sections
MORE

പ്ലസ്ടു കഴി​ഞ്ഞ് എന്ത്? അറിയാം തൊഴിൽസാധ്യതയുള്ള മേഖലകൾ

career
SHARE

ജോലി വേഗം കണ്ടെത്തുന്നതിന് ഉപകരിക്കുന്ന പഠനമാർഗ്ഗങ്ങളേതെല്ലാം എന്നു ചോദിക്കുന്നവരേറെ. പ്രവാസികളെ സംബന്ധിച്ചുള്ള മുഖ്യപ്രശ്നം കൃത്യമായ അറിവു യഥാസമയം കിട്ടാനുള്ള പ്രയാസമാണ്. 12 കഴിഞ്ഞുള്ള പഠനത്തിനു ഗൾഫു രാജ്യങ്ങളിൽ നമുക്കു ചേർന്ന സൗകര്യം കുറവാണെന്നതും വിഷമമുണ്ടാക്കുന്നു. ഒന്നു നമുക്കു മനസ്സിൽ വയ്ക്കാം. കുട്ടി 12 കഴിയാറാകുമ്പോഴല്ല, കാലേകൂട്ടിത്തന്നെ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കണം. ഓരോ കുട്ടിക്കും ഏറ്റവും ഇണങ്ങിയ പഠനമാർഗം കണ്ടെത്തണമെങ്കിൽ ദീർഘകാലാസൂത്രണം കൂടിയേ തീരൂ.

കുട്ടിക്കു പത്തു വയസ്സോളമാകുമ്പോൾ ജന്മവാസന ഏതു തരത്തിലാണെന്ന ഏകദേശരൂപം കിട്ടും. സംഗീതത്തിലോ ചിത്രരചനയിലോ വാസനയുണ്ടോയെന്നു നാം പെട്ടെന്നു തിരിച്ചറിയാറുണ്ട്. കണക്കിലോ ഭാഷയിലോ ഉള്ള വാസനയെക്കുറിച്ചും ചില അനുമാനങ്ങളിലെത്താം. ക്രമേണ ഇതെല്ലാം തെളിഞ്ഞു വരും. കുട്ടിക്കു പറ്റിയ കോഴ്സുകൾ, അവ പഠിക്കാൻ സൗകര്യമുളള മികച്ച സ്ഥാപനങ്ങൾ, അവയിലെ പ്രവേശനത്തിനുള്ള വഴികൾ മുതലായവയെപ്പറ്റിയുള്ള വിവരങ്ങൾ ക്രമേണ ശേഖരിക്കാം അക്കാര്യത്തിൽ എപ്പോഴും ഒരു കണ്ണു വേണമെന്നു മാത്രം.

ഏതെങ്കിലും പുതുതലമുറ കോഴ്സുകൾക്കു മാത്രമല്ല, പരമ്പരാഗത കോഴ്സുകൾക്കുമുണ്ടു പ്രാധാന്യം. മെഡിക്കൽ, പാരാമെഡിക്കൽ കോഴ്സുകൾക്ക് എക്കാലത്തും സ്ഥാനമുണ്ട്. പക്ഷേ എംബിബിഎസിൽ കണ്ണുവയ്ക്കുന്നവർ ഒന്നോർക്കണം. ഈ ഒരു ബിരുദം മാത്രം കൊണ്ടു പ്രഫഷണൽ ഉയർച്ച സാധ്യമല്ല. കുറഞ്ഞത്, മൂന്നു വർഷംകൊണ്ട‌ു നേടാവുന്ന എംഡി, എംഎസ് ബിരുദങ്ങളിലൊന്നു കൂടെ നേടണം. കാർഡിയോളജിസ്റ്റ്, ന്യൂറോസർജൻ തുടങ്ങിയ സ്പെഷ്യലിസ്റ്റുകളാകണമെങ്കിൽ തുടർന്നു മൂന്നൂ വർഷം കൂടെ പഠിച്ച്, സൂപ്പർ സ്പെഷ്യാലിറ്റി യോഗ്യത നേടുകയും വേണം. മെഡിക്കൽ പ്രഫഷൻ കേവലം ജോലിയല്ല. വേദനിക്കുന്ന മനുഷ്യർക്കു സാന്ത്വനം പകർന്ന്, രോഗമുക്തി നൽകുന്ന പവിത്രമായ സേവനമാർഗ്ഗവുമാണ്...

എൻജിനീയറിങ് കോളജുകളും സീറ്റുകളും പെരുകിയതുകാരണം അതു വില കുറഞ്ഞ പഠനമാർഗ്ഗമാണെന്നു വിചാരിക്കുന്നവരുണ്ട്. പക്ഷേ എൻജിനീയറിങ്ങും ടെക്നോളജിയും അവയിൽ പ്രാവീണ്യമാർജ്ജിച്ചവരും ഇല്ലാതെ ഒരു രാജ്യത്തിനും കഴിയാനാവില്ല. വളരാനുമാവില്ല. നല്ല കോളജിൽ പഠിച്ചു നല്ല നിലയിൽ ബിടെക് നേടുന്നവർക്ക് ഇന്നും ഒന്നാന്തരം അവസരങ്ങളുണ്ട്. എൻജിനീയറിങ് ബിരുദത്തിനുള്ള നാലു വർഷത്തിനു പകരം അഞ്ചു വർഷംകൊണ്ടു നേടാവുന്ന ആർക്കിടെക്ചർ ബിരുദം സ്വകാര്യപ്രാക്റ്റീസിനെന്ന പോലെ നല്ല ജോലിക്കും വഴിവയ്ക്കുന്നു. ഗണിതവാസനയോടൊപ്പം, തെല്ലു ഭാവനയും ചിത്രരചനാപാടവവും കൂടെയുള്ളവർക്ക് ഇതു നന്നായി ഇണങ്ങും.

വേഗം വളർന്നു പന്ത‍ലിക്കുകയാണു കൊമേഴ്സ്. ചാർട്ടേർഡ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്, കോസ്റ്റ് അക്കൗണ്ടൻസി എന്നീ അംഗത്വങ്ങൾക്ക് ഇന്ത്യയിൽ നിയമപരമായ അധികാരങ്ങളുണ്ട്. പക്ഷേ കോഴ്സുകൾ നടത്തുന്ന സ്കൂളോ കോളജോ ഇല്ല. ബന്ധപ്പെട്ട ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന  പാഠങ്ങൾ (സ്റ്റഡി മെറ്റീരിയൽസ്) ഉപയോഗിച്ചുള്ള സ്വയംപഠനത്തിൽ താൽപര്യമുണ്ടാകണം. 

ഇപ്പറഞ്ഞ അംഗത്വങ്ങൾക്കു സമാനമായ ACCA, CIMA, CMA, CPA എന്നീ വിദേശ അംഗത്വങ്ങളും മികച്ച വഴിയിലേക്കു നയിക്കും. കൊമേഴ്സുമായി ബന്ധപ്പെട്ടവയാണ് ചാർട്ടേർഡ് ഫൈനാൻഷ്യൽ അനലിസ്റ്റ്, ഇൻഷുറൻസ് അണ്ടർ–റൈറ്റർ എന്നീ പ്രഫഷനുകൾ. ഇനിയുള്ള കാലത്ത് ശ്രദ്ധേയമാകുന്ന വഴികളാണ്  ഇൻവെസ്റ്റ്മെന്റ് – സെക്യൂരിറ്റീസ്, ഇ–ബിസിനസ്, ഇ–കൊമേഴ്സ്, ബിസിനസ് അനലിറ്റിക്സ്, ക്രെഡിറ്റ് അനാലിസിസ്, ‍ഡിജിറ്റൽ മാർക്കറ്റിങ്, ഫോറിൻ ട്രേഡ്, വൻകിട റിയൽ എസ്റ്റേറ്റ് എന്നിവ. ഇപ്പറഞ്ഞ മേഖലകളിൽ കടന്നെത്താൻ പ്ലസ്ടൂവിൽ കൊമേഴ്സ് പഠിച്ചിരിക്കണമെന്നില്ല. ഏതു ഗ്രൂപ്പുകാർക്കും ഇതിലെല്ലാം പ്രവേശനമുണ്ട്.

ജേണലിസം, ഗെയിമിങ്, മാനേജ്മെന്റ്, ശാസ്ത്രഗവേഷണം എന്നിവയിലും ധാരാളം സാധ്യതകളുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, റൊബോട്ടിക്സ്, മെക്കട്രോണിക്സ്, ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, നാനോടെക്നോളജി എന്നിവ നാളത്തെ കരിയറുകളാണെന്നു പറയാം.

ഏതു രാജ്യത്തിന്റെയും പുരോഗതി വിലയിരുത്തുന്ന സൂചകങ്ങളിലൊന്ന് അവിടെ ഉപയോഗിക്കുന്ന പ്രോസസ്ഡ് ഫുഡിന്റെ തോതാണ്. ജാം, സ്ക്വാഷ്, ബിസ്കറ്റ് തുടങ്ങി സംസ്കരിച്ചെടുത്ത ആഹാരം തീരെക്കുറച്ചു മാത്രമാണ് നാം കഴിക്കുന്നത്. മത്സ്യവും പഴങ്ങളും പോലും പ്രോസസ് ചെയ്യുന്നത് ഇന്ത്യയിൽ കുറവാണ്. ഈ രംഗത്തെ വികസനസാധ്യതയിലേക്ക് ഇക്കാര്യം വിരൽ ചൂണ്ടുന്നു. ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച വർദ്ധിച്ച ബോധവും ഫുഡ് ടെക്നോളജിസ്റ്റുകൾക്കു സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. ഫുഡ് പ്രോസസിങ് വ്യവസായസ്‌ഥാപനങ്ങൾ, ഭക്ഷ്യവസ്‌തു ഗവേഷണകേന്ദ്രങ്ങൾ, മുന്തിയ ഹോട്ടലുകൾ മുതലായവയിലും ഇവർക്ക് അവസരങ്ങളുണ്ട്.

സേവനമേഖല 
ലോകത്തിൽ സേവനമേഖലയുടെ വളർച്ചയിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ് വക്കീൽപ്പണിയും ടൂറിസവും ആതിഥ്യസേവനവും ടാക്സ് കൺസൾട്ടൻസിയും വിനോദവ്യവസായവും മറ്റും സേവനമേഖലയിൽപ്പെടുമെങ്കിലും ഇന്ത്യയിൽ വരുംവർഷങ്ങളിൽ ഏറ്റവുമധികം തഴച്ചു വളരുമെന്നു പ്രതീക്ഷിക്കുന്നത് അഞ്ച് ഇനങ്ങളാണ്. 

1. ഐടി: ഇൻഫർമേഷൻ ടെക്നോളജിയിൽ ലോകത്ത് ഏറ്റവും കൂടുതൽ മതിപ്പുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബിസിനസ് പ്രോസസ് ഔട്‌സോഴ്‌സിങ്, നോളജ് പ്രോസസ് ഔട്‌സോഴ്‌സിങ്  എന്നിവയിലെ സാധ്യതകൾ ദീർഘകാലം തുടരും.

എ) ബിപിഒ – അക്കൗണ്ടിങ്, ആനിമേഷൻ, ബായ്‌ക്ക് ഓഫീസ്, ബാങ്കിങ്, കാൾ സെന്റർ, ചിപ് ഡിസൈൻ, ക്ലിനിക്കൽ റിസർച്ച്, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ട്രാൻസ്ക്രിപ്ഷൻ, കസ്‌റ്റമർ സർവീസസ്, ഡെസ്‌ക് ടോപ് പബ്ലിഷിങ്, ഇൻഷുറൻസ്, ഇൻവോയിസിങ്, നോളജ് സർവീസസ്, പ്രോഡക്‌ററ് ഡിസൈൻ, ടാക്‌സേഷൻ, ടെലിക്കമ്മ്യൂണിക്കേഷൻ, ട്രാവൽ ഏജൻസി, വെബ്‌ഡിസൈൻ.

ബി) കെപിഒ – കൂടുതൽ ധൈഷണികശേഷികളും വിശകലനബുദ്ധിയും വേണം. സമ്പദ് വിശകലനം, ശാസ്‌ത്രഗവേഷണം,  ഉന്നതതല രൂപകല്‌പന മുതലായവ.  ബിപിഒയെ അപേക്ഷിച്ച് കൂടുതൽ പ്രതിഫലം കിട്ടാം.

2. ടെലിക്കമ്യൂണിക്കേഷൻ

3. ആരോഗ്യമേഖല: രോഗനിർണയം, ചികിത്സ, പാരാമെഡിക്കൽ സേവനങ്ങൾ, ഔഷധനിർമ്മാണം, വിതരണം മുതലായവയിലെ അവസരങ്ങൾ ഗണ്യമായി ഉയരും. രോഗനിർണയരീതികൾ പുതുമയെ പുണർന്നതോടെ എക്സ്റേ, അൾട്രാ സൗണ്ട്, മോളിക്യുലർ ഇമേജിങ്, സി. റ്റി. സ്കാൻ, എംആർഐ തുടങ്ങിയ മെഡിക്കൽ ഇമേജിങ് ജോലികൾക്കു സാധ്യത വർദ്ധിച്ചു.

4. അടിസ്ഥാനസൗകര്യവികസനം (ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ്): റോഡ്, റെയിൽവേ, വ്യോമയാനം, ഷിപ്പിങ്, ഊർജ്ജമേഖല, ഖര / ദ്രവ /വാതക ഇന്ധനങ്ങൾ, ജലവിതരണം എന്നിവയിൽ തൊഴിൽസാധ്യത വളരും.

5. റീട്ടെയിലിങ്: വിപണനം അഥവാ മാർക്കറ്റിങ് സുപ്രധാന കരിയറാണ്. 130 കോടിയിലേറെ ജനങ്ങളുള്ള ഇന്ത്യയിലെ ചില്ലറ വ്യാപാരം വികസിത വിദേശരാജ്യങ്ങൾ പോലും നോട്ടമിടുന്ന മേഖലയാണ്. പക്ഷേ ഇന്നും ഇതിന്റെ ഏറിയ പങ്കും അസംഘടിതമായി തുടരുന്നു. അന്തമറ്റ അവസരങ്ങളാണ് റീട്ടെയിൽ വ്യപാരം വാഗ്ദാനം ചെയ്യുന്നത്. ‌‌‌

നല്ല അവസരങ്ങളുള്ള മറ്റു മേഖലകൾ

i) ഗെയിമിങ്: കമ്പ്യൂട്ടർ ഗെയിമുകൾ വീടുകളിലും പൊതുസ്ഥലങ്ങളിലും സർവസാധാരണമായതോടെ കോടികൾ മറിയുന്ന വിനോദവ്യവസായമായി ഇതു മാറി.. ആനിമേഷൻ / മൾട്ടീമീഡിയ മേഖലയിൽ പ്രാവീണ്യമാർജ്ജിച്ചവർക്കു കടന്നെത്താം. 

ഡിജിറ്റൽ മാർക്കറ്റിങ്: കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഓൺലൈൻ പരസ്യങ്ങൾ മുതലായവയുടെ സഹായത്തോടെ നടത്തുന്ന വിപണനമാണ് ഡിജിറ്റൽ മാർക്കറ്റിങ്. ഈ രംഗത്തു പ്രവർത്തിക്കാൻ വെബ് ഡിസൈനിങ്ങിലും മറ്റും വൈദഗ്ധ്യം വേണമെന്ന ധാരണ ശരിയല്ല.  കോപ്പി റൈറ്റിങ്, കണ്ടൻറ് മാനേജ്മെന്റ്, സർച്ച് എൻജിൻ ഓപ്ടിമൈസേഷൻ, മൊബൈൽ ആപ്ലിക്കേഷൻ, ഗ്രാഫിക് ഡിസൈൻ, വിശകലനം, പേ–പെർ ചെക്ക്, ഇ–മെയിൽ മാർക്കറ്റിങ് തുടങ്ങിയ പ്രവർത്തനങ്ങളിലേർപ്പെടാം. ബഹുരാഷ്ട്രക്കമ്പനികൾ ഡിജിറ്റൽ മാർക്കറ്റിങ് ധാരാളമായി ഉപയോഗിക്കുന്നു. 

‍ii) ക്ലിനിക്കൽ സൈക്കോളജി: മന:ശാസ്ത്രം പഠിക്കുന്നവർക്ക് ഏറെ പ്രഫഷനൽ സാദ്ധ്യതകളുള്ള മേഖലയാണ് ക്ലിനിക്കൽ സൈക്കോളജി. 

iii) Earn while you learn : ഈ രീതിനമ്മുടെ നഗരങ്ങളിലും ചെറുതോതിൽ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അനുബന്ധമായി മറ്റൊരു പ്രവണതയും രൂപംകൊള്ളും. ജോലിയിലിരുന്നു പരിചയം നേടി ധനശേഷി വർധിപ്പിച്ച് തുടർന്ന് ഏതു പ്രായത്തിലും പഠിക്കാൻ പോകുന്ന സമ്പ്രദായത്തെപ്പറ്റി നമുക്കും ചിന്തിച്ചുതുടങ്ങാം.  

iv) വീട്ടിലിരുന്നു ജോലി: വീട്ടിലിരുന്നുള്ള ജോലിയെന്ന ശൈലിക്കു ഇനി പ്രചാരം കൂടിവരും. വ്യക്തിഗത ട്യൂഷൻ, ബുക് എഡിറ്റിങ്, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ടെക്നിക്കൽ റൈറ്റിങ്, കാർട്ടൂൺ ആനിമേഷൻ തുടങ്ങിയ ജോലികൾ. ലോകത്തിലെവിടെയുമുള്ള ജോലിയും ഏറ്റെടുക്കാം.

 v) സംരഭകത്വം: നല്ലൊരു ജോലി സമ്പാദിക്കുക എന്ന ലക്ഷ്യമാണ് ഒട്ടുമിക്ക യുവജനങ്ങൾക്കുമുള്ളത്. പക്ഷേ നാലു പേർക്കു ജോലി കൊടുക്കാൻ കഴിയുന്ന ശ്രമങ്ങളിലേർപ്പെടുന്നത് ഇതിനെക്കാൾ മികച്ച പ്രവർത്തനമാണ്.  


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA