ADVERTISEMENT

ആറുവർഷത്തെ ശമ്പളം കുടിശിക തീർത്ത് ഒരുമിച്ചു കയ്യിൽ കിട്ടിയപ്പോൾ ശ്രീലത ഭർത്താവ് രവി പ്രകാശിനോടു ചോദിച്ചു, ‘ഈ പണം എന്തുചെയ്യണം?’ കാലങ്ങളോളം ഹൃദയത്തിൽ കുടിശികയായി കിടന്നൊരു സ്വപ്നം പലിശ സഹിതം വീട്ടാനുള്ള തയാറെടുപ്പിലായിരുന്നു രവി. നാട്ടുകാർക്കായി ഒരു ലൈബ്രറി. ഇരിക്കാനും വായിക്കാനും ചർച്ച നടത്താനുമുള്ള ഒരിടം. സമീപത്തു നീന്തിക്കുളിക്കാൻ ഒരു കുളം. 

ആയുഷ്കാലമത്രയും സ്വരുക്കൂട്ടിയ പണവും പുസ്തകങ്ങളും രവി നീക്കിവച്ചത് ആ സ്വപ്നത്തിനായാണ്. അതിലേക്കു തന്റെ പണം ശ്രീലതയും സമ്മാനിച്ചു. അങ്ങനെ തൃശൂർ കയ്പമംഗലം പെരിഞ്ഞനത്ത് ‘ഗ്രന്ഥപ്പുര’ പിറന്നു. 

കൊടുങ്ങല്ലൂരിൽ അഭിഭാഷകനാണു പുളിഞ്ചുവട് നികുഞ്ജത്തിൽ കെ.പി. രവി പ്രകാശ്. പെരിഞ്ഞനം ആർഎംവി എച്ച്എസ്എസിലെ അധ്യാപികയായ ഭാര്യ പി.ശ്രീലതയ്ക്ക് ശമ്പളം ഒരുമിച്ചു കിട്ടിയതു 2 വർഷം മുൻപ്. നാട്ടുകാർക്ക് ഉപകാരമുള്ള എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണു നാട്ടുവായനക്കൂട്ടമെന്ന ആശയത്തിന്റെ പിറവി. വീടിനടുത്തു കാടുമൂടിക്കിടന്ന 24 സെന്റ് സ്ഥലം വാങ്ങി. അതിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയവീടും മാലിന്യം കുമിഞ്ഞുകൂടിയ ഒരു കുളവും. വീടു നന്നാക്കി വായനശാലയാക്ക‍ാനായിരുന്നു ആദ്യശ്രമം. എന്നാൽ, ഒരുവശം ഇടിഞ്ഞുവീണതോടെ പൊളിച്ചു പണിയാൻ നിശ്ചയിച്ചു. 

എട്ടര ലക്ഷം രൂപ മുടക്കി 650 ചതുരശ്രയടിയിൽ പുതിയ കെട്ടിടം നിർമിച്ചു. 30 വർഷം കൊണ്ടു സമാഹരിച്ച മൂവായിരത്തിലേറെ പുസ്തകങ്ങളെ 11 അലമാരകളിലാക്കി രവി പ്രകാശ് അടുക്കി. മാലിന്യം നിറഞ്ഞ കുളം മൂന്നുദിവസം കൊണ്ടു വൃത്തിയാക്കി. നാലുചുറ്റിനും പടവുകൾ കെട്ടിത്തിരിച്ചു. കുളത്തിനു മാത്രം നാലരലക്ഷം രൂപ ചെലവായി. ആരിൽ നിന്നും പണം വാങ്ങിയില്ല, എല്ലാവരിൽ നിന്നും സഹകരണം മാത്രം തേടി. ചുറ്റുവട്ടത്തുള്ള സ്ത്രീകൾ ഊഴമിട്ട് വൈകുന്നേരങ്ങളിൽ ഗ്രന്ഥപ്പുര തുറക്കാനെത്തും. ആർക്കും പുസ്തകങ്ങളെടുത്തു വായിക്കാം. കുളത്തിന്റെ പടവുകളിലിരുന്നു ചർച്ചകൾ നടത്താം. 

അവധിക്കാലമായതിനാൽ രാവിലെയും വൈകിട്ടും കുളിക്കാനെത്തുന്നവരുടെ തിരക്കു വേറെ. ഈ സൗകര്യങ്ങളെല്ലാം ഒരുക്കിയ രവി പ്രകാശും ശ്രീലതയുമോ? ഗ്രന്ഥപ്പുരയുടെ പരിപാലനത്തിനായി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയ ശേഷം ഇരുവരും സംതൃപ്തിയോടെ പിന്നിലേക്കു മാറി. ദിവസവും വൈകിട്ട് അവർ ഗ്രന്ഥപ്പുരയിലെത്തും, വായിക്കാനും വർത്തമാനം പറയാനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com