sections
MORE

അനുഭവമാണ് അറിവ്!

invest
SHARE

യുവ മാസ്റ്റർമൈൻഡ് സീസൺ 9 വേദിയിലെ പൊതുവിഭാഗത്തിൽ കാഴ്ചക്കാരെ ഞെട്ടിച്ച പല കണ്ടുപിടിത്തങ്ങൾക്കു പിന്നിലും പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചവർ. പലരും സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കളുടെ ആവശ്യത്തിനുമാണു പുതുമയുള്ള ഉപകരണങ്ങൾ കണ്ടെത്തിയത്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചു കവുങ്ങിൽ കയറി അടയ്ക്ക പറിക്കാവുന്ന യന്ത്രം നിർമിച്ച പി.വി.സുരേഷ് ഒൻപതാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളു.  ഏറ്റവും ആധുനികമായ തെങ്ങുകയറ്റ യന്ത്രം നിർമിക്കാനുള്ള ശ്രമത്തിലാണ് സുരേഷ് ഇപ്പോൾ. 

‘ഫ്രൂട്ട് കാപ്പർ’ എന്ന ലളിതവും ഉപകാരപ്രദവുമായ കണ്ടുപിടിത്തവുമായെത്തിയ കോതമംഗലം സ്വദേശി ഷാജി കെ.വർഗീസ്, ജിഷോ പി.ജോർജ് എന്നിവർക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രമേയുള്ളു. ചെറുകിട കർഷകർക്ക് അവരുടെ ഫലങ്ങൾ ലളിതമായ മാർഗത്തിലൂടെ സംരക്ഷിക്കാനുള്ള ഉപരണമാണിത്. അടുക്കളക്കൃഷി ചെയ്യുന്ന വീട്ടമ്മമാരുടെ തിരക്കായിരുന്നു ഇവരുടെ സ്റ്റാളിനു മുന്നിൽ.  

വ്യായാമം ചെയ്ത് കറക്കാം

പശുവിനെയും കറക്കാം, വ്യായാമവും ചെയ്യാം. വെറുതെ എന്തിനു ജിമ്മിൽപോയി കാശുകളയണം? ചോദിക്കുന്നതു വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല അധ്യാപകൻ ഡോ. ജോൺ ഏബ്രഹാമാണ്. കാലുകൊണ്ടു ചവുട്ടി പ്രവർത്തിപ്പിക്കാവുന്ന കറവയന്ത്രമാണ് അദ്ദേഹം മാസ്റ്റർമൈൻഡിൽ അവതരിപ്പിച്ചത്. ചെലവു കുറവ്, കാര്യം നടക്കും, വ്യായാമവുമാകും!  

ചപ്പാത്തിപോലെ പരത്താം റബർ

റബർ ടാപ്പിങ് തൊഴിലാളിയായ  കോട്ടയം കങ്ങഴ സ്വദേശി മുഹമ്മദ് ഇസ്മായിൽ റബർ ഷീറ്റ് പരത്തുന്നതിനുള്ള ബുദ്ധിമുട്ടിനു പരിഹാരമായാണു  അച്ചുമെഷീൻ വികസിപ്പിച്ചത്.  കട്ടിയാക്കിയ റബർപാൽ ഇസ്മായിലിന്റെ യന്ത്രം ഉപയോഗിച്ചു വലിയ കായികാധ്വാനം ഇല്ലാതെ വളരെ എളുപ്പത്തിൽ ഷീറ്റാക്കിയെടുക്കാം. ചെലവും കുറവ്. 

ഇരട്ടിമധു(രം)

തേനിന് ഇരട്ടിമധുരം നൽകുന്നൊരു കണ്ടുപിടിത്തം – കോതമംഗലം സ്വദേശി ജോസഫ് പീച്ചനാടാണു തേനിന്റെ പരിശുദ്ധി സംരക്ഷിക്കാനുള്ള യന്ത്രം അവതരിപ്പിച്ചത്. കൃത്യം 55 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയാൽ മാത്രമേ(വാട്ടർ ബാത്ത്) തേൻ കൃത്യമായി സംസ്കരിച്ചു കിട്ടുകയുള്ളു.  എന്നാൽ ഈ കൃത്യത പാലിക്കുന്ന സംവിധാനം കേരളത്തിലെ തേനീച്ച കർഷകർക്കില്ല. ചൂടു കൃത്യമായി അളക്കാനുള്ള സെൻസറുകൾ ഉൾപ്പെട്ട ജോസഫ് വികസിപ്പിച്ച യന്ത്രം ഇതിനു പരിഹാരമാണ്. 

പുഷ്പാംഗദൻ, സീനിയർ സയന്റിസ്റ്റ്!

യുവ മാസ്റ്റർമൈൻഡിലെ ഏറ്റവും പ്രായമേറിയ മത്സരാർഥി പി. കെ. പുഷ്പാംഗദൻ(78) വിമാനത്തിൽ യാത്ര ചെയ്തിട്ടുള്ളത് അപൂർവമായിട്ടാണ്. എന്നാൽ അദ്ദേഹത്തിന്റെ ഒരു കണ്ടുപിടിത്തം കൊച്ചി രാജ്യാന്തര വിമാനത്താവളം ഇന്ന് ഉപയോഗിക്കുന്നുണ്ട്. കാഴ്ചക്കാർക്കു കൗതുകമായി ആ 'നാടൻ കണ്ടുപിടിത്ത'വുമായാണ് പുഷ്പാംഗദൻ മാസ്റ്റർമൈൻഡ് വേദിയിലെത്തിയത്. സ്വന്തം കൃഷിയിടത്തിലെ പക്ഷികളെ ഓടിക്കാൻ കണ്ടെത്തിയ വിദ്യയാണ് പിന്നീട് വിമാനത്താവളത്തിൽ പക്ഷികളെ ഓടിക്കാൻ പുഷ്പാംഗദൻ നൽകിയത്. പരസഹായമില്ലാതെ കൃത്യമായ ഇടവേളകളിൽ റോക്കറ്റ് പടക്കം പറത്തിവിട്ട് പൊട്ടിക്കുന്ന വിദ്യയാണ് ഇത്. കർഷകർക്കും വൈപ്പിൻ എടവനക്കാട് ഇല്ലത്തുപടി സ്വദേശിയായ പുഷ്പാംഗദൻ പുല്ലുവെട്ടു യന്ത്രം, നെല്ലുകൊയ്ത്ത് യന്ത്രമാക്കി മാറ്റിയും ശ്രദ്ധേയനായിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA