ADVERTISEMENT

ആറാം ക്ലാസിൽ തിരിച്ചറിഞ്ഞ കേൾവിക്കുറവിനു 12 ാം ക്ലാസിലെ റാങ്കിലൂടെ ചുട്ട മറുപടി കൊടുത്തു ലാവണ്യ ബാലകൃഷ്ണൻ‌. 489 മാർക്കുമായി ഭിന്നശേഷി വിഭാഗത്തിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടിയ ലാവണ്യ ഡൽഹിയിൽ താമസമാക്കിയ തൃശൂർ ആളൂർ കല്ലായിലെ കെ.കെ. ബാലകൃഷ്ണന്റെയും ജയയുടെയും മകളാണ്. 

പരിമിതികളെ വെല്ലുവിളിക്കാനുള്ള ശേഷി തനിക്കു ലഭിച്ചത് അമ്മയിൽ നിന്നാണെന്നു ലാവണ്യ പറയുന്നു. ഗുരുഗ്രാം ഹെറിറ്റേജ് സ്ക‌‌ൂളിലെ അധ്യാപികയായ ജയ മകളെയും സ്വന്തം സ്കൂളിലേക്കു കൂ‌ട്ടുകയായിരുന്നു. ഡൽഹി വസന്ത് കുഞ്ചിലെ സന്നദ്ധ സംഘടനയയിൽ പ്രവർത്തിക്കുന്ന അച്ഛനും പിന്തുണ നൽകി. ഡിസൈൻ മേഖലയിൽ തുടർപഠനമാണു ലക്ഷ്യം.

രാജ്യത്ത് ആദ്യ മൂന്ന് റാങ്കിൽ 16 പെൺകുട്ടികൾ, 7 ആൺകുട്ടികൾ
സിബിഎസ്ഇ 12 ാം ക്ലാസ് പരീക്ഷയിൽ ആദ്യ 3 റാങ്കുകളിലുള്ള 23 പേരിൽ 16 പേരും പെൺ‌‌കുട്ടികൾ. 498 മാർക്ക് നേടിയ ഗൗരംഗി ചാവ്‌ല (ഋഷികേഷ്), ഐശ്വര്യ (റായ് ബറേലി), ഭവ്യ ജിന്ദ് (ഹരിയാന) എന്നിവർ രണ്ടാം റാങ്ക് പങ്കിട്ടു. 497 മാർക്ക് നേടിയ 18 പേർ മൂന്നാം റാങ്കുകാരായി. പരീക്ഷയെഴുതിയ 88.7 % ‌പെൺകുട്ടികളും വിജയിച്ചപ്പോൾ ആൺകുട്ടികളുടെ വിജയശതമാനം 79.4 %. 

മൊത്തം വിജയശതമാനത്തിൽ ഈ വർഷം 0.39 % വർധനയുണ്ട്. 17,693 പേർ 95 ശതമാനത്തിലേറെ മാർക്ക് നേടി; 94,299 കു‌ട്ടികൾ 90 ശതമാനത്തിലേറെയും. ഭിന്നശേഷിക്കാരായ 36 കു‌‌ട്ടികൾക്കു 95 ശതമാനത്തിലേറെ മാർക്കുണ്ട്. 12,05,484 കുട്ടികളാണു ‌പരീക്ഷയെഴുതിയത്. കേന്ദ്രീയ (98.54), ജവാഹർ നവോദയ (96.62) വിദ്യാലയങ്ങൾ പതിവുപോലെ മികച്ച ജയം നേടി. സർക്കാർ സ്കൂളുകൾ 87.17%; എയ്ഡഡ് സ്കൂളുകൾ 88.49%. വിദേശ സെന്ററുകളിലും മികച്ച വിജയം 95.43%. 

ഒരു വിഷയത്തിൽ മാത്രം പരാജയപ്പെട്ട 99,207 വിദ്യാർഥികൾക്കു കംപാർട്മെന്റ് പരീക്ഷയ്ക്ക് അവസ‌രം നൽക‌ും. ഫെബ്രുവരി 15 മുതൽ ഏപ്രിൽ 4 വരെ നടന്ന പരീക്ഷയുടെ മൂല്യനിർണയം 28 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയതെന്നു ചെയർപഴ്സൻ അനിത കർവാൾ അറിയിച്ചു. 

ഈ തീയതികൾ മറക്കല്ലേ 
ഉത്തരക്കടലാസ് പുനഃപരിശോധന നാളെ മുതൽ 8നു വൈകിട്ട് 5 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിഷയമൊന്നിന് 500 രൂപ ഫീസ്. ഉത്തരക്കടലാസ് പകർപ്പു ലഭിക്കാൻ 20, 21 തീയതികളിൽ അപേക്ഷിക്കാം. വിഷയമൊന്നിന് 700 രൂപ നൽകണം. പുനർമൂല്യനിർണയത്തിന് 24, 25 തീയതികളിൽ അപേ‌ക്ഷിക്കാം. ചോദ്യമൊന്നിന് 100 രൂപ ഫീസ്. പരീക്ഷാഫലത്തിനു പിന്നാലെ കു‌ട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസലിങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com