ADVERTISEMENT

പച്ച മലയാളത്തിന്റെ ആദ്യ ബാച്ചിൽ കോളജ് പ്രിൻസിപ്പലും ! പത്തനംതിട്ട ഇലന്തൂർ ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.ആർ. രാജശ്രീയാണ് സാക്ഷരതാ മിഷന്റെ മലയാളം കോഴ്സിൽ പഠിച്ച് വിജയിച്ചത്. തിരുവനന്തപുരം പാപ്പനംകോട് ഇഞ്ചിപ്പുല്ല് വിള സി. രാഘവന്റെയും (റെയിൽവേ റിട്ട. ഉദ്യോഗസ്ഥൻ) ഡി. രാജമ്മയുടെയും (ടെലിഫോൺ എക്സ്ചേഞ്ച് റിട്ട. ഉദ്യോഗസ്ഥ) മകളാണ് രാജശ്രീ. ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ചെന്നൈയിലാണ്. 

അച്ഛനും അമ്മയ്ക്കും അവിടെയായിരുന്നു ജോലി. 1990 –ൽ സർക്കാർ കോളജിൽ അധ്യാപികയായി രാജശ്രീക്കു ജോലി കിട്ടി. കൂത്താട്ടുകുളം മണിമലക്കുന്ന് കോളജിലായിരുന്നു ആദ്യ നിയമനം. പിന്നീട് എറണാകുളം മഹാരാജാസിൽ 18 വർഷം പഠിപ്പിച്ചു. 

ജൂണിൽ ഇലന്തൂർ ഗവ. കോളജിലേക്കു പ്രിൻസിപ്പലായി സ്ഥാനക്കയറ്റം കിട്ടി. പ്രിൻസിപ്പലായതോടെ ഔദ്യോഗിക കത്തിടപാടുകൾ നടത്തുന്നതിനു ബുദ്ധിമുട്ടായി. കാരണം ഭരണ ഭാഷ മലയാളത്തിൽ വേണമെന്നാണ് ചട്ടം.  മലയാളം വായിക്കാനും എഴുതാനും അറിയാത്തതു  പ്രശ്നമായി. അങ്ങനെയാണ് 4 മാസം മുൻപ് സാക്ഷരതാ മിഷന്റെ പച്ച മലയാളം കോഴ്സിനു ചേരാൻ തീരുമാനിച്ചത്. വയസ്ക്കരക്കുന്ന് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ കേന്ദ്രത്തിലാണ് പഠിച്ചത്. അവധി ദിവസങ്ങളിലായിരുന്നു പഠനം. 

കഴിഞ്ഞ ദിവസം കോഴ്സ് പൂർത്തിയാക്കി. ഫിഷറീസ് വകുപ്പിൽ നിന്നു വിരമിച്ച ഭർത്താവ് ഡോ. ടി.കെ. തങ്കപ്പനും രണ്ടു മക്കളും മലയാളം പഠനത്തെ പ്രോത്സാഹിപ്പിച്ചെന്നും രാജശ്രീ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com