ADVERTISEMENT

പഠിച്ച്, പഠിച്ച്, പരീക്ഷാഹാളിലേക്ക്. കൃത്യമായ പരിശീലനത്തിന് ശേഷം എസ്എസ്എൽസി പരീക്ഷയെ നേരിടാൻ വിദ്യാർഥികൾ ഇന്ന് സ്കൂളുകളിലേക്ക് തിരികെയെത്തിരിക്കുകയാണ്. എന്നാൽ ആ വരവിൽ ചിലർക്കൊപ്പം ആശങ്കകളും സംശയങ്ങളും ഒപ്പം കൂടുമെന്നുറപ്പാണ്. ആശങ്കകൾക്കും സംശയങ്ങൾക്കും അമിതപ്രാധാന്യം നൽകാതെ സ്വന്തം അറിവിൽ വിശ്വാസമർപ്പിച്ച് ധൈര്യത്തോടെ പരീക്ഷ എഴുതാൻ ആശംസിക്കുകയാണ് ഈ പ്രിയ താരങ്ങൾ. ഒപ്പം പങ്കു വയ്ക്കുന്നു സ്വന്തം പത്താം ക്ലാസ് പരീക്ഷാനുഭവങ്ങൾ...

ജോജു ജോർജ്
കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിലാണ് എന്റെ പത്താം ക്ലാസ് പഠനം പൂർത്തീകരിച്ചത്. അന്ന് പരീക്ഷയെന്ന് കേൾക്കുമ്പോൾ തന്നെ പേടിയായിരുന്നു. അപ്പോൾ പിന്നെ പത്താം ക്ലാസ് പരീക്ഷയുടെ കാര്യം പറയേണ്ടതില്ലല്ലോ! ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ പരീക്ഷയെ വെറുതെ പേടിച്ചതോർത്ത് ചിരിയാണ് വരുന്നത്. കാരണം പേടിച്ചതു കൊണ്ട് മാർക്ക് കൂടുതലൊന്നും കിട്ടില്ലല്ലോ. അന്നു വീട്ടുകാരും അധ്യാപകരുമെല്ലാം ‘പഠിക്ക്’ എന്ന് പറഞ്ഞു പിന്നാലെ ഉണ്ടായിരുന്നു. അപ്പോൾ പിന്നെ ആരായാലും പഠിക്കുമെല്ലോ? ദേഷ്യപ്പെടുന്നതിന് പകരം സ്നേഹം കൊണ്ടാണ് അവർ അങ്ങനെ പറയുന്നതെന്ന് ഓർത്താൽ പിന്നെ അതൊരു വിഷയമേയല്ല. ‌

ടിപ്സ് : കൃത്യമായ ആസൂത്രണത്തോടെ നന്നായി പഠിക്കുക, നന്നായി പരിശ്രമിക്കുക, പരീക്ഷയെ പേടി  കൂടാതെ നേരിടുക.

സുരഭി ലക്ഷ്മി
കൂട്ടുകാരി സൗമ്യയുടെ വീട്ടിലായിരുന്നു എന്റെ പത്താം ക്ലാസ് പരീക്ഷ തയാറെടുപ്പ്. പഠനം കൂട്ടുകാരിക്കൊപ്പമായതിനാൽ ആ സമയം ടെൻഷനടിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. രാവിലെ മുതൽ വൈകുവോളം സൗമ്യയുടെ വീട്ടിലിരുന്നു പഠിക്കുന്നതിന്റെ പിന്നിൽ മറ്റൊരു കാരണവുമുണ്ടായിരുന്നു. സൗമ്യയുടെ അമ്മയുടെ കൈപ്പുണ്യം. രാവിലെ പഠനം ആരംഭിക്കുമ്പോൾ മുതൽ വൈകിട്ട് പുസ്തകം മടക്കും വരെ വിവിധ വിഭവങ്ങൾ ഞങ്ങളുടെ മുന്നിലെത്തും. പഠിക്കുന്ന കുട്ടികൾക്ക് നല്ല പോഷകാഹാരം ലഭിക്കണമെന്ന് സൗമ്യയുടെ അമ്മയ്ക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് നല്ല ഭക്ഷണമൊക്കെ കഴിച്ച് നന്നായി ഉറങ്ങി തമാശകൾ ഒക്കെ അനോന്യം പറഞ്ഞ് ആസ്വദിച്ചാണ് ഞങ്ങൾ ഇരുവരും പഠിച്ചത്. എംജെ എച്ച്എസ്എസ് എളേറ്റിൽ വട്ടോളിയിലായിരുന്നു പഠനം. അന്ന് ഫസ്റ്റ് ക്ലാസ് കിട്ടണമെന്ന് ആഗ്രഹിച്ചാണ് പഠിച്ചത്. റിസൽട്ട് വന്നപ്പോൾ ഫസ്റ്റ് ക്ലാസ് കിട്ടി. ആ നിമിഷത്തെ സന്തോഷമുണ്ടല്ലോ, വാക്കുകൾക്കതീതമാണ്...

ടിപ്സ്: പ്രധാന പാഠഭാഗങ്ങൾ അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കിയതിന് ശേഷം അത് നന്നായി പഠിക്കുക. ആത്മാർഥമായി പരിശ്രമിക്കുക, വിജയം നിങ്ങൾക്കൊപ്പമാണെന്ന് അടിയുറച്ച് വിശ്വസിക്കുക.

സുധീഷ്
പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ഞാൻ അഭിനയിച്ച അനന്തരം സിനിമയിറങ്ങുന്നത്. അതിനാൽ പഠനം ക്രമമായിട്ട് നടന്നത് പൊതുപരീക്ഷയ്ക്ക് തൊട്ടുമുൻപാണെന്നു പറയാം. പരീക്ഷയ്ക്ക് ജയിക്കണമെങ്കിൽ പഠിച്ചേ തീരൂ. അല്ലാതെ സിനിമ നടനാണെന്നു പരീക്ഷയോട് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമില്ലല്ലോ! സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസിലായിരുന്നു പഠനം. ബയോളജിയായിരുന്നു ഒട്ടും ഇഷ്ടമില്ലാത്ത വിഷയം. തൊട്ടടുത്ത സ്ഥാനങ്ങളിൽ കണക്കും കെമിസ്ട്രിയും. പരീക്ഷയ്ക്ക് പഠിച്ചു തുടങ്ങിയപ്പോഴാണ് ഇഷ്ടമല്ലെന്നു വിശ്വസിച്ചിരുന്ന വിഷയങ്ങൾ പഠിക്കാൻ രസകരമാണെന്നു മനസ്സിലാക്കിയത്. എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അറിയില്ല. പരീക്ഷ ദിനങ്ങളിൽ സ്കൂളുകൾക്ക് പൊതുവിലൊരു ശാന്ത സ്വഭാവമാണ്. ആ ശാന്തതയാണ് പഠിക്കുമ്പോഴും പരീക്ഷയെഴുതുമ്പോളും വേണ്ടത്.

ടിപ്സ് : പാഠഭാഗങ്ങൾ മനസ്സിലാക്കി പഠിക്കുക. എല്ലാ ചോദ്യങ്ങൾക്കും പരാമാവധി ഉത്തരം എഴുതാൻ ശ്രമിക്കുക

രജിഷ വിജയൻ
അച്ഛൻ ആർമിയിലായിരുന്നതുകൊണ്ട് പല സ്കൂളുകളിലാണ് പഠനം പൂർത്തിയാക്കിയത്. എന്നാൽ പത്തും പ്ലസ് ടുവും ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. പരീക്ഷയ്ക്ക് മുൻപുള്ള ടെൻഷനെക്കാളും ബുദ്ധിമുട്ടിച്ചത് പരീക്ഷയ്ക്ക് ശേഷമുള്ള വിശപ്പായിരുന്നു. രണ്ടര മൂന്നര മണിക്കൂർ നിർത്താതെ എഴുതിയതിന് ശേഷം പുറത്തുവന്നാൽ ഞങ്ങൾ സുഹൃത്തുക്കളെല്ലാരും കൂടി അടുത്തുള്ള ബേക്കറിയിലേക്ക് ഒറ്റ ഓട്ടമാണ്. അന്ന് ഞങ്ങളുടെ രക്ഷയ്ക്കായിട്ടെത്തിയത് മുട്ട പഫ്സും നാരങ്ങവെള്ളവുമായിരുന്നു. അന്നും ഹിസ്റ്ററി എനിക്ക് അത്ര താൽപര്യമില്ലായിരുന്നു. ‍തീയതികളും വർഷങ്ങളും ഓർത്ത് വയ്ക്കുന്നതിലെ ബുദ്ധിമുട്ട് തന്നെയായിരുന്നു പ്രധാന കാരണം. പരീക്ഷയാണ് ജീവിതത്തിലെ എല്ലാമെന്ന് കരുതുകയേ വേണ്ട. അതും ജീവിതത്തിലെ ഒരനുഭവമാണെന്ന് കരുതിയാൽ മതി.

ടിപ്സ്: ചോദ്യപേപ്പര്‍ നന്നായി മനസ്സിലാക്കുക. പരീക്ഷയെഴുതുമ്പോൾ പ്രധാന പോയിന്റ്സ് അടയാളപ്പെടുത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com