷകന്‍ മുറി വിട്ടു പോയി. കുറച്ചു കുട്ടിള്‍ മാത്രമാണ് ഈ 15 മിനിട്ടു നേരവും കൊതിയടക്കി അതു തിന്നാതെ ഇരുന്നത്. ബാക്കിയുള്ളവരൊക്കെ ഗവേഷകന്‍ മുറി വിട്ട മാത്രമയില്‍ പലഹാരം എടുത്തു തിന്നു. ചിലര്‍ കുറച്ചു നേരമൊക്കെ സഹിച്ചിരുന്നെങ്കിലും ഒടുവില്‍ കൊതി മൂത്ത് എടുത്ത് തിന്നു. 

വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കുട്ടികളുടെ ജീവിതനില ഗവേഷകര്‍ മൂല്യനിര്‍ണ്ണയം ചെയ്തു. അന്നു 15 മിനിട്ടു നേരം മാര്‍ഷ്‌മെല്ലോ കഴിക്കാതെ ഇരുന്ന കുട്ടികള്‍ പില്‍ക്കാല ജീവിതത്തില്‍ കൂടുതല്‍ മാര്‍ക്കും, കൂടുതല്‍ സാമൂഹിക നൈപുണ്യങ്ങളും നേടിയവരും കുറഞ്ഞ ഡിപ്രഷനും വണ്ണവുമൊക്കെ ഉള്ളവരാണെന്നു ഗവേഷകര്‍ കണ്ടെത്തി. പ്രതിഫലത്തിനായി അല്‍പ നേരം കാത്തിരിക്കാന്‍ ക്ഷമയുള്ള കുട്ടികള്‍ക്കു ജീവിതത്തില്‍ കൂടുതല്‍ വിജയിക്കാനാകുമെന്നു മാര്‍ഷ്‌മെല്ലോ പരീക്ഷണം തെളിയിക്കുന്നു. കുട്ടികളെ ഈ വഴിക്കു പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും. എന്തെങ്കിലും ഒരു കാര്യം നേടുന്നതിനു ദിവസവും ചെയ്യേണ്ട ഒരു ടാസ്‌ക് അവരെ ഏല്‍പ്പിക്കാം. ചില ദിവസങ്ങളില്‍ അവര്‍ക്കതു ചെയ്യാന്‍ ഒരു താത്പര്യവും കാണില്ലായിരിക്കും. പക്ഷേ, എന്തെങ്കിലും നേടണമെങ്കില്‍ സ്ഥിരമായി പ്രയത്‌നിക്കണം എന്ന സന്ദേശം അവര്‍ക്കു നല്‍കുന്നതിന് വേണ്ടി അക്കാര്യം ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. 

7. വായിച്ചു കൊടുക്കുക
മാതാപിതാക്കള്‍ കുട്ടികള്‍ക്കു പുസ്തകങ്ങളും മറ്റും വായിച്ചു കൊടുക്കുന്നത് അവരില്‍ മികച്ച ഭാഷാശേഷിയുണ്ടാക്കുമെന്നു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പുസ്തകങ്ങളെ പ്രണയിച്ചു വളരുന്ന കുട്ടികള്‍ പില്‍ക്കാലത്തു കൂടുതല്‍ സമര്‍ത്ഥരായി വളരും. 

8. യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക
യാത്ര ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. കൂടുതല്‍ അറിയാനും പഠിക്കാനും പര്യവേഷണം നടത്താനും യാത്രകളിലൂടെ സാധിക്കും. കൂടുതല്‍ ആളുകളെയും പ്രദേശങ്ങളെയും സംസ്‌കാരങ്ങളെയുമൊക്കെ കണ്ടും അറിഞ്ഞും പരിചയപ്പെട്ടും മനസ്സിന്റെ വാതായനങ്ങള്‍ തുറക്കപ്പെടും. വിവിധ തരം ഭക്ഷണം കഴിക്കാനുള്ള താത്പര്യം, ബൗദ്ധികമായ ജിജ്ഞാസ, ഉയര്‍ന്ന സ്വതന്ത്ര ചിന്ത, സഹിഷ്ണുത എന്നിവയെല്ലാം യാത്രകളിലൂടെ സ്വഭാവത്തില്‍ വന്നു ചേരും. ഏതു സാഹചര്യങ്ങളോടും പൊരുത്തപ്പെടാനുള്ള കഴിവും കുട്ടികള്‍ക്കു യാത്രകളിലൂടെ ലഭിക്കും. അതു കൊണ്ടു രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാനുള്ള പ്രോത്സാഹനം കുട്ടികള്‍ക്കു നല്‍കുക. 

9 പരാജയപ്പെടാന്‍ അനുവദിക്കുക
പരാജയങ്ങളില്‍ നിന്നു പാഠം പഠിക്കാന്‍ കുട്ടികളെ അനുവദിക്കുക. പരാജയങ്ങളോടുള്ള ഭീതിയാണു പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും റിസ്‌ക് എടുക്കുന്നതില്‍ നിന്നുമെല്ലാം പലരെയും പിന്നാക്കം വലിക്കുന്നത്. പരാജയങ്ങള്‍ നേരിടാന്‍ പഠിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. പരാജയപ്പെട്ടു കൊണ്ടേയിരിക്കുക. കൂടുതല്‍ കഠിനമായ ചുമതലകള്‍ ഏറ്റെടുക്കാന്‍ ഇത്തരം പരാജയങ്ങള്‍ കുട്ടികളെ പ്രാപ്തരാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.