sections
MORE

കണക്കു പേടി മാറ്റാന്‍ ആറു വഴികള്‍

maths
SHARE

വിദ്യാർഥി സമൂഹത്തെ പൊതുവായി ബാധിച്ചിരിക്കുന്ന ഒന്നാണു കണക്കിനോടുള്ള ഭയം. പരീക്ഷയടുക്കുമ്പോള്‍ ഈ പേടി അതിന്റെ ഉച്ചസ്ഥായിയിലാകും. അവസാന മിനിട്ടില്‍ ഫോര്‍മുലകളും തിയറികളുമൊക്കെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ തലയ്ക്കു ചുറ്റും അക്കങ്ങള്‍ കിടന്നു വട്ടം കറങ്ങുന്നതു പോലെയൊക്കെ തോന്നിയെന്നും വരാം. 

കണക്കിനോടുള്ള ഈ പേടിയുടെ കാരണം പല വിദ്യാർഥികളിലും പലതാകാം. ഈ പേടിയകറ്റാന്‍ അധ്യാപകര്‍ക്കു നിരവധി കാര്യങ്ങള്‍ ചെയ്യാനാകും. ക്ഷമയോടെ ഓരോ വിദ്യാർഥിയുടെയും പഠനശേഷി മനസ്സിലാക്കിയുള്ള സമീപനത്തിന് ഈ പേടിയെ അകറ്റുന്നതില്‍ സഹായിക്കാനാകും. കണക്കിലെ ആശയങ്ങള്‍ മനസ്സിലാക്കാവുന്ന ചെറിയ യൂണിറ്റുകളായി തിരിക്കുന്നത് അവ മനസ്സിലാക്കാന്‍ എളുപ്പമാക്കും. കുട്ടികള്‍ക്കു ചെറിയ സംശയവുമായി പോലും സമീപിക്കാവുന്ന ആളാണു താനെന്ന് അധ്യാപകനും ഉറപ്പാക്കണം.  ഇത്തരത്തില്‍ അധ്യാപകരുടെ ഭാഗത്തു നിന്നുള്ള അകമഴിഞ്ഞ പിന്തുണ കണക്കിനോടുള്ള വിദ്യാർഥികളുടെ നെഗറ്റീവ് മനോഭാവം പതിയെ മാറ്റാന്‍ സഹായിക്കും. കണക്കിനെ കുറിച്ചുള്ള പേടി മാറ്റാനുള്ള ആറു വഴികള്‍ ഇതാ...

1. പേടിയുണ്ടെന്ന കാര്യം അംഗീകരിക്കുക
കണക്കിനെക്കുറിച്ചുള്ള പേടി ഒഴിവാക്കാനുള്ള ആദ്യ മാര്‍ഗ്ഗം പേടിയുണ്ടെന്ന് അംഗീകരിക്കുകയാണ്. അത് അംഗീകരിച്ചു കഴിഞ്ഞാല്‍ വിഷയം ഉണ്ടാക്കുന്ന സമ്മർദ്ദവും ഭയവും കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാം. 

2. ശ്വസന വ്യായാമം ചെയ്യാം
കണക്കു സമ്മർദ്ദവും ഭയവും വർധിപ്പിക്കുമെന്നതിനാല്‍ മനസ്സിനെ ശാന്തമാക്കാന്‍ ശ്വസന വ്യായാമങ്ങളില്‍ ഏര്‍പ്പെടാം. പ്രശ്‌ന പരിഹാരത്തിനും ക്രിയാത്മക ചിന്തയ്ക്കും ശാന്തമായ മനസ്സ് വളരെ അത്യാവശ്യമാണ്. 

3. ദിവസവും പരിശീലിക്കുക
നിത്യാഭ്യാസി ആനയെ ചുമക്കും എന്നു കേട്ടിട്ടില്ലേ. ഏതു കൊലകൊമ്പന്‍ ഗണിതമാണെങ്കിലും ദിവസവും ചെയ്തു പഠിച്ചാല്‍ വളരെ എളുപ്പം മെരുങ്ങും. വിഷയത്തിലെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കാന്‍ നിരന്തര പരിശീലനം സഹായിക്കും. 

4. യഥാര്‍ത്ഥ ജീവിതത്തില്‍ പ്രയോഗിക്കുക
ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ കണക്ക് ഉള്‍പ്പെടുത്തിയാല്‍ അതു ജീവിതത്തിന്റെ ഭാഗമാകും. കണക്ക് എല്ലായിടത്തും ഉണ്ടെന്ന തിരിച്ചറിവു വിഷയത്തോടുള്ള പേടി അപ്രത്യക്ഷമാക്കും. 

5. ചോദ്യങ്ങള്‍ ചോദിക്കാം
കണക്കു ക്ലാസില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരിക്കലും മടിക്കരുത്. സംശയനിവാരണം ചോദ്യങ്ങളിലൂടെ മാത്രമേ സാധ്യമാകൂ. പിന്നെ ചോദിക്കാം എന്നു പറഞ്ഞു ചോദ്യം ചോദിക്കല്‍ മാറ്റിവയ്ക്കുന്നതു വിഷയം മനസ്സിലാക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. 

6. സഹപാഠികളുടെ സഹായം തേടുക
ഐക്യമത്യം മഹാബലം എന്നതു കണക്കിനെ വരുതിയിലാക്കുന്ന കാര്യത്തില്‍ തികച്ചും സത്യമാണ്. ഒരുമിച്ചു പഠിച്ചാല്‍ കണക്ക് എളുപ്പം പഠിക്കാം. അതു കണക്കു കൂടുതല്‍ രസകരമായ വിഷയവുമാക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN NEWS
SHOW MORE
FROM ONMANORAMA