ADVERTISEMENT

ചാഞ്ഞും ചെരിഞ്ഞും തലകീഴായി മറിഞ്ഞും വെൽഡ് ചെയ്യുന്ന റോബട് ഏവർക്കും അത്ഭുതമായി. ഒരു വിദഗ്ധനായ തൊഴിലാളി ഒരു മണിക്കൂർ കൊണ്ടു ചെയ്യുന്ന ജോലി മൂന്നു മിനിറ്റു കൊണ്ട് ഈ റോബട് പൂർത്തിയാക്കും. കളമശേരിയിലെ ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് വെൽഡിങ് റോബട്ടിനെ കേരളത്തിലെത്തിച്ചതും പരിചയപ്പെടുത്തുന്നതും. 

കേരളത്തിൽ ആദ്യമായാണ് വെൽഡിങ് റോബട് എത്തുന്നത്. ഒന്നേകാൽ കോടിയോളം രൂപ ചെലവഴിച്ചാണ് വെൽഡിങ് റോബട്ടിനെ ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തമാക്കിയത്. വെൽഡിങ് രംഗത്ത് അതികായൻമാരായ ഓസ്ട്രേലിയയിലെ ഫ്രോണിയസിൽ നിന്നാണ് ലിറ്റിൽ ഫ്ലവർ ഈ റോബട്ടിനെ കൊച്ചിയിലെത്തിച്ചത്. ഉൽപാദനമേഖലയിൽ ഈ റോബട്ടിന്റെ പ്രയോഗം വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് എൽഎഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ.ജോബി അശീതുപറമ്പിൽ പറഞ്ഞു. വെൽഡിങ് പഠിക്കുന്നവർക്ക് പഠനം എളുപ്പമാക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നതിനും പുറമെ പഠനം പൂർത്തിയാക്കിയവർക്ക് കഴിവുകൾ വികസിപ്പിക്കാനും റോബോട്ടിക് വെൽഡിങ് സഹായിക്കും. ഇതിനുള്ള സൗകര്യവും എൽഎഫിൽ ഒരുക്കിയിട്ടുണ്ട്. 

എവിടെയിരുന്നും പ്രാഥമിക പരിശീലനം നേടിയ ഏതൊരാൾക്കും അനായാസേന വളരെ കൃത്യതയോടെ റോബട്ടിക് വെൽഡിങ് നടത്താനാവും. സമയ നഷ്ടം ഒഴിവാക്കിയും ഗുണമേന്മയിലെ കൃത്യത ഉറപ്പുവരുത്തിയും സുരക്ഷിതത്വം ഉറപ്പാക്കിയും റോബട് വെൽഡിങ്ങിനെ സഹായിക്കും. വേഗതയേറിയ തീരുമാനം, എവിടെയിരുന്നും നിയന്ത്രണം, ലളിതമായ ആപ്ലിക്കേഷൻ, അപകടസാധ്യതയില്ലെന്ന പ്രത്യേകത, തകരാറുകളുടെ കുറവ്, പ്രോസസിങ് ക്വാളിറ്റി മെച്ചപ്പെടുത്തൽ എന്നിവ റോബട്ടിക് വെൽഡിങ്ങിന്റെ ഗുണങ്ങളാണ്. ഇന്റർനെറ്റിന്റെ സഹായത്തോടെ ക്ലൗഡ് റോബോട്ടിക് സംവിധാനത്തിലൂടെ ഒന്നിലധികം റോബട്ടുകളെ ഒരേ സമയം ഉപയോഗപ്പെടുത്താനും കഴിയും.

കേരളത്തിലെ ഏറ്റവും വലിയ ട്രേഡ് സെന്റർ കൂടിയായ ലിറ്റിൽ ഫ്ലവർ കൈവരിച്ച ഈ ആധുനിക സംവിധാനത്തിലൂടെയുള്ള പഠനം രാജ്യത്തിനകത്തും പുറത്തും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഫാ.ജോബി അശീതുപറമ്പിൽ അറിയിച്ചു. ഓരോ വർഷവും 600ഓളം ട്രേഡ് ടെസ്റ്റുകളും ഇന്റർവ്യൂകളുമാണ് ലിറ്റിൽ ഫ്ലവർ എൻജിനീയറിങ്ങിൽ നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ ഐടിഐ ആയി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com