Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളുകളിലെ അവധി ദിന ക്ലാസുകൾ: ആർക്കും എന്തുമാകാമെന്ന അവസ്ഥ

trivandrum-school-classes-1-12

സംസ്ഥാനത്തെ സ്കൂളുകളിൽ ഏതൊക്കെ അവധി ദിവസങ്ങളിൽ പഠിത്തമുണ്ടെന്ന് അറിയാതെ അധ്യാപകരും വിദ്യാർഥികളും നട്ടം തിരിയുന്നു. അവധിയുടെ തലേന്നായിരിക്കും പിറ്റേന്നു പഠിത്തമുണ്ടെന്ന അറിയിപ്പ് എത്തുക. എഇഒ,‍ ഡിഇഒ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, കലക്ടർ തുടങ്ങിയവരെല്ലാം തങ്ങൾക്കു തോന്നിയപോലെ അവധി ദിവസങ്ങളിൽ ക്ലാസ് വയ്ക്കുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പിൽ ആർക്കും എന്തും ചെയ്യാമെന്നതാണു സ്ഥിതി. പൊതു വിദ്യാഭ്യാസ ഡയറക്ടർ(ഡിപിഐ) നിശ്ചയിക്കുന്ന അവധി ദിന ക്ലാസുകൾക്കു പുറമേയാണ് പലരും അവർക്കു തോന്നിയ പോലെ അവധി ദിനങ്ങൾ സാധ്യായ ദിവസങ്ങളാക്കി മാറ്റുന്നത്.

ഡിപിഐ അധ്യക്ഷനായുള്ള ക്യുഐപി മോനിട്ടറിങ് കമ്മിറ്റിയാണ് ഒരു വർഷം ഏതൊക്കെ അവധി ദിവസങ്ങളിൽ ക്ലാസ് എടുക്കണമെന്ന് അധ്യാപക സംഘടനാ നേതാക്കളുമായി ചർച്ച ചെയ്തു തീരുമാനിക്കുന്നത്. ഇതു പിന്നീട് മാറ്റാറില്ല. ആറാമത്തെ പ്രവൃത്തി ദിവസം ക്ലാസ് എടുക്കുന്നതിനെ അധ്യാപക സംഘടനകളെല്ലാം ശക്തമായി എതിർക്കുകയാണ്. എന്നാൽ പ്രളയ ബാധിത ജില്ലകളിൽ ക്ലാസ് നഷ്ടപ്പെട്ട സാഹചര്യത്തിൽ അതു നികത്തുന്നതിനു ജില്ലാ തലത്തിൽ തീരുമാനമെടുക്കാൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരെ ക്യുഐപി ചുമതലപ്പെടുത്തി. 200 അധ്യയന ദിവസം തികയ്ക്കുന്നതിനു കൂടിയായിരുന്നു ഇത്.

ഈ നിർദേശത്തിന്റെ മറവിൽ എഇഒ, ഡിഇഒ, ഡിഡിഇ, കലക്ടർ എന്നിവർ അവർക്കിഷ്ടമുള്ള പോലെ ക്ലാസ് നിശ്ചയിക്കുകയാണ്. കഴിഞ്ഞ രണ്ടാം ശനിയാഴ്ച ക്ലാസ് നിശ്ചയിച്ച എറണാകുളം കലക്ടറുടെ നടപടിയിൽ ക്യുഐപി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനപ്പുറം എന്തെങ്കിലും ചെയ്യാൻ പൊതുവിദ്യാഭ്യാസ മന്ത്രിക്കോ തലപ്പത്തുള്ളവർക്കോ സാധിക്കുന്നില്ല. ഫെബ്രുവരിയിൽ എസ്എസ്എൽസി മോഡൽ പരീക്ഷയും പ്രാക്ടിക്കലുമെല്ലാം നടക്കുന്നതിനിടെയാണ് അവധി ദിവസങ്ങളിലെ ക്ലാസ്. 200 പ്രവൃത്തി ദിവസം തികയ്ക്കുന്നതിന് ഒന്നു മുതൽ 10 വരെയുള്ളവർക്കു ക്ലാസ് എടുക്കുമ്പോൾ  ഹയർ സെക്കൻഡറിയിൽ ക്ലാസില്ലെന്ന പ്രത്യേകതയുമുണ്ട്. ശനിയാഴ്ച ജോലി ചെയ്യില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം ഹയർസെക്കൻഡറി അധ്യാപകരും.

തിരുവനന്തപുരത്ത് ഒന്നു മുതൽ 10 വരെയുള്ളവർക്കു ഫെബ്രുവരി രണ്ടിനു ക്ലാസ് നടത്തണമെന്നു ഡിഡിഇ നിർദേശിച്ചിരുന്നു. എന്നാൽ അന്നു സുഗമ ഹിന്ദി പരീക്ഷ, സ്റ്റെപ് സബ്ജില്ലാ തല പരീക്ഷകളുണ്ടെന്നു  ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പിന്നീട് ക്ലാസ് വേണ്ടെന്നു  തീരുമാനിച്ചു. തലേന്നു സ്കൂൾ വിട്ട ശേഷമാണ് ഇതു സംബന്ധിച്ച അറിയിപ്പ് എത്തിയത്. ഇതിനു പകരം എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്കിടെ 23ന് ക്ലാസ് വച്ചിട്ടുണ്ട്. കൊല്ലം ഉൾപ്പെടെ പല ജില്ലകളിലും ഫെബ്രുവരി രണ്ടിന് ആറാം പ്രവൃത്തി ദിവസം  ക്ലാസ് നിശ്ചയിച്ചിട്ടുണ്ട്. സുഗമ ഹിന്ദി പരീക്ഷ മൂലം ക്ലാസ് നടത്താൻ സാധിക്കാത്തവർ മറ്റൊരു ദിവസം നടത്തണമെന്നാണ് നിർദേശം.

പ്രളയം കാര്യമായി ബാധിക്കാത്ത ജില്ലകളിലും എല്ലാ ശനിയാഴ്ചകളിലും ക്ലാസ് വയ്ക്കുകയാണ്. സ്കൂളിലെ മറ്റു പ്രധാന പരിപാടികളെല്ലാം ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിലാണു സംഘടിപ്പിക്കുന്നത്. ശനിയാഴ്ച ക്ലാസ് വച്ചാലും ഭൂരിപക്ഷം വിദ്യാർഥികളും എത്താറില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. വഴിപാടു പോലെ അവധി ദിവസങ്ങളിൽ ക്ലാസ് വച്ച് ആരെയോ ബോധ്യപ്പെടുത്തുകയാണു പൊതു വിദ്യാഭ്യാസ വകുപ്പ്.

More Campus Updates>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.