ADVERTISEMENT

ഈദുൽ ഫിത്ർ ചെറിയ പെരുന്നാളാണ്. കഴിഞ്ഞ ഈദുൽ ഫിത്ർ ദിനം പക്ഷേ, മലപ്പുറം അരീക്കോട് ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിനു വലിയ പെരുന്നാളായിരുന്നു, ഇമ്മിണി വലിയ പെരുന്നാൾ. കാരണം, അന്നായിരുന്നു സ്കൂളിലെ 5 വിദ്യാർഥികളുടെ വീടുകളിൽ ഗൃഹപ്രവേശം. ആ വീടുകൾ സ്കൂളും നാടും ഒരുമിച്ചു കൈകോർത്തു നിർമിച്ചവയായിരുന്നു. എങ്ങനെ ഇതു ചെയ്തു എന്നു ചോദിച്ചാൽ അരീക്കോട്ടുകാർ പറയും, ‘ ഭക്ഷണത്തിൽ സ്നേഹവും കാരുണ്യവും പിന്നെ സഹജീവിസ്നേഹവും കൂടി ചേർത്തു വിളമ്പി’യിട്ടാണെന്ന്. ആ കഥ ഇങ്ങനെ:

∙വീട്ടിലേക്കുള്ള രുചിവഴി
എൻഎസ്എസ് യൂണിറ്റിന്റെ കീഴിൽ സഹപാഠിക്കൊരു വീടു പദ്ധതി നടപ്പാക്കാനുള്ള ആലോചനയിൽ നിന്നാണു തുടക്കം. ഒന്ന് ഏറിയാൽ രണ്ട് വീടുകളായിരുന്നു ലക്ഷ്യം. പണം കണ്ടെത്തുന്നതിനു പല വഴികൾ ആലോചിച്ചു. ഒടുവിൽ ആവി പറക്കുന്ന ആശയം തന്നെ അധ്യാപകർ  കണ്ടെത്തി. അഞ്ചു മുതൽ 12 വരെ സ്കൂളിൽ 2500 ൽ അധികം കുട്ടികൾ പഠിക്കുന്നു . വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഭക്ഷ്യമേള നടത്തുക. അതിൽ നിന്നു കണ്ടെത്തുന്ന പണം വീടുനിർമാണത്തിന് ഉപയോഗിക്കാം. കാര്യം പറഞ്ഞപ്പോൾ രക്ഷിതാക്കൾക്ക് ഇരട്ടി ആവേശം. 

∙ചോദിച്ചതു പൂവ്, കിട്ടിയതു പൂക്കാലം
കഴിഞ്ഞ  ഡിസംബർ ഏഴിനു ഭക്ഷ്യ മേള  സംഘടിപ്പിക്കാൻ  തീരുമാനിക്കുമ്പോഴും മനസ്സിലുള്ള വീടുകളുടെ എണ്ണം പരമാവധി രണ്ടായിരുന്നു. ഓരോ ക്ലാസിനും ഒന്നെന്ന രീതിയിൽ ആകെ 50 സ്റ്റാളുകളാണു ഭക്ഷ്യമേളയ്ക്കുണ്ടായിരുന്നത്. സമൂസ മുതൽ പീത്‌സ വരെയുള്ള രുചിക്കൂട്ടുകളുമായി രക്ഷിതാക്കളും വിദ്യാർഥികളും അരങ്ങൊരുക്കിയപ്പോൾ നാട് ഒന്നാകെ സ്കൂളിലേക്കൊഴുകി. സെവൻസ് ഫുട്ബോൾ മൽസരം കാണാനെത്തുന്ന അതേ ആവേശത്തോടെ ജനം കാരുണ്യത്തിന്റെ കൈനീട്ടം നൽകാനെത്തി. 

ഭക്ഷ്യമേളയ്ക്കൊപ്പം തൊട്ടുകൂട്ടാൻ ഇശൽ തക്കാരവും നാട്ടു ചന്തയും കൂടിയായപ്പോൾ സംഗതി കുശാൽ. വൈകിട്ട് 3 മുതൽ രാത്രി 9 വരെയുള്ള അഞ്ചു മണിക്കൂർ രുചിമേളത്തിനു തിരശ്ശീല വീണപ്പോൾ സഹപാഠിക്കു വീടൊരുക്കാനുള്ള ഫണ്ടിലേക്കെത്തിയത് 24 ലക്ഷം രൂപ. നാട്ടുകാർ പൂവിനു പകരം പൂക്കാലം തന്നെ നൽകിയപ്പോൾ വീടുകളുടെ എണ്ണം രണ്ടിൽ നിന്ന് അഞ്ചായി. 

∙ഭാരമില്ലാത്ത കാരുണ്യം
ഏറ്റവും അർഹരായ അഞ്ചു വിദ്യാർഥികളെ കണ്ടെത്തി വീടു നിർമാണം തുടങ്ങി. അവിടെയുമുണ്ടായിരുന്നു സൂക്ഷ്മത. വീടു ലഭിച്ച വിദ്യാർഥികൾ സഹപാഠികൾക്കു മുന്നിൽ കാരുണ്യത്തിന്റെ ഭാരവുമായി നിൽക്കരുതെന്നു അധ്യാപകർക്കു ശാഠ്യമുണ്ടായിരുന്നു. അതിനാൽ, കുട്ടിയുടെ പേരിലല്ല, വീട് 1, വീട് 2 എന്ന രീതിയിലാണു ചർച്ചകളിലും ആശയ വിനിമയങ്ങളിലും ഉപയോഗിക്കുന്നത്. കഴിഞ്ഞ ക്രിസ്മസ് കാലത്ത്  ആരംഭിച്ച നിർമാണം ചെറിയ പെരുന്നാൾ കാലത്തു ഗൃഹപ്രവേശത്തിലെത്തി നിൽക്കുമ്പോൾ സന്തോഷത്തിന്റെ നിലാവ് പരക്കുന്നത് ആ നാടിന്റെ മനസ്സിലാണ്. സാമൂഹിക ബോധം  കേരളത്തിലെ സ്കൂളുകളിൽ പാഠ്യ വിഷയമല്ല. എന്നാൽ, വിദ്യാർഥികൾക്കു സഹജീവി സ്നേഹത്തിന്റെ പ്രാക്ടിക്കൽ പാഠം നൽകുന്ന കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ തന്നെയാണ് എസ്ഒഎച്ച്എസ്എസ് അധ്യാപകരുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com