ജെയിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ക്യാംപസ് കൊച്ചിയില്‍ വരുന്നു

Students
SHARE

രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാംപസ് കൊച്ചിയില്‍ ആരംഭിക്കുന്നു. ഇന്‍ഫോപാര്‍ക്കിനോട് അനുബന്ധിച്ചുള്ള നോളജ് പാര്‍ക്കിലാണിത്. രാജ്യത്തെയും വിദേശത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ ക്യാംപസുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ അത്യാധുനിക അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കാനാണു നോളജ് പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്. 2019-20 അക്കാദമിക് വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ക്യാംപസില്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ 30 കോഴ്‌സുകൾ ഉണ്ടാകുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

കോമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ലൈഫ് സയന്‍സ്, അപ്ലൈഡ് സയന്‍സ് തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്‌സുകളെന്നും‍. അഡ്മിഷന്‍ പ്രവേശന പരീക്ഷയിലൂടെയായിരിക്കുമെന്നും ഡോ. റോയ്ചന്ദ് അറിയിച്ചു. യുവാക്കളെ തൊഴില്‍സജ്ജരാക്കുന്നതിനും സംരംഭകത്വ പരിശീലനത്തിലൂടെ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടു തൊഴില്‍ നൈപുണ്യം, സംരംഭകത്വം, അഭിരുചിക്ക് അനുസൃതമായ സ്‌പെഷലൈസേഷന്‍ തുടങ്ങിയവ കോര്‍ത്തിണക്കിയുള്ള ഉന്നത വിദ്യാഭ്യാസമാണു കൊച്ചിയിലെ ഓഫ് ക്യാംപസ് സെന്റര്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.  

കേരളത്തില്‍ വിദ്യാഭ്യാസം, ഗവേഷണം, പ്ലേസ്‌മെന്റ്, പരിശീലനം എന്നിവയില്‍ സവിശേഷമായ സമീപനമാണ് തങ്ങള്‍ സ്വീകരിക്കുകയെന്ന് ഡോ. റോയ്ചന്ദ് പറഞ്ഞു. ഭാവിയിലേക്ക് ആവശ്യമുള്ള കഴിവുകള്‍, സംരംഭകത്വം, അഭിരുചിക്ക് അനുസൃതമായ സവിശേഷമായ വിദ്യാഭ്യാസം, ഗവേഷണം, നൂതന ആശയങ്ങള്‍, പ്ലേസ്‌മെന്റ്, പരിശീലനം എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഇത്. കേരളീയ സമൂഹത്തിനു ശരിയായ സംഭാവന നല്‍കുന്നതിനു സംസ്ഥാന സര്‍ക്കാരുമായി യോജിച്ചു പ്രവര്‍ത്തിക്കും. ഇതിനായി വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കും. ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്ററുകള്‍, ആക്‌സിലറേറ്റര്‍ പ്രോഗ്രാമുകള്‍, ഹാക്കത്തോണ്‍, മേക്കത്തോണ്‍, ഏഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ജെയിന്‍ ഗ്രൂപ്പിന്റെ സംരംഭകത്വ പരിപാടി.

ലോകോത്തര സൗകര്യങ്ങളുള്ള ക്യാംപസില്‍ വൈവിധ്യമുള്ള വിഷയങ്ങള്‍, സവിശേഷ പഠനരീതികള്‍, പരിശീലനം തുടങ്ങിയവ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു പുത്തന്‍ പഠനാനുഭവമാകുമെന്നും ഡോ. റോയ്ചന്ദ് പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു ബെംഗളൂരരുവിലുള്ള യൂണിവേഴ്‌സിറ്റിയുടെ കേന്ദ്രീകൃത പ്ലേസ്‌മെന്റ്, ട്രെയിനിങ് സെല്ലിന്റെ സേവനവും ലഭ്യമായിരിക്കും. ഈ സെല്‍ വിദ്യാര്‍ഥികള്‍ക്കു സമ്മര്‍ ഇന്റേണ്‍ഷിപ്പുകളും പൂര്‍ണസമയ ജോലിയും ലഭ്യമാക്കാന്‍ സൗകര്യമൊരുക്കുമെന്നും ഡോ. റോയ്ചന്ദ് കൂട്ടിച്ചേര്‍ത്തു. 

1990-ല്‍ ബെംഗളൂരു ആസ്ഥാനമായി സ്ഥാപിതമായ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ജെയിന്‍ യൂണിവേഴ്‌സിറ്റിക്കു രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 64 ക്യാംപസുകളില്‍ 85 വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവയില്‍ 75,000 വിദ്യാര്‍ഥികളും 6450 ജീവനക്കാരുമുണ്ട്. പ്രാഥമിക തലം മുതല്‍ വിവിധ വിഭാഗങ്ങളിലായി പോസ്റ്റ് ഡോക്ടറല്‍ തലം വരെ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതാണ് ഈ സ്ഥാപനങ്ങള്‍. 2018-ല്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള ഏതാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ അക്കാദമിക പ്രവര്‍ത്തനം മാനിച്ച് യുജിസി അധിക സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ സ്ഥാപനങ്ങള്‍ക്കു പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഓഫ് ക്യാംപസുകള്‍ സ്ഥാപിക്കാനും സ്വാതന്ത്ര്യമുണ്ട്. വിദേശ അധ്യാപകരുടെ സേവനം സ്വീകരിക്കാനും വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനും വിദൂര പഠന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പുറമേയുള്ള അക്കാദമിക സഹകരണത്തിനും യൂണിവേഴ്‌സിറ്റിക്ക് അധികാരമുണ്ട്.  

ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ്, ജോയിന്റ് റജിസ്ട്രാര്‍ എം.എസ്. സന്തോഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA