ADVERTISEMENT
gopinath-muthukad-interaction

ജീവിതത്തിലെ  റോൾ മോഡൽ ആര്? കുട്ടികളുടെ ഈ ചോദ്യത്തിനു മുന്നിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടിന് ആലോചിക്കേണ്ടി വന്നില്ല. അച്ഛൻ ! അദ്ദേഹം പറഞ്ഞു. വിജയത്തിൽ നിന്നും പാഠം പഠിക്കാനാവില്ലെന്നും പരാജയമാണു വ്യക്തിയെ വിജയത്തിലേക്കു നയിക്കുന്നതെന്നും പഠിപ്പിച്ചത് അച്ഛനാണ്– അദ്ദേഹം പറഞ്ഞു. അച്ഛൻ പറഞ്ഞു തന്ന കഥകൾ കേട്ടാണു  മാജിക്കിനോടു പ്രണയം തോന്നിയത്. ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖം അച്ഛന്റെ വേർപാടാണ്. സംസ്ഥാന ശിശുക്ഷേമ സമിതി  സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാംപിലാണ് അച്ഛനെക്കുറിച്ചുള്ള ഓർമകൾ മുതുകാട് പങ്കുവച്ചത്.

10–ാം വയസ്സിൽ ആദ്യമായി വേദിയിൽ മാജിക് അവതരിപ്പിച്ചപ്പോൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു അച്ഛന്റെ ഉപദേശം. ഇരിങ്ങാലക്കുടയിൽ  മാജിക് ഷോ കഴിഞ്ഞ് റൂമിൽ വിശ്രമിക്കുമ്പോഴാണ് അച്ഛന്റെ വേർപാട് അറിയുന്നത്. ആകെ തളർന്നുപോയി. പ്രണയവും സ്നേഹവുമാണു മാജിക്. ഈ കലയ്ക്കു കാഴ്ചക്കാരെ ഇളക്കി മറിക്കാനാകും. പാട്ടും നൃത്തവും പഠിക്കുന്നതുപോലെയാണു മാജിക്കും സ്വായത്തമാക്കേണ്ടത്. കഠിനാധ്വാനം വേണം. മാജിക്കിൽ കൗശലവും തന്ത്രവും സമ്മിശ്രമാണ്. ചെപ്പടിവിദ്യ പൂർണമായും സ്വായത്തമാക്കുവാൻ സാമർഥ്യമുണ്ടായിരിക്കണം. ആർ.കെ. മലയത്ത്, പി.സി. സർക്കാർ തുടങ്ങിയവരാണു തന്റെ ഗുരുക്കന്മാരെന്നും മുതുകാട് പറഞ്ഞു. 

അമ്മത്തൊട്ടിലിൽ‘വിസ്മയ്’

ഹൈടെക് അമ്മത്തൊട്ടിലിൽ ഓശാന ഞായറിൽ ഉപേക്ഷിച്ച നിലയിൽ ലഭിച്ച 10 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിന് മുതുകാട് തന്റെ മകന്റെ  പേരായ ‘വിസ്മയ്’ എന്നു പേരിട്ടു. . ഈ കുഞ്ഞിന് തന്റെ മകന്റെ വിളിപ്പേരായ ‘വിച്ചു’ എന്നു വിളിക്കാമെന്നും അറിയിച്ചപ്പോൾ സദസ്സിൽ നിന്നും കരഘോഷമുയർന്നു. കുരുന്നുകളുടെ കുസൃതിചോദ്യങ്ങൾക്കും  വർത്തമാനങ്ങൾക്കും മുന്നിൽ കളിയും ചിരിയും ചിന്തയുമായി മുതുകാടിന്റെ മാജിക് നിറഞ്ഞു. മുഖാമുഖം പരിപാടിയിൽ ജനറൽ സെക്രട്ടറി  എസ്.പി.  ദീപക്,  ട്രഷറർ ജി. രാധാകൃഷ്ണൻ, ക്യാംപ്  ഡയറക്ടർ ജി.എൽ. അരുൺ ഗോപി, പ്രോഗ്രാം ഓഫിസർ പി.ശശിധരൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com