ADVERTISEMENT

കോളജ് പഠനകാലത്തെ കുറിച്ചുള്ള മധുര സ്മരണകള്‍ ഒരിക്കലും ക്ലാസ്സ് മുറികളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ തങ്ങി നില്‍ക്കുന്നതാവില്ല. അവ പലപ്പോഴും ചെന്നു നില്‍ക്കുക കൂട്ടുകാരോടൊപ്പം നിങ്ങള്‍ സമയം ചെലവഴിച്ച കോളജ് കാന്റീനുകളിലും അതേ പോലുള്ള ഫുഡ് ജോയിന്റുകളിലുമൊക്കെയായിരിക്കും. പങ്കിട്ടു കഴിച്ച മുട്ടപഫ്‌സിലും ജ്യൂസിലുമൊക്കെയായി ഇത്തരം ഇടങ്ങളില്‍ സൗഹൃദവും പ്രണയവുമൊക്കെ ഫുള്‍ ജാര്‍ സോഡ പോലെ പതഞ്ഞൊഴുകിയിട്ടുണ്ടാകും. ജെഎന്‍യുവിലെ ഗംഗാ ഡാബയും ജാമിയയിലെ കാസ്‌ട്രോ കഫെയും സെന്റ് സേവിയേഴ്‌സിലെ സാന്‍ഡ്‌വിച്ച് വാല അങ്കിളുമെല്ലാം ഈ കോളജുകളോളം തന്നെ പ്രസിദ്ധമാണ്.

എന്നാല്‍ കോളജുകള്‍ക്കെന്ന പോലെ ഈ ഫുഡ് ജോയിന്റുകള്‍ക്ക് ഒരു റാങ്കിങ്ങ് നല്‍കി നോക്കിയാലോ. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന കോളജ് ക്യാംപസ് ഏതായിരിക്കും. ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്ന ഏജന്‍സിയായ ഫുഡ് സേഫ്ടി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അഭിപ്രായത്തില്‍ ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതവും ആരോഗ്യ പൂര്‍ണവും പോഷണ ഗുണമുള്ളതുമായ ഭക്ഷണം വിളമ്പുന്ന കോളജ് ക്യാംപസ് ഗുജറാത്തിലെ ഗാന്ധിനഗര്‍ ഐ ഐ ടിയാണ്. എഫ്എസ്എസ്എഐയുടെ 'ഈറ്റ് റൈറ്റ് ക്യാംപസ് ' ഓഡിറ്റില്‍ 5 സ്റ്റാര്‍ നേടിയ ഗാന്ധിനഗര്‍ ഐ ഐ ടി 'ഈറ്റ് റൈറ്റ് ക്യാംപസ് ' പുരസ്‌ക്കാരത്തിനും അര്‍ഹരായി.

വിദ്യാര്‍ഥികൾക്ക് പ്രഥമ പരിഗണന  

ക്യാംപസിലെ ക്യാന്റീനുകളും മെസ്സും ഫുഡ് ജോയിന്റുകളുമെല്ലാം ഒത്തൊരുമിച്ച് ശ്രമിച്ചാണ് ഈ ബഹുമതി ഗാന്ധിനഗര്‍ ഐഐടിക്ക് നേടിക്കൊടുത്തത്. ഇവയ്‌ക്കെല്ലാം ഗുജറാത്തിലെ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്റെ ലൈസന്‍സും റജിസ്‌ട്രേഷനുമുള്ളതാണ്. നടത്തിപ്പുകാര്‍ക്ക് ഫുഡ് സേഫ്ടി അവയര്‍നസ്സ് ആന്‍ഡ് ട്രെയിനിങ്ങ് ഓര്‍ഗനൈസേഷന്റെ പരിശീലനം ലഭ്യമാക്കിയിട്ടുണ്ട്. ഓഡിറ്റ് നടത്താന്‍ ഒരു മൂന്നാം പാര്‍ട്ടി ഏജന്‍സിയെയും നിയോഗിച്ചിട്ടുണ്ട്.  വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ പരിഗണന നല്‍കിക്കൊണ്ട് അവരുടെ ക്ഷേമവും ആരോഗ്യവും ഉറപ്പു വരുത്തുന്ന നയമാണ് ഈ പുരസ്‌കാരം തങ്ങള്‍ക്ക് നേടിത്തന്നതെന്ന് ഗാന്ധിനഗര്‍ ഐഐടി ഡയറക്ടര്‍ പ്രഫ. സുധീര്‍ കെ. ജയിന്‍ പറയുന്നു. 

ക്യാംപസിലെ എല്ലാ ഫുഡ് ജോയിന്റുകള്‍ക്കും എഫ്എസ്എസ്എഐ ലൈസന്‍സുണ്ട്. ഗുണനിലവാരമുള്ള ഭക്ഷണം വൃത്തിയോടെ പാകം ചെയ്ത് വിളമ്പുമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും അധികൃതരും ഉറപ്പു വരുത്തുന്നു. സമീകൃത ആഹാരത്തിന് ഊന്നല്‍ നല്‍കി കൊണ്ട് എല്ലാ മാസവും മെനു തീരുമാനിക്കുന്നത് വിദ്യാര്‍ത്ഥി മെസ്സ് കൗണ്‍സില്‍ തന്നെയാണ്. പോഷണം ഉറപ്പാക്കാന്‍ ഫോര്‍ട്ടിഫൈഡ് ഉപ്പും അരിയും ഗോതമ്പും എണ്ണയും പാലും ഉപയോഗിക്കുന്നു. ഓരോ സീസണിലും ലഭ്യമായ പച്ചക്കറി, പഴ വര്‍ഗങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്താനും ക്യാംപസ് അധികൃതര്‍ ശ്രദ്ധിക്കാറുണ്ട്. 

റോബിന്‍ഹുഡ് ആര്‍മി 
ഉപയോഗിക്കാതെ മിച്ചം വരുന്ന ഭക്ഷണം വിശന്നിരിക്കുന്ന പാവപ്പെട്ടവര്‍ക്ക് എത്തിക്കാന്‍ ഐഐടി ഗാന്ധിനഗര്‍ റോബിന്‍ഹുഡ് ആര്‍മി എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഫുഡ് ജോയിന്റുകളില്‍ നിന്ന് ഉപയോഗിച്ച എണ്ണ ശേഖരിക്കാനായി ബയോ ഡീസല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായും സ്ഥാപനം സഹകരിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ ക്യാംപസില്‍ തന്നെയുള്ള ബയോ ഗ്യാസ് പ്ലാന്റ് വഴി വളമാക്കി മാറ്റുന്നു. ഭക്ഷണം പാഴാക്കുന്നത് തടയാനുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ക്യാംപസില്‍ നടത്തുന്നുണ്ട്. ഓരോ ദിവസത്തെയും ഭക്ഷണാവശിഷ്ടത്തിന്റെ അളവ് ഡൈനിങ്ങ് ഹാളിനു പുറത്തുള്ള നോട്ടീസ് ബോര്‍ഡില്‍ രേഖപ്പെടുത്താറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com