sections
MORE

രാജ്യാന്താര കായിക ഇവന്റും ബോര്‍ഡ് പരീക്ഷയും ഒരുമിച്ചു വന്നാല്‍?

sports
SHARE

കായികരംഗത്തു തിളങ്ങിയവരില്‍ പലരും സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ ഈ രംഗത്തേക്ക് എത്തിയവരാണ്. കായികരംഗത്തേക്കു ശ്രദ്ധ പൂര്‍ണ്ണമായും തിരിക്കുമ്പോള്‍ ഇവരില്‍ പലര്‍ക്കും പലപ്പോഴും പഠനത്തില്‍ അത്ര ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്നു വരും. കായികമേളകളുടെയും ടൂര്‍ണമെന്റുകളുടെയും തീയതികളാകട്ടെ പലപ്പോഴും സ്‌കൂളിലെ പരീക്ഷാക്കാലവുമായി കൂട്ടിമുട്ടുകയും ചെയ്യും. 

ചെറിയ പരീക്ഷകളൊക്കെയാണെങ്കില്‍ അതു വേണ്ടെന്നു വച്ചു കായിക മത്സരത്തിനു പോകാം. എന്നാല്‍ പത്ത്,  പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡു പരീക്ഷ പോലെയുള്ള പ്രധാന പരീക്ഷകളാണെങ്കിലോ. വിദ്യാർഥികള്‍ വല്ലാത്ത ആശയക്കുഴപ്പത്തിലാകും. പലപ്പോഴും പരീക്ഷയ്ക്കു വേണ്ടി രാജ്യാന്തര മത്സരങ്ങള്‍ പോലും വേണ്ടെന്നു വയ്ക്കുകയും ചെയ്യും. എന്നാല്‍ ഇനി കുറഞ്ഞതു സിബിഎസ്ഇ വിദ്യാർഥികള്‍ക്കെങ്കിലും ഇക്കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. 

രാജ്യാന്തര മത്സരങ്ങളും ക്ലാസ് 10, 12 പരീക്ഷകളും ഒരുമിച്ചു വന്നാല്‍ സിബിഎസ്ഇയില്‍ പഠിക്കുന്ന കായികതാരങ്ങളായ സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് ഇനി ധൈര്യമായി മത്സരത്തിനു പോകാം. മത്സരങ്ങള്‍ കഴിഞ്ഞു വന്നു പിന്നീടു വിദ്യാർഥികള്‍ക്കും ബോര്‍ഡിനും സൗകര്യപ്രദമായ തീയതിയില്‍ പരീക്ഷ എഴുതിയാല്‍ മതിയാകും. ഇതു സംബന്ധിച്ചു സിബിഎസ്ഇ സര്‍ക്കുലര്‍ ഇറക്കി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി വിദ്യാർഥികള്‍ നടത്തിയ അഭ്യർഥന കണക്കിലെടുത്താണു നടപടി. 

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അംഗീകരിച്ച രാജ്യാന്തര കായിക ഇവന്റുകളില്‍ പങ്കെടുക്കുന്ന സിബിഎസ്ഇ വിദ്യാർഥികള്‍ക്കാണ് ഇളവ് ലഭിക്കുക. ഈ അക്കാദമിക് വര്‍ഷം ജനുവരി 31 വരെ ഇതു സംബന്ധിച്ച അറിയിപ്പു രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാർഥികള്‍ക്കു സിബിഎസ്ഇ റീജണല്‍ ഓഫീസുകളില്‍ നല്‍കാം. സ്‌കൂള്‍ വഴി നല്‍കുന്ന അഭ്യര്‍ത്ഥനകള്‍ സായ്‌യുടെ ശുപാര്‍ശയ്‌ക്കൊപ്പമാണ് സിബിഎസ്ഇക്ക് അയക്കേണ്ടത്. 

സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർഥികളുടെ ബോര്‍ഡ് പരീക്ഷകള്‍ 2019 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 29 വരെയും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടേതു ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 03 വരെയും നടക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA