ADVERTISEMENT

പരീക്ഷക്കാലം പടിവാതിക്കലെത്തി. ഇനി നമ്മുടെ വീടുകളില്‍ പരീക്ഷാ ചൂടുയരും. വിദ്യാർഥികളും മാതാപിതാക്കളും ഒരു പോലെ സമ്മർദ്ദത്തിന് അടിപ്പെടുന്ന കാലം. പരീക്ഷാ സമ്മർദ്ദം ലഘൂകരിച്ച് കൂളായി പഠിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

ആരോഗ്യ പൂര്‍ണ്ണമായ ആഹാരം
പരീക്ഷാക്കാലത്തു കുട്ടികൾ എന്തു കഴിക്കുന്നു എന്നതു പ്രധാനമാണ്. വാരിവലിച്ചുള്ള തീറ്റ ഈ സമയത്ത് ഒഴിവാക്കണം. വയര്‍ എപ്പോഴും നിറഞ്ഞിരുന്നാല്‍ ശരീരത്തിന്റെ ഊര്‍ജ്ജമത്രയും ഭക്ഷണം ദഹിപ്പിക്കാനായി ഉപയോഗിക്കപ്പെടും. തലച്ചോറിലേക്ക് ആവശ്യത്തിന് രക്തമെത്താതെ വരും. ഇതോടെ പഠിത്തതില്‍ ശ്രദ്ധ പതറുകയും ഉറക്കം വരികയുമൊക്കെ ചെയ്‌തെന്നിരിക്കും. എണ്ണയും മസാലയും അധികം ചേര്‍ന്ന ജങ്ക് ഫുഡും പൂര്‍ണ്ണമായും ഒഴിവാക്കണം. എണ്ണമയമുള്ള ഭക്ഷണത്തിനും മേല്‍പറഞ്ഞ പ്രശ്‌നമുണ്ട്. ആരോഗ്യസമ്പുഷ്ടമായ ഭക്ഷണം ലഘുവായി കഴിക്കേണ്ടതും ആവശ്യത്തിനു വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. 

സ്‌ക്രീനില്‍ നിന്ന് അകന്നു നില്‍ക്കാം
മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പിലും വിഡിയോ ഫോണിലുമെല്ലാം വിദ്യാർഥികള്‍ ചെലവിടുന്ന സ്‌ക്രീന്‍ ടൈം പരീക്ഷാ വേളയില്‍ നല്ല തോതില്‍ വെട്ടിക്കുറയ്ക്കണം. സാധാരണ ദിവസങ്ങളില്‍ 2-3 മണിക്കൂറാണു സ്‌ക്രീന്‍ ടൈം എങ്കില്‍ പരീക്ഷാ വേളയില്‍ അത് അര മണിക്കൂറോ ഒരു മണിക്കൂറോ ആയി ചുരുക്കണം. മൊബൈലും ലാപ്‌ടോപ്പുമൊക്കെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റിയാല്‍ അത്രയും നല്ലത്. 

തലച്ചോറിന് വിശ്രമം
അമിത ഉപയോഗം തലച്ചോറിനെ ക്ഷീണിപ്പിക്കുന്ന കാലഘട്ടമാകയാല്‍ ഇടയ്ക്ക് അതിനൊരു വിശ്രമം നല്‍കേണ്ടതുണ്ട്. ഇതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം 45 മിനിട്ടു പഠിച്ച ശേഷം ഒരു 15 മിനിട്ടു വിശ്രമിക്കുക എന്നതാണ്. ഇടവേളകളില്‍ ഒന്നു നടക്കുകയോ കൈയും കാലുമൊക്കെ കുടയുകയോ തല ഇരു വശങ്ങളിലേക്കും തിരിച്ചു കൊണ്ടുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യേണ്ടതാണ്. വീട്ടുകാരും കൂട്ടുകാരുമായി തമാശകള്‍ പങ്കുവച്ചു പൊട്ടിച്ചിരിക്കുന്നതും നല്ല സംഗീതം ആസ്വദിക്കുന്നതും തലച്ചോറിന് നവോന്മേഷം നല്‍കും. 

പോസിറ്റീവായി സംസാരിക്കാം
നമ്മള്‍ പറഞ്ഞു പഠിപ്പിക്കുന്ന കാര്യം അതേ പോലെ വിശ്വസിക്കുന്ന ഒന്നാണു നമ്മുടെ തലച്ചോര്‍. എന്തെങ്കിലും കാര്യം നമ്മെ കൊണ്ടു സാധിക്കില്ല എന്നു തലച്ചോറിനോട് പറഞ്ഞാല്‍ തലച്ചോര്‍ അതു വിശ്വസിക്കുകയും നമ്മള്‍ക്ക് അതു ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യും. അതു കൊണ്ടു സ്വയം പോസിറ്റീവ് സംസാരം പരിശീലിക്കണം. പരീക്ഷയക്കു വേണ്ടി മാത്രമല്ല ജീവിതത്തെ കുറിച്ച് ആകെയും ഇതു പോലെ പോസിറ്റീവായി സ്വയം സംസാരിക്കണം. എന്നെ കൊണ്ട് അതിനു കഴിയും എന്നതാകണം ജീവിത മന്ത്രം. ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ ഈ പോസിറ്റീവ് മനോഭാവം ഉണ്ടായാല്‍ പരീക്ഷ മാത്രമല്ല ജീവിതത്തില്‍ ഏത പ്രതിസന്ധി ഘട്ടവും തരണം ചെയ്യാന്‍ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com