പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കാൻ 9 മാർഗങ്ങൾ

indian-high-school
SHARE

പരീക്ഷാക്കാലം മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരു പോലെ സമ്മര്‍ദ്ദം നൽകുന്നവയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരീക്ഷാക്കാലത്തെ സമ്മർദ്ദത്തെ അതിജീവിച്ചു മികച്ച വിജയം സ്വന്തമാക്കുവാൻ വിദ്യാർഥികൾക്കാവും. അതിനു സഹായകരമായ ഏതാനും നിർദ്ദേശങ്ങളാണ് ചുവടെ കൊടുക്കുന്നത്. 

1. പഠനത്തിനായി ആവശ്യത്തിനു സമയം നീക്കിവയ്ക്കുക. പലയാളുകളും പഠനം അവസാന നിമിഷത്തേക്കു മാറ്റിവയ്ക്കുന്നവരാണ്. എന്നാൽ ഇതൊരു നല്ല നടപടിയല്ല. പരീക്ഷകളുടെ എണ്ണം, ലഭ്യമായ സമയം, വിഷയം പഠിച്ചു തീർക്കുവാനുള്ള ബുദ്ധിമുട്ട് ഇവയുടെ അടിസ്ഥാനത്തിൽ ഒരു ടൈംടേബിൾ തയ്യാറാക്കുക. ഇതു പരീക്ഷയ്ക്ക് ഒരുങ്ങുമ്പോഴുള്ള സമ്മർദ്ദം കുറയ്ക്കുവാൻ സഹായകരമാകും. 

2. പഠന സ്ഥലം ക്രമീകരിക്കുക
പഠനസ്ഥലം വൃത്തിയുള്ളതും, ചിട്ടയായി ക്രമീകരിച്ചിരിക്കുന്നതുമാണെന്ന് ഉറപ്പു വരുത്തുക. പുസ്തകങ്ങൾ പഠിക്കേണ്ടതിന്റെ പ്രാധാന്യമനുസരിച്ചു അടുക്കി വയ്ക്കുക. പഠന സ്ഥലം ഭക്ഷണം കഴിക്കുവാനോ, ടി.വി കാണുവാനോ ഒന്നും ഉപയോഗിക്കരുത്. അങ്ങനെയാണെങ്കിൽ പഠിക്കുവാനിരിക്കുമ്പോൾ ടിവി കാണുവാനും, ഭക്ഷണം കഴിക്കുവാനുമൊക്കെയുള്ള തോന്നല്‍ ഉണ്ടാകുവാനിടയുണ്ട്. 

3. ചോദ്യ പേപ്പറുകള്‍ ചെയ്തു പരിശീലിക്കുക. 
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ, അല്ലെങ്കിൽ പത്തുവർഷത്തെ ചോദ്യപേപ്പറുകൾ ചെയ്തു പരിശീലിക്കുന്നതു പരീക്ഷയുടെ രീതി മനസ്സിലാക്കുന്നതിനും, ഉത്തരം എഴുതുമ്പോഴുള്ള തെറ്റുകൾ തിരുത്തുന്നതിനും സഹായകരമാകും. ചോദ്യങ്ങൾ ആവർത്തിക്കുന്ന പ്രധാനപ്പെട്ട ഭാഗങ്ങൾ ഏതാണെന്നു മനസ്സിലാക്കുന്നതിനും ഇതു സഹായകരമാണ്. 

4. പ്രാർഥനയ്ക്കായി സമയം കണ്ടെത്തുക
പരീക്ഷാക്കാലത്തെ ടെൻഷനെ നേരിടുവാനുള്ള മികച്ച മാർഗ്ഗമാണ് പ്രാർത്ഥന. മനസ്സിനെ ശാന്തമാക്കുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ശുഭാപ്തി വിശ്വാസമുള്ളവരായിത്തീരുന്നതിനും പ്രാർഥന സഹായകരമാണ്. 

5. കുറിപ്പുകൾ /ചാർട്ടുകൾ തയ്യാറാക്കുക
ഓരോ വിഷയവും പഠിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട കുറിപ്പുകളും, ചാർട്ടുകളും തയ്യാറാക്കുക. പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള റിവിഷനും ഇതു വളരെ സഹായകരമാണ്. ഓർമ്മയിൽ കാര്യങ്ങൾ നിലനിർത്തുന്നതിന് ചിത്രങ്ങളും ഗ്രാഫുകളും സഹായകരമാണ്.  

6. ബന്ധപ്പെടുത്തി പഠിക്കുക
നമ്മുടെ മനസ്സിൽ രൂഢമൂലമായിട്ടുള്ള ആളുകൾ, വർഷങ്ങൾ, സ്ഥലങ്ങൾ ഇവയൊക്കെയായി ബന്ധപ്പെടുത്തി കാര്യങ്ങൾ പഠിക്കുന്നതു വളരെ സഹായകരമാണ്. 

ഉദാഹരണമായി ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ അവസാനം ചേർക്കപ്പെട്ട ഭാഷകൾ മൈഥിലി, ബോഡോ, ഡോഗ്രി, സന്താളി എന്നിവയാണ്. ഇത് ഓർത്തിരിക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ മൈഥിലി എന്ന പെൺകുട്ടി BDS പൂർത്തിയാക്കി ദന്തഡോക്ടറായതിനെക്കുറിച്ച് ആലോചിക്കുക. അപ്പോൾ മൈഥിലി BDS എന്ന സൂത്രവാക്യം നമുക്ക് രൂപപ്പെ ടുത്താനാകും. ബോഡോ, ഡോഗ്രി, സന്താളി എന്നിവയുടെ ചുരുക്കെഴുത്താണ് BDS.

ഇത്തരത്തിൽ ലോജിക്കൽ അല്ലാത്ത കാര്യങ്ങളുമായി ബന്ധ പ്പെടുത്തിപഠിക്കുന്നത് മനസ്സിൽ ഓർത്തിരിക്കാൻ സഹായകരമാണ്. 

7. ചർച്ച ചെയ്ത് പഠിക്കുക / മറ്റുള്ളവരെ പഠിപ്പിക്കുക. 
ഗ്രൂപ്പ് സ്റ്റഡിയുടെ ഏറ്റവും വലിയ നേട്ടം കാര്യങ്ങൾ ചർച്ച ചെയ്തു പഠിക്കാം എന്നുള്ളതാണ്. ഒറ്റയക്കു പഠിക്കുമ്പോഴുള്ള വിരസത ഒഴിവാക്കാനും ഇതു സഹായകരമാണ്. പഠിച്ച കാര്യങ്ങൾ മറ്റുള്ളവരെ പറഞ്ഞു കേൾപ്പിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും ഓർമ്മശക്തിയെ ഉണർത്തും. പഠനം രസകരമാക്കുന്നതിനും ഗ്രൂപ്പ് സ്റ്റഡി സഹായകരമാണ്. എന്നാൽ ഗ്രൂപ്പ് സ്റ്റഡിയുടെ സമയത്തു പഠനവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്യുന്നതും സമയം പാഴാക്കുന്നതും ഒഴിവാക്കുക. 

8. പഠനത്തിനിടയിലെ ഒഴിവു വേളകൾ 
നിശ്ചിത സമയത്തിനിടയ്ക്ക് ഒരു ബ്രേക്ക് എടുക്കുന്നതു പഠനം മികവുറ്റതാക്കാൻ സഹായിക്കും. ഈ സമയത്തു പത്രം വായിക്കുകയോ, വെയിൽ കായുകയോ, നടക്കുകയോ ഒക്കെ യാകാം. പ്രഭാതത്തിലെ സൂര്യ രശ്മികളേറ്റു നടക്കുന്നത് വിറ്റമിൻ ഡി ലഭിക്കുന്നതിനു സഹായകരമാകും. ആരോഗ്യകരമായ തലച്ചോറിനു വിറ്റമിൻ ഡി വളരെ പ്രാധാന്യമേറിയതാണ്. 

9. പരീക്ഷാ ദിവസം
പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പെങ്കിലും, പരീക്ഷാ ഹാളിലെത്തുക. ഓരോ ഉത്തരവും എഴുതുന്നതിനു വേണ്ട സമയം ക്രമീകരിക്കുക. ചോദ്യപേപ്പർ വായിച്ചു പരീക്ഷയുടെ രീതി മനസ്സിലാക്കുക. ഒരു കുപ്പിയിൽ വെള്ളം കരുതുക. പെൻസിൽ, റബ്ബർ, പേനകൾ ഇവയൊക്കെ കയ്യിൽ കരുതുക. വാച്ച് ഉപയോഗിക്കുന്നത് സമയബന്ധിതമായി പരീക്ഷ പൂർത്തിയാ ക്കുന്നതിനു സഹായകരമാകും. നിങ്ങൾ ഏറ്റവും മികച്ച രീതിയിൽ പരീക്ഷയെഴുതും എന്നു നിങ്ങളുടെ ഉപബോധമനസ്സിന് ശക്തമായ ആജ്ഞ നല്കുക. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA