ADVERTISEMENT

സാമൂഹിക പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും സാമൂഹിക മാറ്റത്തെക്കുറിച്ചും സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുമായി യുനിസെഫ്. അമേരിക്കയിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയുമായി ചേര്‍ന്നാണിത്. 

ഒരു തിയറിയും ഒരു പ്രാക്ടിക്കല്‍ ഭാഗവും അടങ്ങുന്ന കോഴ്‌സിന്റെ ദൈര്‍ഘ്യം നാല് ആഴ്ചയാണ്. ഇംഗ്ലിഷാണ് മാധ്യമം. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ക്രിസ്റ്റീന ബിച്ചിറിയാണ് കോഴ്‌സ് ഇന്‍സ്ട്രക്ടര്‍. 

ആചാരങ്ങളും മാമൂലുകളും പോലുള്ള സാമൂഹിക നിര്‍മിതികളും പെരുമാറ്റച്ചട്ടങ്ങളും എങ്ങനെ വേര്‍തിരിച്ചറിയാമെന്ന് കോഴ്‌സിന്റെ ആദ്യ ഭാഗം പഠിപ്പിക്കുന്നു. പുതിയ സാമൂഹിക പെരുമാറ്റച്ചട്ടങ്ങള്‍ രൂപീകരിക്കുമ്പോഴും നിലവിലുള്ള ദോഷകരമായ ചട്ടങ്ങള്‍ ഇല്ലാതാക്കുമ്പോഴും ഫലപ്രദമായ നയരൂപീകരണം നടത്താന്‍ ഈ തിരിച്ചറിവു സഹായകമാകും. 

സാമൂഹിക പെരുമാറ്റച്ചട്ടങ്ങളെയും അവയെ പിന്തുണയ്ക്കുന്ന പ്രതീക്ഷകളെയും എങ്ങനെ അളക്കാമെന്നും അവ ഏതെങ്കിലും പ്രത്യേക പെരുമാറ്റരീതിക്കു കാരണമാകുന്നുണ്ടോ എന്നു കണ്ടെത്തുന്നത് എങ്ങനെയെന്നും കോഴ്‌സ് പഠിപ്പിക്കും. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ശൈശവ വിവാഹം, ലൈംഗിക അതിക്രമം, ശുചിത്വ ശീലങ്ങള്‍ തുടങ്ങിയ വിഷയങ്ങളും കോഴ്‌സ് ചര്‍ച്ച ചെയ്യുന്നു. 

കോഴ്‌സിന്റെ രണ്ടാം ഭാഗം സാമൂഹിക മാറ്റത്തെയും അതിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങളെയും പരിശോധനയ്ക്കു വിധേയമാക്കുന്നു. ആദ്യ ഭാഗത്തു പഠിച്ച കാര്യങ്ങള്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കാനുള്ള പരിശീലനവും രണ്ടാം ഭാഗത്തു നല്‍കുന്നു. കോഴ്‌സ് സൗജന്യമാണെങ്കിലും സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ അതിനായി പണം മുടക്കേണ്ടി വരും. കോഴ്‌സ്ഇറ പ്ലാറ്റ്‌ഫോമില്‍ സൗജന്യ കോഴ്‌സ് ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com