ADVERTISEMENT

സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 2 ദിവസമായി ചുരുക്കിയതോടെ വലഞ്ഞ് അധ്യാപകർ. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്ക് തുറന്നത് ഇന്നലെ വൈകിട്ടാണ്. നാളെ വൈകിട്ട് 5ന് മുൻപ് അപേക്ഷ ഓൺലൈനായി നൽകുകയും വേണം. രോഗവുമായി ബന്ധപ്പെട്ട് അനുകമ്പാർഹ സ്ഥലം മാറ്റത്തിന് അപേക്ഷിക്കേണ്ടവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്.

മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ഓൺലൈനായി അപേക്ഷിക്കുന്നതിനു പുറമേ അതിന്റെ പകർപ്പ് ഇപ്പോൾ ജോലി ചെയ്യുന്ന സ്കൂളിലെ പ്രിൻസിപ്പലിന്റെ ശുപാർശയോടെ നാളെ വൈകിട്ട് 5ന് മുൻപ് തിരുവനന്തപുരത്തെ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ എത്തിക്കുകയും വേണം. രോഗത്താൽ വലയുന്നവർക്കോ ഉറ്റവരുടെ രോഗങ്ങളുമായി ബന്ധപ്പെട്ടവർക്കോ ആണ് അനുകമ്പാർഹ സ്ഥലം മാറ്റത്തിന് അപേക്ഷിക്കാവുന്നത്.

സർക്കുലർ അനുസരിച്ച് 13 മുതൽ 17 വരെയായിരുന്നു സ്ഥലം മാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കേണ്ട സമയപരിധിയെങ്കിലും ഇതിനായുള്ള ലിങ്ക് തുറന്നത് ഇന്നലെ വൈകിട്ടാണ്. സമയപരിധി 2 ദിവസമായി ചുരുക്കുകയും ചെയ്തു. മുൻ വർഷങ്ങളിൽ 10 ദിവസം വരെ സമയപരിധി അനുവദിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ 2 ദിവസമായി ചുരുക്കിയത്.

ഒരു ജില്ലയിൽ 5 വർഷമായി ജോലി ചെയ്യുന്ന അധ്യാപകർക്ക് സ്ഥലം മാറ്റം ഉറപ്പായതിനാൽ ഇവരുടെ പോസ്റ്റുകളും അധ്യാപക നിയമനം നടന്നിട്ടില്ലാത്ത പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുന്നവയാണ്. ഈ ലിസ്റ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകർ ആ സ്കൂളുകളിലെ ഒഴിവുകളിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നത്. എന്നാൽ ഈ ഒഴിവുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത് അപൂർണമായിരുന്നെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇന്നെങ്കിലും ഒഴിവുകളുടെ പട്ടിക പൂർണമായി പ്രസിദ്ധീകരിക്കും എന്നാണു പ്രതീക്ഷ.

അധ്യാപകരിൽ നല്ലൊരു പങ്കും ഇപ്പോൾ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികളുടെ തിരക്കിലും പരിശീലന പരിപാടികളിലുമാണ്. അതിനാൽ 2 ദിവസത്തെ സമയ പരിധി ഭൂരിഭാഗം അധ്യാപകർക്കും പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com