ADVERTISEMENT

മികച്ച സ്കൂളുകളുകളും പരിശീലന സ്ഥാപനങ്ങളും തേടി വിദേശത്തു നിന്നു പോലും ആളുകൾ എത്തുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ റാങ്കുകൾ വാരിക്കൂട്ടുന്നു. പൊതുപരീക്ഷകളിലും മികച്ച പ്രകടനം ജില്ലയിലെ സ്ഥാപനങ്ങൾക്കുണ്ട്. 

സംസ്ഥാന എൻജിനീയറിങ് പ്രവേശനപ്പരീക്ഷയിലെ ആദ്യ 10 റാങ്കുകൾ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിച്ച കുട്ടികൾ സ്വന്തമാക്കിയത് അവസാന ഉദാഹരണം. 

 രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ദേശീയ തലത്തിൽ 90–ാം റാങ്ക് നേടി വിഷ്ണു വിനോദ് തിളങ്ങിയത് കോട്ടയത്തിനും ആഹ്ലാദമേകി. എൻഐടികളിലേക്കുള്ള പ്രവേശനപ്പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്കും വിഷ്ണു നേടിയിരുന്നു. ഇടുക്കി അണക്കര സ്വദേശിയായ വിഷ്ണു ഐഐടി പ്രവേശന പരിശീലനം ലക്ഷ്യമിട്ടാണ് ഇടുക്കിയിൽ നിന്ന് പഠനം മാന്നാനം കെഇ സ്കൂളിലേക്കു മാറ്റിയത്. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ രണ്ടു വർഷത്തെ പരിശീലനം നേടിയിരുന്നു. 

റാങ്കുകൾ പിന്നാലെ 

പ്രവേശന പരീക്ഷാ റാങ്കുകൾ പ്രഖ്യാപിച്ചാൽ എല്ലാ കണ്ണുകളും കോട്ടയത്തേക്ക്. ദേശീയ തല  പ്രവേശന പരീക്ഷകളിലെ റാങ്കുകളും ഒട്ടേറെ എത്തുന്നു. 

ജെഇഇ മെയിൻ പരീക്ഷയിലും ജില്ലയിലെ സ്ഥാപനങ്ങളിലെ കുട്ടികൾ മികച്ച വിജയം നേടിയിരുന്നു. മുൻവർഷങ്ങളിലും മികച്ച റാങ്കുകൾ ജില്ല സ്വന്തമാക്കി. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷ, കുസാറ്റ് പ്രവേശന പരീക്ഷ തുടങ്ങിയവയിലെല്ലാം മികച്ച ഫലമാണു കോട്ടയം നേടിയത്. 

മികച്ച സൗകര്യം 

ചിട്ടയായ പഠനവും മികച്ച സൗകര്യവുമാണു കോട്ടയത്തെ സ്ഥാപനങ്ങളെ ജനപ്രിയമാക്കുന്നത്. ഹൈസ്കൂൾ മുതൽ കോട്ടയത്തെ സ്കൂളുകൾ തിരഞ്ഞെടുത്ത് എത്തുന്നവർ ഏറി വരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സാമീപ്യവും ഒരു ഘടകമാണ്. മികച്ച ഹോസ്റ്റൽ സൗകര്യങ്ങളുമുണ്ട്. 

 നവോദയയും കുതിക്കുന്നു

ജവഹർ നവോദയ വിദ്യാലയയിലെ മികച്ച കുട്ടികളെ ഐഐടി പ്രവേശനത്തിനു സജ്ജരാക്കാൻ പൂണെ ആസ്ഥാനമായ ദക്ഷണ എന്ന എൻജിഒ നടത്തുന്ന പരിശീലന പരിപാടിയിൽ സംസ്ഥാനത്തു തിരഞ്ഞെടുത്തിരിക്കുന്നതു കോട്ടയം നവോദയ വിദ്യാലയ ആണ്. ഐഐടികളിലേക്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ എത്തിക്കുന്നതിനു പ്രത്യേക പരിശീലനം നൽകുകയാണു ദക്ഷണ ചെയ്യുന്നതെന്നു കോഓർഡിനേറ്റർ ബി.രഞ്ജിത്ത് പറഞ്ഞു. 

മുത്തോലിയുടെ മാറ്റം 

ബ്രില്യന്റ് സ്റ്റഡി സെന്റർ എത്തിയതോടെ മുത്തോലിയുടെ മുഖച്ഛായ മാറി. പാലാ–ഏറ്റുമാനൂർ പാതയിലെ ഒരു ചെറിയ കവല എന്നതിൽ നിന്നു ആളുകൾ അന്വേഷിച്ച് എത്തുന്ന ഒരു പ്രധാന കേന്ദ്രം എന്ന സ്റ്റാറ്റസിലേക്ക് മുത്തോലി എത്തി. ബ്രില്യന്റ് സ്റ്റഡി സെന്ററിനു ചുറ്റും താമസ സൗകര്യങ്ങൾ ധാരാളം ഉണ്ടായി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തു നിന്നും വിദ്യാർഥികൾ എത്തുന്നു. ദേശീയ തലത്തിൽ അടക്കം മികച്ച റാങ്കുകൾ ബ്രില്യന്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്നെന്നു ഡയറക്ടർ ജോർജ് തോമസ് പറഞ്ഞു. മിടുക്കരായ കുട്ടികൾക്ക് സ്കൂളിൽ നിന്നു ലഭിക്കുന്നതിൽ അധികം നൽകാൻ സാധിക്കുന്നതാണ് വിജയമന്ത്രമെന്നും അദ്ദേഹം പറഞ്ഞു. 

എന്തുകൊണ്ട് കോട്ടയം? 

ഐഐടികളിലേക്ക് കേരളത്തിൽ നിന്നു കൂടുതൽ വിദ്യാർഥികൾ എത്തണം എന്ന ലക്ഷ്യത്തോടെയാണു പ്രവേശന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങിയതെന്നു മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി പറഞ്ഞു. ആദ്യ വർഷം തന്നെ മികച്ച പ്രതികരണമുണ്ടായി. ചിട്ടയായ പരിശീലനം, മികച്ച ബോർഡിങ് സൗകര്യങ്ങൾ തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ നോക്കിയാണു രക്ഷിതാക്കൾ സ്കൂളുകൾ തിരഞ്ഞെടുക്കുന്നതെന്ന് പാലാ ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ പറഞ്ഞു. 

മികച്ച വിജയം നേടുന്ന സ്ഥാപനങ്ങൾ രക്ഷിതാക്കളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കുമെന്നു ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പൽ റവ.ഡോ.സാംജി വടക്കേടം പറഞ്ഞു. മികച്ച സ്ഥാപനങ്ങൾ തേടി വിദേശത്തു നിന്നു വരെ വിദ്യാർഥികൾ എത്തുന്നെന്നു കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ പറഞ്ഞു. 

സകുടുംബം കോട്ടയത്ത്

കോട്ടയത്തേക്ക് കുടുംബ സമേതം പഠിക്കാൻ എത്തുന്നവരുമുണ്ട്. ഒരു വീട്ടിലെ രണ്ടു കുട്ടികൾ പഠിക്കാൻ ഉണ്ടെങ്കിൽ അച്ഛനോ അമ്മയോ കുട്ടികൾക്കൊപ്പം ജില്ലയിലേക്ക് താമസിക്കാൻ എത്തുന്നു. സ്കൂളുകൾക്കു സമീപം വീടെടുത്താണ് താമസം. ഇത്തവണ എൻജീനിയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിഷ്ണു വിനോദ് ഇടുക്കിയിൽ നിന്നെത്തി കോട്ടയത്തു വീടെടുത്ത് താമസിച്ചു പഠിക്കുകയായിരുന്നു. കുട്ടികളുടെ പഠനത്തിനായി കോട്ടയം ജില്ലയിലേക്ക് സ്ഥലം മാറ്റം വാങ്ങുന്ന ഉദ്യോഗസ്ഥരുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com