Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കിൻസുഗി’: അഴകുള്ളതാക്കാം, കുറവുകളെ

Kintsugi-pot

സെൻ കഥകളിൽ പൊട്ടിയ ചായക്കോപ്പകൾ കുറച്ചൊന്നുമല്ല ഉള്ളത്. എളുപ്പം പൊട്ടിപ്പോകുന്ന ജീവിതത്തിന്റെ ഉപമയാണ് ആ കോപ്പകളിൽ നിറച്ചുവച്ചിരിക്കുന്നത്. ചായ സൽക്കാരം പോലെ, പൊട്ടിയ ചായക്കപ്പുകളും മൺപാത്രങ്ങളും ഒട്ടിച്ചുചേർക്കുന്നതും ജപ്പാനിൽ ഒരു കലയാണ്. കിൻസുഗിയെന്നാണ് ഈ ഒട്ടിപ്പോ കലയ്‌ക്കു പേര്. 

മരക്കറയിലോ പശയിലോ സ്വർണത്തിന്റെയോ വെള്ളിയുടെയോ പൊടി ചേർത്താണു പാത്രങ്ങളുടെ പൊട്ടിയ ഭാഗങ്ങൾ ചേർത്തൊട്ടിക്കുന്നത്. അതിനിപുണരായ ഗുരുക്കൻമാരുടെ കീഴിൽ വർഷങ്ങളോളം പഠിച്ചെങ്കിലേ കിൻസുഗി വഴങ്ങൂ. പാത്രത്തിലെ മുറിവുകളെ മറയ്‌ക്കുന്നതിലല്ല, മനോഹരമാക്കി എടുത്തുകാട്ടുന്നതിലാണു കയ്യടക്കം വേണ്ടത്. ഒരു പാത്രത്തിന്റെ ജീവിതത്തിലുണ്ടായ എല്ലാ മുറിപ്പാടുകളെയും അംഗീകരിച്ച് അതിനെ കൂടുതൽ കരുത്തുറ്റതാക്കുകയാണു കിൻസുഗിയുടെ രീതി. പൊട്ടുന്നതിനു മുൻപത്തേക്കാളും കരുത്തോടെ, അഴകോടെ അതു തിളങ്ങും. 

15–ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണു കിൻസുഗിയുടെ പിറവി. ഒരിക്കൽ, അഷികാഗ യൊഷിമാസ എന്ന സൈന്യാധിപൻ പൊട്ടിയ പാത്രം നന്നാക്കാനായി ചൈനയിലേക്ക് അയച്ചു. എന്നാൽ വളരെ മോശമായി, ഭംഗി കെടുത്തുന്ന രീതിയിലാണ് അവർ പാത്രത്തെ പഴയ പടിയാക്കിയത്. ഇതുകണ്ട ജപ്പാനിലെ കരകൗശല വിദഗ്‌ധർ സ്വന്തമായ ശൈലി രൂപപ്പെടുത്തുകയായിരുന്നു. ബുദ്ധിസത്തിന്റെ പാഠങ്ങൾ കൂടി അവർ അതിൽ പശ ചേർത്തൊട്ടിച്ചു. ജീവിതത്തിന്റെ നശ്വരതയെയും അസ്‌ഥിരതയെയും കുറിച്ചായിരുന്നല്ലോ ബുദ്ധൻ പഠിപ്പിച്ചത്. 

അഴകുള്ളതാക്കാം, കുറവുകളെ
നമ്മുടെ കുറവുകളും പോരായ്‌മകളുമൊന്നും മറച്ചുവയ്‌ക്കേണ്ടവയല്ല, അവയെ അഴകുള്ളതാക്കി മാറ്റാമെന്നാണു  കിൻസുഗി പഠിപ്പിക്കുന്നത്. പ്രതിസന്ധികളും വെല്ലുവിളികളും നമ്മെ എറിഞ്ഞു പൊട്ടിച്ചേക്കാം. ആ പോറലുകളെ, മുറിവുകളെ, ചിതറിയ കഷ്ണങ്ങളെ കരുത്തുറ്റതാക്കി പുതുക്കാൻ കിൻസുഗി ഓർമിപ്പിക്കുന്നു.

സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം ചായക്കപ്പുകൾ പോലെ വീണുപൊട്ടാം. ഉടഞ്ഞുചിതറിയ കഷ്‌ണങ്ങൾ താലോലിച്ചിരുന്നാൽ മനസ്സ് വിഷാദക്കയത്തിൽ ആഴും. എന്നാൽ പ്രതീക്ഷകളുടെ സ്വർണപ്പൊടി ചേർത്ത്, നിശ്‌ചയദാർഢ്യത്തിന്റെ പശ ഉപയോഗിച്ച് ആ പൊട്ടലുകളും മുറിവുകളും നമുക്കു പരിഹരിക്കാം. അപ്പോൾ എന്നത്തേക്കാളും കരുത്തുണ്ടാകും മനസ്സിന്. 

കിൻസുഗി എന്താണു നമ്മോടു പറയുന്നത്? എല്ലാം തികഞ്ഞതിലല്ല, അപൂർണമായതിൽ, കുറവുകളിൽ സൗന്ദര്യം കാണൂ എന്ന്. ശാന്തമായി, സ്‌ഥൈര്യത്തോടെ നിന്നാൽ നികത്താനാവാത്ത വിള്ളലുകളില്ലെന്ന്. ജീവിതത്തെ കൂട്ടായ്‌മയുടെ പശ ചേർത്ത് ഒട്ടിക്കുക എന്ന്. വീണുപൊട്ടിയതിന്റെ പാടുകൾ പേറുമ്പോൾ തന്നെ പശക്കരുത്തുള്ള പാത്രം പോലെ ജീവിതം ലളിതമാകും, കിൻസുഗിയെ അറിയുമ്പോൾ.