ADVERTISEMENT

പൊതുമരാമത്തു വകുപ്പിന്റെ തൃശൂരിലെ കന്റീനിൽ ഊണു വിളമ്പുന്ന നീളൻ മുടിക്കാരൻ ഗഡി അരമണിക്കൂർ മുൻപ് ഒരു സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ അധ്യാപകനായിരുന്നു എന്നു പറഞ്ഞാൽ ചിലർക്കെങ്കിലും അതു ദഹിക്കാൻ അൽപം പ്രയാസമാകും. ചരിത്ര ക്ലാസുകളിൽ നിന്നാണ് ഓരോ ദിവസവും സുജിത് സുരേന്ദ്രനെന്ന 32 വയസ്സുകാരൻ തന്റെ അടുത്ത ജോലി സ്ഥലത്തേക്കോടിയെത്തുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട മാഷ് അപ്പോൾ സപ്ലയറാകും. വൈകിട്ടു വീട്ടിലെത്തുമ്പോൾ സിവിൽ സർവീസ് നേടാനായി പഠിക്കുന്ന വിദ്യാർഥിയാകും. രാത്രിയിൽ  നുറുങ്ങു കവിതകൾ കുറിക്കുന്ന കവിയായും മാറും. 

പതിനഞ്ചാം വയസിൽ അച്ഛന്റെ മരണം മുതൽ പ്രതിസന്ധികളെ നേരിട്ടു പഠിച്ച സുജിത് വെല്ലുവിളികൾക്കു മുന്നിൽ പതറാതെ തന്നെയാണ് ഇക്കാലമത്രയും മുന്നേറിയത്. തിരക്കുകളും ജോലികളും കഴിഞ്ഞുള്ള കുത്തിക്കുറിക്കലുകൾ ‘അച്ഛന്റെ മക്കളും ആനക്കിടാങ്ങളും’  എന്ന പേരിൽ 52 കവിതകളുടെ ഒരു സമാഹാരമായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. 

പേരമംഗലം താമരത്തു വീട്ടിൽ സരളയുടെ മകൻ സുജിത് ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം വഴി എംഎ പഠിക്കുകയാണ്. പകൽ തൃശൂരിലെ പിഡബ്ല്യുഡി കന്റീനിൽ താൽക്കാലിക ജോലി. പത്താം ക്ലാസ് പരീക്ഷയ്ക്കു തൊട്ടു മുൻപായിരുന്നു അച്ഛന്റെ മരണം. അത് കുടുംബത്തെ അടിമുടി ഉലച്ചു. അമ്മയ്ക്കു ശാരീരികമായ പ്രയാസങ്ങൾ. ചേച്ചിയുടെ പഠനം. പിന്നൊന്നിനും മടിച്ചു നിന്നിട്ടില്ല. 15–ാം വയസു മുതൽ സുജിത് ജോലിക്കു പോയിത്തുടങ്ങി. 

പ്ലസ് വൺ ക്ലാസ് തുടങ്ങും വരെ കിണറുപണി. പിന്നീടു പത്രവിതരണവും കാറ്ററിങ്ങും ഒക്കെ. കേരള വർമ കോളജിൽ ബിരുദപഠന കാലത്ത് പേരാമംഗലം ട്രാൻസ്പോർട്ടെന്ന ബസിൽ കണ്ടക്ടറുമായി. അങ്ങനെ ടിക്കറ്റു നൽകിയും ബെല്ലടിച്ചും കഷ്ടപ്പെട്ടു ബിരുദം നേടി. ഭാരതീയാർ സർവകലാശാലയിൽ നിന്ന് എംബിഎ നേടി. ശേഷം സിവിൽ സർവീസ് എന്ന കുട്ടിക്കാലത്തെ കനൽ ഊതിത്തെളിച്ചു. സ്വകാര്യ കോച്ചിങ് സ്ഥാപനത്തിൽ പരിശീലകനായി.

ഇതിനിടയിൽ എഴുത്തു മുടങ്ങിയില്ല. അങ്ങനെ ഓൺലൈനായും അല്ലാതെയും കുറിച്ച കവിതകളാണ് ‘അച്ഛന്റെ മക്കളും ആനക്കിടാങ്ങളും’ എന്ന പുസ്തകത്തിലൂടെ പുറത്തിറങ്ങിയത്. 3000 ബിസിയാണു പ്രസാധകർ. 

പഠിച്ചും പഠിപ്പിച്ചും സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് സുജിത്തിപ്പോൾ. ഒപ്പം അമ്മയുടെ സ്വപ്നമായ പുതിയ വീടിന്റെ ജോലികൾ ഉടൻ തുടങ്ങാനുള്ള ഓട്ടത്തിലും. ജീവിതം പിന്നിലേക്കടിക്കുമ്പോൾ പൊരുതാനുള്ള വാശി തന്നെയാണു വിജയിക്കാനുള്ള മാർഗം. കന്റീനിൽ തിരക്കേറുന്നു, സുജിത്തിനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com