ADVERTISEMENT

പകര്‍ച്ചവ്യാധി പോലെ ആത്മഹത്യാ പ്രവണത പടര്‍ന്നു പിടിച്ച ഒരു ഗ്രാമം. ഈ ഗ്രാമത്തിലെ  സ്‌കൂളിലേക്കു ജോലിക്കെത്തുന്ന ഒരു അധ്യാപകന്‍. അധ്യാപകന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം വിദ്യാർഥികള്‍ ആത്മഹത്യയ്‌ക്കെതിരെ ബോധവത്ക്കരണവുമായി രംഗത്തിറങ്ങുന്നു. പതിയെ പതിയെ ആത്മഹത്യാ നിരക്കു കുറയുന്നു. ഇന്ന് ഈ ഗ്രാമത്തില്‍ ആരും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നു കൂടിയില്ല. ഇതൊരു കഥയോ, സിനിമയ്ക്കു വേണ്ടി എഴുതപ്പെട്ട സ്‌ക്രിപ്‌റ്റോ അല്ല. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നടന്ന യഥാർഥ സംഭവമാണ്. 

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലുള്ള നീഡമംഗലം എന്ന ഗ്രാമമാണ് ആത്മഹത്യകളുടെ പേരില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ചിരുന്നത്. 1995നും 2011നും ഇടയില്‍ ഇവിടെ നടന്ന 92 മരണങ്ങളില്‍ 83ഉം ആത്മഹത്യ മൂലമായിരുന്നു. വീട്ടിലെ ചെറിയ വഴക്കോ, അയല്‍ക്കാരനുമായി ഉണ്ടാകുന്ന കശപിശയോ പോലും ആത്മഹത്യയിലേക്കു നയിക്കുന്ന അവസ്ഥ. പ്രശ്‌നത്തിന്റെ ഗൗരവം ആദ്യം തിരിച്ചറിഞ്ഞതു ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപകനായ ആനന്ദ് ത്യാഗരാജന്‍ ആയിരുന്നു. 

അധ്യാപക രക്ഷകര്‍തൃ യോഗങ്ങളില്‍ പല കുട്ടികളുടെയും മാതാപിതാക്കള്‍ എത്താതിരിക്കുന്നത് ആനന്ദിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാരണം അന്വേഷിച്ചപ്പോള്‍ ഭൂരിപക്ഷം വിദ്യാർഥികള്‍ക്കും മാതാപിതാക്കളെ ആത്മഹത്യയെ തുടര്‍ന്നു നഷ്ടപ്പെട്ടതായി മനസ്സിലായി. ചെറു പ്രായത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആനന്ദിനു വിദ്യാർഥികളുടെ ദുഃഖവുമായി എളുപ്പം താദാത്മ്യം പ്രാപിക്കാന്‍ സാധിച്ചു. ഇതിനൊരു പരിഹാരം കാണാന്‍ ആനന്ദ് വിദ്യാർഥികളെയും കൂട്ടിയിറങ്ങി.  

ഗ്രാമത്തിലുള്ളവരെ ഉപദേശിക്കാനാണ് ആനന്ദ് ആദ്യം ശ്രമിച്ചത്. അതിനു പക്ഷേ ഉദ്ദേശിച്ച തരത്തിലുള്ള പ്രതികരണം ലഭിച്ചില്ല. രണ്ടാം വട്ടം വിദ്യാർഥികളെയും കൂടി ബോധവത്ക്കരണത്തിന്റെ ഭാഗമാക്കി. സ്‌കൂളിലെ വാര്‍ഷികാഘോഷ ചടങ്ങില്‍ വിദ്യാർഥികള്‍ ആത്മഹത്യ പ്രമേയമാക്കി ഒരു നാടകം അവതരിപ്പിച്ചു. 

ഒരു ചെറിയ വീട്ടുതര്‍ക്കം കുടുംബത്തിലെ മുതിര്‍ന്നവരുടെ ആത്മഹത്യയിലേക്കു നയിക്കുന്നതും അതിലൂടെ കുട്ടികള്‍ അനാഥരാക്കപ്പെടുന്നതും അവര്‍ ജീവിക്കാനായി തെരുവില്‍ ഭിക്ഷയെടുക്കുന്നതും നാടകത്തിലൂടെ കുട്ടികള്‍ ഹൃദ്യമായി അവതരിപ്പിച്ചു. ഇതിനു ഗ്രാമത്തില്‍ വന്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചു. ആത്മഹത്യയുടെ പ്രത്യാഘാതങ്ങളെ പറ്റിയൊക്കെ ഗ്രാമവാസികള്‍ ആദ്യമായി ഗൗരവതരമായ ചര്‍ച്ചകള്‍ ആരംഭിച്ചു. 

തുടര്‍ന്ന് ഈ വിഷയത്തില്‍ ബോധവത്ക്കരണ റാലികളും തെരുവു നാടകങ്ങളും ആനന്ദും വിദ്യാർഥികളും ചേര്‍ന്നു സംഘടിപ്പിച്ചു. അടുത്ത ഘട്ടത്തില്‍ ഒരു സന്നദ്ധ സംഘടനയുമായി ചേര്‍ന്നു ഗ്രാമത്തിലെ യുവാക്കളെ ചേര്‍ത്തു ഡയമണ്ട് ബോയ്‌സ് എന്നൊരു യൂത്ത് ക്ലബ് ഇവര്‍ ആരംഭിച്ചു. ക്ലബ് അംഗങ്ങള്‍ ഗ്രാമത്തിലെ 380 വീടുകളിലും കയറിയിറങ്ങി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തി. സ്‌കൂള്‍ വാര്‍ഷികത്തില്‍ അവതരിപ്പിച്ച നാടകം ഗ്രാമത്തിലെ ഓരോ തെരുവിലും വീണ്ടും വീണ്ടും അരങ്ങേറി. ആത്മഹത്യാ രഹിത സമൂഹമെന്ന സന്ദേശം ഈ തെരുവു നാടകങ്ങള്‍ ഓരോ തവണയും വിളിച്ചു പറഞ്ഞു. 

2013 അവസാനത്തോടെ ഗ്രാമത്തില്‍ നിന്ന് ആത്മഹത്യയെ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ ഇവര്‍ക്കു സാധിച്ചു. സ്‌കൂളിനു ദേശീയ, രാജ്യാന്തര മാധ്യമ ശ്രദ്ധയും ഇതു നേടിക്കൊടുത്തു. ഇവിടുത്തെ വിദ്യാർഥികളുടെ പഠനനിലവാരവും കാര്യമായി മെച്ചപ്പെട്ടു. ഒരധ്യാപകനും കുറച്ചു വിദ്യാർഥികളും ചേര്‍ന്നു നടപ്പാക്കിയ സാമൂഹിക മാറ്റത്തിനു നിറഞ്ഞ കയ്യടികളുമായി നിരവധി പേരാണ് ഇപ്പോഴും ഈ ഗ്രാമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com