ADVERTISEMENT

രാവിലെ സ്‌കൂളിലേക്കു ചെന്നു കയറുമ്പോള്‍ ഒരു ഷേക്ക്ഹാന്‍ഡോ, കെട്ടിപ്പിടുത്തമോ, സൗഹാര്‍ദപൂര്‍ണമായ ഒരു ഹൈഫൈവോ കിട്ടിയാല്‍ എങ്ങനെ ഇരിക്കും? അതും പലപ്പോഴും കുട്ടികള്‍ പേടിയോടെ കാണാറുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലില്‍ നിന്നു തന്നെ നേരിട്ട്. ആ ദിവസം തുടങ്ങാന്‍ ഇതിലും നല്ല മാര്‍ഗമൊന്നും വേറെ കാണുകയില്ല. തെലങ്കാനയിലെ യദാദ്രി-ഭോംഗിര്‍ ജില്ലയിലെ അഡ്ഡഗുഡുരുവിലുള്ള തെലങ്കാന സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എസ്. രൂപയാണ് വ്യത്യസ്തമായ രീതിയില്‍ വിദ്യാർഥികളെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്യുന്നത്. 

ഒരധ്യാപകന്‍ തന്റെ പ്രൈമറി സ്‌കൂള്‍ വിദ്യാർഥികളെ ഇത്തരത്തില്‍ അഭിവാദ്യം ചെയ്യുന്നതിന്റെ യൂട്യൂബ് വിഡിയോയാണ് രൂപയ്ക്ക് പ്രചോദനമായത്. പാലസ്തീനിലെ സംഘര്‍ഷഭരിതമായ മേഖലയിലെ ദുരിതബാധിരായ കുട്ടികള്‍ക്ക് ആത്മവിശ്വാസവും കരുതലും നല്‍കുന്നതിന്റെ ഭാഗമായാണ് ഒരധ്യാപകന്‍ ഇത്തരമൊരു പരിപാടി ആവിഷ്‌ക്കരിച്ചത്. രാവിലെ ക്ലാസിലേക്കു കയറുന്നതിനു മുന്‍പു കുട്ടികള്‍ വരിനിന്നു അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിഹ്നങ്ങളില്‍ ഒന്നില്‍ തൊടും. അതിനനുസരിച്ചു ഹൃദ്യമായ സ്വാഗതം കുട്ടിക്കു ക്ലാസിലേക്കു ലഭിക്കും. ഹൃദയത്തിന്റെ ചിഹ്നത്തിലാണു തൊടുന്നതെങ്കില്‍ അധ്യാപകനില്‍ നിന്ന് ഒരു കെട്ടിപ്പിടുത്തം ലഭിക്കും. വൈറലായ ഈ വിഡിയോയാണു രൂപയെ ഈ രീതി പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. 

സ്‌കൂളിലെ സമ്മര്‍ ക്യാംപിലാണു രൂപ ഇത് ആദ്യം പരീക്ഷിച്ചത്. കുട്ടികള്‍ പലരും നിരവധി പ്രശ്‌നങ്ങളുള്ള തീര്‍ത്തും പാവപ്പെട്ട, പിന്നാക്ക സാമൂഹിക പശ്ചാത്തലത്തില്‍ നിന്നെത്തുന്നവരാണ്. പ്രിന്‍സിപ്പലിന്റെ സ്‌നേഹം നിറഞ്ഞ സ്വാഗതം പല കുട്ടികളെയും വികാരനിര്‍ഭരരാക്കി. ചിലര്‍ പൊട്ടിക്കരഞ്ഞു. ഇതു കുട്ടികളുമായി കൂടുതല്‍ അടുക്കാന്‍ സഹായിച്ചെന്നും പലരും തങ്ങളുടെ കുടുംബപ്രശ്‌നങ്ങളടക്കം പങ്കുവയ്ക്കാന്‍ മുന്നോട്ടു വന്നു തുടങ്ങിയെന്നും രൂപ പറയുന്നു. 

പ്രിന്‍സിപ്പലിന്റെ പുതിയ അഭിവാദനരീതി കുട്ടികള്‍ക്കിടയില്‍ ഹിറ്റായതോടെ തെലങ്കാന സോഷ്യല്‍ വെല്‍ഫെയര്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സൊസൈറ്റി തങ്ങളുടെ കീഴിലുള്ള മറ്റു സ്‌കൂളുകളോടും ഇതു നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com