ADVERTISEMENT

കരഞ്ഞു കലങ്ങിയ കണ്ണുകൾ. ആലിംഗനങ്ങൾ ആശ്വാസത്തിന്റെ കുപ്പായമാകുന്ന ദിനം. ഓർമകളുടെ കണക്കുപുസ്തകത്തിൽ നിന്നു കൂട്ടം തെറ്റിയെത്തുന്ന നിമിഷങ്ങൾ‌ വരികളായി ഓട്ടോഗ്രാഫ് ബുക്കിന്റെ താളുകളിൽ പതിയുമ്പോൾ മനസ്സിൽ നിഴലിക്കുന്ന അനേകം ചോദ്യങ്ങളിൽ പ്രഥമസ്ഥാനം ഒന്നിനു മാത്രം. ഇനി തമ്മിൽ കാണുമോ? സ്കൂൾ കാലത്തെ യാത്രയയപ്പു യോഗങ്ങളെക്കുറിച്ചോർക്കുമ്പോൾ പലരുടെയും മനസ്സിനെ വീർപ്പുമുട്ടിക്കുന്ന ഈ സുന്ദരനിമിഷങ്ങളും കാലചക്രത്തിൽ മറയാൻ ഒരുങ്ങുകയാണ്. കണ്ണീരും കിനാവും നിറഞ്ഞ വേർപിരിയലിന് പകരം, സ്കൂളുകളിലെ യാത്രയയപ്പു വേദികളിൽ ഉയരുന്നത് ആഘോഷത്തിന്റെ മാറ്റൊലികളാണ്.

കാലം മാറി, ഒപ്പം കുട്ടികളും
തമ്മിൽ അകലാതെ കൂടെ നിർത്താൻ മൊബൈലും ഇമെയിലും സമൂഹമാധ്യമങ്ങളുമുള്ളപ്പോൾ ആരും കൂട്ടം തെറ്റിപ്പോകില്ലെന്ന് ആണയിടുന്നു വിദ്യാർഥികൾ. അങ്ങനെയെങ്കിൽ യാത്രയയപ്പു യോഗത്തിന്റെ ആവശ്യമെന്താണ് എന്ന ചോദ്യത്തിനുമുണ്ട് വ്യക്തമായ മറുപടി. എല്ലാം മറന്ന് ആസ്വദിക്കാൻ ഒരു ദിനം. അങ്ങനെയാണ് സ്കൂളുകളിലെ ഫെയർവെൽ, സെന്റ്ഓഫ് പാർട്ടികളെ പുതുതലമുറ കാണുന്നത്. മിക്ക സ്കൂളുകളിലും സ്റ്റഡിലീവിന് മുൻപാണ് യാത്രയയപ്പു ചടങ്ങ്. 

തൊട്ടുപിന്നാലെ വാർഷിക പരീക്ഷയ്ക്കും പ്രവേശന പരീക്ഷകൾക്കും തയാറെടുപ്പുകൾ നടത്തേണ്ടതിനാൽ മുന്നോട്ടുള്ള ദിവസങ്ങൾ തള്ളിനീക്കാനുള്ള ഊർജശേഖരണമെന്ന നിലയിലാണ് വിദ്യാർഥികൾ ഈ ദിവസത്തെ ആഘോഷ പരിപാടികളെ കാണുന്നത്. എന്നാൽ, ഈ ആഘോഷങ്ങൾ നാലാൾ അറിയുകയും വേണമെന്നതാണ് പരിപാടികളിലെ രഹസ്യ അജൻഡ. സമൂഹ മാധ്യമങ്ങൾ സഹായത്തിനുള്ളതിനാൽ ആ വിഷയത്തിൽ ആർക്കും പേടിയില്ല. മിക്ക സ്കൂളുകളിലും പരിപാടികളും പ്രവർത്തനങ്ങളും നടപ്പാക്കുന്നത് വിദ്യാർഥികൾ തന്നെയാണ്. 

എന്നാൽ, കുട്ടികളുടെ പരിപാടികളും പ്രവർത്തനങ്ങളും അതിർവരമ്പുകൾ ലംഘിക്കുന്നുണ്ടോയെന്ന് അറിയാൻ അധ്യാപകരുടെ ദൃഷ്ടി പിന്നാലെ തന്നെയുണ്ട്. വിവിധ സ്കൂളുകളിൽ വൈവിധ്യമാർന്ന പരിപാടികളാണ് നടത്തുന്നതെങ്കിലും മിക്ക സ്കൂളുകളിലും കണ്ടുവരുന്ന ട്രെന്‍ഡിനെ പരിചയപ്പെടാം.

dance-1

ഗ്രാൻഡ് എൻട്രി
ഫെയർവെൽ ദിനത്തിൽ സ്കൂളിന്റെ പടിയിറങ്ങാൻ വെമ്പൽ കൊള്ളുന്ന വിദ്യാർഥികളെ കാത്തിരിക്കുന്നത് താരനിശകളിൽ മാത്രം കാണുന്ന റെഡ് കാർപറ്റ് മുതൽ ശിങ്കാരി മേളം വരെയാണ്. പ്രവേശനകവാടങ്ങളിൽ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ വിവിധ ഫ്രെയിമുകളാണ് ഒരിടത്തെങ്കിൽ അനുമോദന സന്ദേശങ്ങളും വെൽക്കം ഡ്രിങ്ക് അടക്കമുള്ളവയാണ് മറ്റു ചിലരെ കാത്തിരിക്കുന്നത്. കാറും ബൈക്കും അടക്കമുള്ള വാഹനങ്ങളിൽ എത്തുന്നവരുണ്ടെങ്കിലും സ്കൂളിനുള്ളിൽ‌ പ്രവേശിപ്പിക്കാത്തതിനാൽ സ്വീകരണവും ആർപ്പുവിളിയുമെല്ലാം സ്കൂൾ പ്രവേശന കവാടത്തിൽ അവസാനിക്കും. ആരാധകർക്ക് തുല്യമായി സ്കൂളിലെ ജൂനിയർ കുട്ടികളും വട്ടം കൂടുന്നതോടെ പിന്നെ സ്റ്റൈലൻ റെഡ്കാർപറ്റ് എൻട്രി. സെൽഫികളും ഗ്രൂപ്പികളും അടക്കമുള്ള കലാപരിപാടികൾക്കു ശേഷം എല്ലാവരും ഒത്തുകൂടും ‘ആ വർണമനോഹര തീരത്ത്....’

അണിഞ്ഞൊരുങ്ങി ഹാൾ
മിന്നിത്തിളങ്ങുന്ന അലങ്കാര ലൈറ്റുകൾ, ഉരുകി പ്രകാശിക്കുന്ന മെഴുകുതിരികൾ, നൂലിൽ കെട്ടിയാടുന്ന ആശംസാ കാർഡുകളും ചിത്രങ്ങളും... മാസങ്ങളുടെ തയാറെടുപ്പിനും ബജറ്റിനും അനുസൃതമായി ഹാൾ അങ്കണങ്ങൾ ഇപ്രകാരം അണിയിച്ചൊരുക്കുന്നത് വിദ്യാർഥികൾ തന്നെ. അധ്യാപകരുടെയും വിദ്യാർഥികളുടെയും അനുഭവങ്ങളും ആശംസകളും പങ്കുവച്ചാൽ പിന്നെ രസകരമായ ഗെയിമുകളും കലാപരിപാടികളും മാത്രം. 

ഗാനമേളയിൽ തുടങ്ങി മണിക്കൂറുകളോളം നീളുന്ന പരിപാടി പിന്നീട് അരങ്ങു തകർക്കുന്ന നൃത്തത്തിലേക്കു കടക്കും. അതിനായി പ്രത്യേകം തയാറാക്കിയ ഡാൻസ്ഫ്ലോറുമുണ്ട്. മലയാളത്തിലെയും ബോളിവുഡിലെയും ഗാനങ്ങൾക്കൊപ്പം ചിലപ്പോൾ നാടൻപാട്ടുകളും വേദിയിലിടം നേടും. ഒടുവിൽ വിശപ്പിന്റെ വിളിയിൽ ചുവടുകൾ തെറ്റിത്തുടങ്ങുമ്പോൾ കണ്ണുകളെത്തുന്നത് വിഭവ സമൃദ്ധമാണ് വെജ്, നോൺ വെജ് വിഭവങ്ങളുടെ മുന്നിൽ. പലയിടത്തെയും പ്രിയ താരങ്ങൾ ബിരിയാണിയും ഫ്രൈഡ്റൈസും പൊറോട്ടയും തന്നെ. അതിനും ഒറ്റവരിയിൽ കാരണമുണ്ട്. കുറഞ്ഞ ചെലവിൽ കൂടുതൽ ആളുകളുടെ വയർ നിറയ്ക്കാം. ഒടുവിൽ സ്കൂളിനു ചുറ്റും റോന്ത് ചുറ്റി, ക്ലാസ്മുറികളിലും വരാന്തയിലും പൂന്തോട്ടത്തിലും ഒറ്റയ്ക്കും കൂട്ടമായും എടുക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും സ്റ്റോറികളാക്കുന്നതോടെ വണ്ടി പിടിക്കും വീടുകളിലേക്ക്...

സ്റ്റൈലിൽ നോ കോംപ്രമൈസ്
പുതുവർഷം ആരംഭിക്കുമ്പോൾ തന്നെ യാത്രയയപ്പ് ആഘോഷ ചർച്ചകൾക്ക് ചൂടുപിടിക്കും. അതേസമയം, ആൺകുട്ടികളും പെൺകുട്ടികളും എറ്റവുമധികം ചർച്ച ചെയ്യുന്നത് താരങ്ങളാവുന്ന ദിനം അണിയാനുള്ള വസ്ത്രങ്ങളെക്കുറിച്ചു തന്നെ. യൂണിഫോം ധരിക്കുന്നതിൽ ഇളവു കിട്ടുമെന്നതിനാൽ യാത്രയപ്പു പരിപാടികൾ ഫാഷൻ പരീക്ഷണ ഗോദകൾ കൂടിയാവുകയാണ്.

ഫോർമൽസ് വിത്ത് ക്ലാസി ലുക്കാണ് ആൺകുട്ടികളുടെ ഫേവറിറ്റെങ്കിൽ പരമ്പരാഗത വസ്ത്രങ്ങളും ഇന്തോ വെസ്റ്റേണുമാണ് പെൺകുട്ടികളുടെ ഇടയിൽ ട്രെൻഡിങ്. ബ്ലേസേഴ്സ് വിത്ത് റൗണ്ട്, വീ നെക്ക് ടീഷർട്ടോ ഫോർമൽ ഷർട്ടോ തിരഞ്ഞെടുക്കാൻ ആൺകുട്ടികൾ തപ്പിത്തടയുമ്പോൾ പെൺകുട്ടികൾ കുരുക്കിലാവുന്നത് സാരി ഉടുക്കുന്നതിൽ. 

പലർക്കും സാരി ഉടുക്കാൻ അറിയാമെങ്കിലും ‘പെർഫക്‌ഷൻ’ ആണ് പ്രശ്നമെന്ന് പറയുന്നു പെൺകുട്ടികൾ. ആക്സസറീസിലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറല്ല. വാട്സാപ്പിലൂടെ വിഡിയോ കോൾ നടത്തിയും ചിത്രങ്ങൾ അയച്ചുമാണ് പലരും തീരുമാനത്തിലെത്തുന്നത്. 

പാദരക്ഷകളുടെ കാര്യത്തിലും നോ കോംപ്രമൈസ്. ബ്രൂഗ്സും സ്നീക്കേഴ്സും ലോഫേഴ്സും ആൺകുട്ടികൾ അണിയുമ്പോൾ കിറ്റൻ ഹീൽസും വെഡ്ജുമടക്കമുള്ളവയാണ് പെൺകുട്ടികൾ തിരഞ്ഞെടുക്കുന്നത്.

എന്നാൽ യൂണിഫോമായി വസ്ത്രം അണിയുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ ആൺകുട്ടികൾ ചുമപ്പ്, കറുപ്പ്, പച്ച അടക്കമുള്ള ഒറ്റ കളർ മുണ്ടുകളുടെ ഒപ്പം ചേരുന്ന ഷർട്ടുകൾ‌ കൂട്ടമായി തയ്പിക്കാൻ പായുമ്പോൾ പെൺകുട്ടികൾ യുണിഫോം സാരിയിലാവും ശ്രദ്ധ. എല്ലാം വിദ്യാർഥികൾ ആവശ്യപ്പെടുന്ന രീതിയിലാണ് തയ്ക്കുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്നു തയ്യൽക്കട ഉടമകൾ.

ബജറ്റും പ്ലാനിങ്ങും
തൊട്ടടുത്ത സ്കൂളിനെക്കാളും ഒരുപടി മുന്നിൽ നിൽക്കണം തങ്ങളുടെ ഫെയർവെൽ പാർട്ടിയെന്ന് ചിന്തിക്കുന്ന വിദ്യാർഥികളാണ് ഏറെയും. അതിനാൽ തയാറെടുപ്പുകളും പരിപാടികളും മാസങ്ങൾക്ക് മുൻപു തന്നെ ആരംഭിക്കണം. വിവിധ കമ്മിറ്റികളുടെ രൂപീകരണമാണ് ആദ്യം. ഭക്ഷണം, അലങ്കാരം, കലാപരിപാടികൾ, സ്വാഗതം, ഫോട്ടോ– വിഡിയോ തുടങ്ങി വിവിധ കമ്മിറ്റികളിലേക്ക് വിദ്യാർഥികൾ ചേക്കറും. ട്രഷറർ ആയി ഒരാളെ തിരഞ്ഞെടുത്ത ശേഷം ബജറ്റിലേക്ക് കടക്കും. മിക്ക സ്കൂളിലും വിദ്യാർഥികൾ തന്നെ പണം മുടക്കുന്നതിനാൽ വിവിധ ചർച്ചകൾക്കു ശേഷം വിദ്യാർഥികൾ ഒന്നടങ്കം തീരുമാനിക്കുന്ന നിശ്ചിത തുകയാണ് പാർട്ടിയുടെ ഫണ്ട്. പിന്നീട്, സംസ്ഥാന ബജറ്റ് തോറ്റു പോകുന്ന കണക്കുകൂട്ടലുകളിലൂടെയാണ് വിദ്യാർഥികൾ സഞ്ചരിക്കുക. ഫുഡിലും ഹാൾ ഡെക്കറേഷനിലും പിശുക്കു കാണിക്കില്ലെങ്കിലും എവിടെല്ലാം കുറയ്ക്കാമോ, അവിടെല്ലാം പരമാവധി ചെലവു ചുരുക്കിയാവും ആഘോഷം ആസൂത്രണം ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com