sections
MORE

എൻട്രൻസ് : ഓപ്‌ഷൻ നൽകുമ്പോൾ ശ്രദ്ധിക്കാം 20 കാര്യങ്ങൾ

plastic-engineering-t
SHARE

കേരളത്തിലെ എൻജിനീയ‌റിങ്, ആർക്കിടെക്ചർ, ബിഫാം ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓപ്‌ഷൻ സമർപ്പണം ഇന്നു (13/06/2019) രാവിലെ 11 മുതൽ. 19നു രാവിലെ 10 വരെ നൽകാം. മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ഓപ്ഷനുകൾ നൽകാൻ വിജ്ഞാപനം പിന്നീടു വരും. കോഴ്സും കോളജും സംബന്ധിച്ച താൽപര്യങ്ങൾ ഓൺലൈനായി നൽകുമ്പോൾ ഏറെ ശ്രദ്ധിക്കണം. മുൻവർഷങ്ങളിൽ ഓരോ വിഭാഗത്തിലും പ്രവേശനം കിട്ടിയ അവസാന റാങ്കുകൾ മനസ്സിൽവച്ചു വേണം ഓപ്ഷൻ നൽകാൻ. സർക്കാർ, സ്വാശ്രയം തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ 12ലെ വിജ്ഞാപനത്തിലുണ്ട്. സൈറ്റിലും ലഭ്യമാണ്. 

ഓപ്‌ഷൻ നൽകുമ്പോൾ കോഴ്‌സുകളുടെ ഉള്ളടക്കം, ജോലി സാധ്യത, കോളജുകളുടെ മികവ് മുതലായവയെപ്പറ്റി പരമാവധി വിവരങ്ങൾ ശേഖരിക്കണം. ആദ്യം സൈറ്റിൽ ചേർക്കുന്ന ഓപ്‌ഷനുകൾ എത്ര തവണ വേണമെങ്കിലും തിരുത്തി സമർപ്പിക്കാം. ഇത്തരം തിരുത്തലും പുനർസമർപ്പണവും നിശ്ചിത തീയതിവരെ തുടരാമെങ്കിലും അവസാനനിമിഷം വരെ കാത്തിരിക്കരുത്. 

  • വിവിധ കോഴ്‌സുകൾ 6 വ്യത്യസ്‌ത റാങ്ക് ലിസ്‌റ്റുകളിലായി ചേർത്തിരിക്കും: 

1.എൻജിനീയറിങ്
2. ആർക്കിടെക്‌ചർ
3. എംബിബിഎസ്, ബിഡിഎസ്, ഹോമിയോ, സിദ്ധ, യൂനാനി
4. അഗ്രി, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ്
5. ആയുർവേദം
6. ബിഫാം

കഴിഞ്ഞ വർഷത്തെ അവസാന റാങ്കുകൾ ക്രോഡീകരിച്ച് www.cee.kerala.gov.in എന്ന സൈറ്റിലെ ‘കാൻഡിഡേറ്റ് പോർട്ടൽ’ ലിങ്കിൽ കൊടുത്തിട്ടുണ്ട്. 

പ്രത്യേകം ശ്രദ്ധിക്കാൻ

  • ഓപ്‌ഷൻ സമർപ്പിക്കുന്നതിനു മുൻപു വിദ്യാർഥികൾ രക്ഷിതാക്കളുടെ അനുമതി വാങ്ങണം. താങ്ങാനാവാത്ത ഫീസ് നൽകേണ്ട ഓപ്‌ഷൻ കൊടുത്ത്, അതിൽ അലോട്‌മെന്റ് കിട്ടിയാൽ പിന്നീടു മാറാനാവാതെവരുന്ന പ്രയാസം ഒഴിവാക്കണം.
  • പാസ്‌വേ‍ഡ് എഴുതി സൂക്ഷിക്കണം. മറ്റാരെയും കാണിക്കരുത്. 
  • നിശ്ചയിക്കപ്പെട്ടു സമയത്ത് ഓപ്ഷൻ സമർപ്പിക്കാത്തവർക്ക് എത്ര ഉയർന്ന റാങ്കുണ്ടെങ്കിലും അലോട്‌മെന്റ് ലഭിക്കില്ല.  
  • എൻട്രൻസ് കമ്മിഷണറുടെ പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കുക.
  • ട്രയൽ അലോട്‌മെന്റ് നന്നായി പഠിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തണം. 
  • ‘ഓൺലൈൻ ഓപ്‌ഷൻ കൺഫർമേഷൻ’ വ്യവസ്‌ഥ കൃത്യമായി പാലിക്കുക  (പ്രോസ്പെക്‌റ്റസിലെ 11.6.4–ാം ഖണ്ഡിക)

ഓപ്‌ഷൻ നൽകുമ്പോൾ ശ്രദ്ധിക്കാം 20 കാര്യങ്ങൾ

1.  കോഴ്‌സുകളുടെയും സ്‌ഥാപനങ്ങളുടെയും കോഡുകളുമായി പരിചയപ്പെടുക. എൻജിനീയറിങ് കോഴ്‌സുകളുടെ കോഡുകൾ പ്രോസ്‌പെക്‌റ്റസിന്റെ 66-ാം പേജിലും മെഡിക്കൽ - അഗ്രിക്കൾച്ചർ കോഴ്‌സുകളുടെ കോഡുകൾ 73-ാം പേജിലും കാണാം. കോളജ് കോഡുകളും പ്രോസ്‌പെക്‌റ്റസിലുണ്ട്. കോഴ്‌സ് കോഡിനു രണ്ടക്ഷരവും കോളജ് കോഡിന് മൂന്നക്ഷരവുമാണ്. ഉദാ: 

AR - Architecture 

EI - Electronics & Instrumentation

MM - MBBS 

MD - BDS

BP - BPharm 

FR - Forestry

TCR - Government Engineering College, Thrissur   

COW - College of Horticulture, Wayanad

ALP - T D Medical College, Alappuzha

KTL - VPSV Ayurveda College, Kottakkal 

2. കമ്മിഷണർ പ്രസിദ്ധപ്പെടുത്തിയ റാങ്ക് ലിസ്‌റ്റ് പ്രകാരം അർഹതയുള്ള ശാഖയിലേക്കു മാത്രമേ ഓപ്‌ഷൻ റജിസ്‌റ്റർ ചെയ്യാൻ കഴിയൂ. ഒരു കോഴ്സും കോളജും ചേർന്നതാണ് ഒരു ഓപ്ഷ‌ൻ. ME-TVE, CE-TVE എന്നിവ രണ്ടും തിരുവനന്തപുരത്തെ കോളജ് ഓഫ് എൻജിനീയറിങ്ങിലേക്കുള്ളതാണെങ്കിലും അവ വ്യത്യസ്ത ഓപ്ഷനുകളാണ്.

3. റാങ്ക്, പഠിക്കാൻ താൽപര്യമുള്ള പഠനശാഖകൾ, ആ ശാഖകൾക്ക് ഇന്ന്  ജോലിവിപണിയിലുള്ള വില, ഫീസ് കൊടുക്കാനുള്ള ശേഷി, സംവരണസാധ്യതകൾ, സ്‌ഥാപനങ്ങളുടെ മികവ്, ക്യാംപസ് റിക്രൂട്‌മെന്റ് സൗകര്യം, സ്‌ഥാപനത്തിലേക്കു വീട്ടിൽ നിന്നുള്ള ദൂരം തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചേ ഓപ്ഷൻ നൽകാവൂ. 

4. ആറക്ക റോൾ നമ്പർ, ഏഴക്ക ആപ്ലിക്കേഷൻ നമ്പർ, ഓൺലൈൻ അപേക്ഷാ സമർപ്പണത്തിന് ഉപയോഗിച്ച പാസ്‌വേ‍ഡ് എന്നിവ കൃത്യമായി എഴുതിവയ്‌ക്കുക. 

5. www.cee.kerala.gov.in എന്ന സൈറ്റിലെ KEAM 2019-Candidate Portal ലിങ്കിൽ ക്ലിക് ചെയ്ത് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേ‍ഡും നൽകുക. Option Registration ലിങ്ക്‌വഴി ഓപ്ഷൻ റജിസ്ട്രേഷൻ പേജിലെത്താം.

6. വിദ്യാർഥിക്കു കിട്ടാവുന്ന മുഴുവൻ ഓപ്‌ഷനുകളും അവിടെ നിന്നറിയാം. ഓരോരുത്തരുടെയും താൽപര്യമനുസരിച്ചു മുൻകൂട്ടി തയാറാക്കിവച്ച ഓപ്‌ഷൻ ക്രമം അടിച്ചു ചേർത്താൽ മാത്രം മതി. ഓപ്‌ഷൻ നമ്പരുകൾ അതത് ഓപ്‌ഷനുകളുടെ നേർക്ക് ബോക്‌സിൽ ടൈപ് ചെയ്യുക. ഓരോ കോഴ്‌സ്-കോളജ് കോംബിനേഷന്റെയും നേർക്ക് (ഉദാ: CS–KSD) മുൻഗണനാക്രമം കാട്ടുന്ന അക്കങ്ങൾ (1, 2, 3, ...) രേഖപ്പെടുത്തി സേവ് ചെയ്യുക. ഇത്ര ഓപ്‌ഷനുകൾ നൽകണമെന്നു നിർബന്ധമില്ല.  

7. ഓപ്‌ഷനുകൾ രേഖപ്പെടുത്തിപ്പോകുമ്പോൾ ഇടയ്‌ക്കിടെ സേവ് ചെയ്യണം. വിവിധ സ്ട്രീമുകളിലെ ഓപ്‌ഷനുകൾ ഇടകലർത്തിക്കൊടുത്താലും കുഴപ്പമില്ല. സൈറ്റിൽ നിന്നുകൊണ്ട് വിവരം ചേർക്കാൻ പ്രയാസമായാൽ വെബ് പേജിലെ ഓപ്‌ഷൻ വർക് ഷീറ്റിന്റെയോ ഡീറ്റെയിൽഡ് ഓപ്‌ഷൻ വർക് ഷീറ്റിന്റെയോ പ്രിന്റെടുത്ത് ഓപ്‌ഷനുകൾ അതിൽ എഴുതിച്ചേർക്കാം. പിന്നീടു സൈറ്റിൽ വിവരങ്ങൾ ചേർക്കാം.  എല്ലാം കഴിഞ്ഞാൽ ഓപ്‌ഷൻ ലിസ്‌റ്റിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം. സബ്‌മിഷൻ കഴിഞ്ഞ് സൈറ്റിൽനിന്നു ‘ലോഗ് ഓഫ്’ ചെയ്യണം. 

8. ഒരിക്കൽ നൽകിയ ഓപ്‌ഷൻ റദ്ദ് ചെയ്യണമെന്നു തോന്നിയാൽ വീണ്ടും സൈറ്റിൽക്കയറി ആ കോംബിനേഷന്റെ നേർക്ക് മൂൻഗണനാ ക്രമനമ്പരായി ‘0’ (പൂജ്യം) അടിച്ചുചേർത്ത് അപ്‌ഡേറ്റ് ചെയ്യാം. ബന്ധപ്പെട്ട ഡിലീറ്റ് ബട്ടൻ ഉപയോഗിച്ചാലും മതി. മുൻഗണനാക്രമം മാറ്റാൻ നമ്പരുകൾ തിരുത്തി അപ്‌ഡേറ്റ് ചെയ്യുക.

9. ഏറ്റവും ഒടുവിൽ സേവ് ചെയ്‌ത വിവരം നമ്മുടെ ഓപ്‌ഷൻ ലിസ്‌റ്റായി സിസ്‌റ്റത്തിൽ കിടക്കും. പരിഷ്‌കരിക്കണമെങ്കിൽ ആദ്യം ചെയ്‌തതുപോലെ സൈറ്റിൽ കയറി ആവശ്യമായ ഓപ്‌ഷനുകൾ ചേർക്കാം. ബന്ധപ്പെട്ട ലിങ്കിൽ ക്ലിക് ചെയ്‌ത് നമ്മുടെ ഓപ്‌ഷൻ ലിസ്‌റ്റ് നോക്കിക്കാണുകയും അതിന്റെ പ്രിന്റെടുക്കുകയും ചെയ്യാം.

10. 17നു ട്രയൽ അലോട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. അതുനോക്കി, വേണമെങ്കിൽ ഓപ്‌ഷൻക്രമം മാറ്റിക്കൊടുക്കാം.

11. ഓപ്‌ഷൻ മുൻഗണനാക്രമത്തിൽ ഒരു കാര്യം ശ്രദ്ധിക്കണം: ഉയർന്ന ഏതെങ്കിലും ഓപ്‌ഷൻ അനുവദിച്ചു കിട്ടിയാൽ പിന്നെ താഴെയുള്ളതിലേക്ക് ഒരിക്കലും മാറ്റം കിട്ടില്ല. സീറ്റ് ഒഴിവുണ്ടെങ്കിൽപ്പോലും കിട്ടില്ല.  

12. ചോദിക്കാത്ത കോഴ്‌സിലോ കോളജിലോ ഒഴിവുണ്ടെങ്കിൽപ്പോലും അവിടേക്കു പ്രവേശനം കിട്ടില്ല. 

13. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ സർക്കാർ സീറ്റും മാനേജ്‌മെന്റ് സീറ്റും വ്യത്യസ്‌ത ഓപ്‌ഷനുകളായി കരുതണം. ഫീസ് കൂടുതലുള്ള മാനേജ്‌മെന്റ് സീറ്റുകളിലേക്കും ഈ ഓപ്‌ഷൻ വഴിയാണു തിരഞ്ഞെടുപ്പ്. 

14. ഓപ്‌ഷൻ സമർപ്പിക്കാനുള്ള അവസാനദിവസം കഴിഞ്ഞ് കമ്മിഷണർ വെബ് പേജ് മരവിപ്പിക്കുകയും തുടർന്ന് ഓരോരുത്തർക്കും അനുവദിക്കാവുന്ന ഏറ്റവും മികച്ച ഓപ്‌ഷൻ നൽകുകയും ചെയ്യും. സിലക്‌ഷൻ ലിസ്‌റ്റ് 20നു സൈറ്റിൽവരും. സിലക്‌ഷൻ പ്രകാരം നൽകേണ്ട ഫീസ് പോസ്റ്റ് ഓഫിസിലോ ഓൺലൈൻവഴിയോ 21 മുതൽ 26 വരെ അടയ്‌ക്കാം. ഫീസ് അടയ്‌ക്കാത്തവരെ ആ സ്‌ട്രീമിലെ പ്രവേശനത്തിനു പിന്നീടു പരിഗണിക്കില്ല. (എൻജിനീയറിങ് / ആർക്കിടെക്ചർ / ഫാർമസി). 

15. ഒരു ഓപ്‌ഷൻ അനുവദിച്ചു കിട്ടുന്നതോടെ മുൻഗണനാക്രമത്തിൽ അതിനു താഴെയുള്ള  ഓപ്‌ഷനുകളെല്ലാം സ്വയം ഇല്ലതാകും. ഉദാഹരണത്തിന് 100 ഓപ്‌ഷനുകൾ സമർപ്പിച്ച ഒരാൾക്ക് അനുവദിച്ചുകിട്ടിയത് 25–ാമത്തെ ഓപ്‌ഷനാണെന്നിരിക്കട്ടെ. 26 മുതൽ 100 വരെ തനിയെ റദ്ദാകും; ഒന്നു മുതൽ 24 വരെ നിലനിൽക്കും. ഫീസ് അടയ്ക്കന്നവർക്ക് ഈ ഒന്നു മുതൽ 24 വരെ ഓപ്‌ഷനുകളുടെ ക്രമം സൈറ്റിൽകയറി മാറ്റിക്കൊടുക്കാനും വേണ്ടാത്തവ  റദ്ദു ചെയ്യാനും പിന്നീട് അവസരം നൽകും. പക്ഷേ, പുതുതായി ഓപ്‌ഷൻ ചേർക്കാൻ കഴിയില്ല. 

16. രണ്ടാമത്തെ അലോട്മെന്റ്: ഫീസ് അടയ്‌ക്കാത്തതിനാലോ യോഗ്യത തൃപ്‌തികരമല്ലാത്തതിനാലോ കുറെപ്പേരുടെ പേരു വെട്ടിപ്പോകും. അതുവഴിയുണ്ടാകുന്ന ഒഴിവുകളിൽ അർഹതയുള്ളവർക്ക് അവരുടെ ഹയർ ഓപ്‌ഷൻപ്രകാരം കയറ്റം നൽകും. ചിലപ്പോൾ കൂടുതൽ ഫീസ് അടയ്‌ക്കേണ്ടിവന്നേക്കാം. 

17. അലോട്‌മെന്റ് പ്രകാരം, നിശ്ചയിക്കപ്പെട്ട ദിവസം ഒറിജിനൽ രേഖകളുമായി കോളജിൽ ചേരാം. ഈ ഘട്ടംവരെ ഒറിജിനലുകൾ പരിശോധിച്ചിട്ടില്ലാത്തതിനാൽ ചിലരുടെ കാര്യത്തിൽ പോരായ്‌മകളുണ്ടാകുകയും പ്രവേശനം കിട്ടാതെ വരുകയും ചെയ്യാം. 

18. ആദ്യ അലോട്‌മെന്റിനു ശേഷം അടുത്ത തവണ പരിഗണിക്കേണ്ട ഉയർന്ന ഓപ്ഷനുകളുള്ളവർ ഹോം പേജിലെത്തി, Confirm ബട്ടൺ ക്ലിക് ചെയ്യണം. ഇങ്ങനെ കൺഫർമേഷൻ ചെയ്‌തതിനു ശേഷം മാത്രമേ നിലനിൽക്കുന്ന ഉയർന്ന ഓപ്‌ഷനുകളിൽ വേണ്ടാത്തവ റദ്ദു ചെയ്യാനും അവയുടെ ക്രമം മാറ്റിക്കൊടുക്കാനും കഴിയൂ. കൺഫർമേഷൻ ചെയ്യാത്തവരുടെ ഉയർന്ന ഓപ്‌ഷനുകൾ നഷ്‌ടപ്പെടും. അടുത്ത അലോട്‌മെന്റിൽ അവ പരിഗണിക്കില്ല. 

19. സഹായം നല്‌കുന്ന  ഓപ്‌ഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ, ഹെൽപ് ഡെസ്‌കുകൾ, പണമടയ്ക്കാവു‍ന്ന പോസ്റ്റ് ഓഫിസുകൾ എന്നിവ  വെബ്സൈറ്റിൽ നിന്നറിയാം. തനിയെ ഓപ്ഷൻ സമർപ്പിക്കാൻ പ്രയാസമുളളവരെ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ സഹായിക്കും. പാസ്‌വേഡ് മറന്നുപോയിട്ട് അതു റീസെറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഏതെങ്കിലും ഓപ്‌ഷൻ ഫെസിലിറ്റേഷൻ സെന്റററിലെത്തി സഹായം ചോദിക്കുക. 

20. സംശയപരിഹാരത്തിനു 

ഫോൺ: 0471– 2332123, 2339101

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA