ADVERTISEMENT

ഭാര്യയുടെ പ്രസവം കാത്തു ലേബര്‍ റൂമിനു പുറത്തിരിക്കുന്ന ഭര്‍ത്താവ്. പരീക്ഷയുടെ ഫലം കാത്തിരിക്കുന്ന വിദ്യാർഥി. ഈ രണ്ടു കൂട്ടര്‍ക്കും പൊതുവായുള്ള കാര്യം എന്താണ്. ഫലം എന്തായി തീരുമെന്ന ടെന്‍ഷന്‍. പ്രസവവും പരീക്ഷയും ഒരേ പോലെ ടെന്‍ഷന്‍ നിറഞ്ഞ സംഗതികളാണ്. 

എന്നാല്‍ ഇത്രയും ടെന്‍ഷന്‍ നിറഞ്ഞ ഈ രണ്ടു കാര്യങ്ങളും അര മണിക്കൂറിന്റെ വ്യത്യാസത്തില്‍ ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഒരു ഇരുപത്തിയൊന്നുകാരി. പശ്ചിമ എത്തിയോപ്പിയയിലെ മെറ്റുവില്‍ നിന്നുള്ള അല്‍മസ് ഡെരേസ് ആണ് പ്രസവം കഴിഞ്ഞു സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയെഴുതാന്‍ പോയത്. 

ഗര്‍ഭിണിയായിരുന്നപ്പോഴും പരീക്ഷയ്ക്കു വേണ്ടി അല്‍മസ് പഠിക്കുന്നുണ്ടായിരുന്നു. പ്രസവ തീയതി അടുക്കുന്നതിനു മുന്‍പു പരീക്ഷ തീരുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ റംസാന്‍ ആഘോഷത്തെ തുടര്‍ന്നു പരീക്ഷ നീട്ടി വച്ചതോടെ പ്രസവവും പരീക്ഷയും ഒരുമിച്ചെത്തി. അങ്ങനെയാണ് അര മണിക്കൂര്‍ വ്യത്യാസത്തില്‍ അല്‍മസിനു രണ്ടും ചെയ്യേണ്ടി വന്നത്. 

ആശുപത്രിയില്‍ വച്ചു തന്നെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഭര്‍ത്താവ് തഡേസേ ടുളു സ്‌കൂള്‍ അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ അല്‍മസിന് ഒരുക്കി നല്‍കിയത്. പരീക്ഷ നന്നായി എഴുതിയ അല്‍മസും, പരീക്ഷയ്ക്ക് മുന്നോടിയായി എത്തിയ നവജാതശിശുവും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. 

ഇതിന്റെ വാര്‍ത്ത പരന്നതോടെ ട്വിറ്ററിലും മറ്റും നിരവധി പേര്‍ അല്‍മാസിനെ അഭിനന്ദിക്കാനെത്തി. എന്നാല്‍ എത്തിയോപ്പിയയില്‍ വളരെ ചെറുപ്പത്തില്‍ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന പതിവിനെതിരെയും ചിലര്‍ വിമര്‍ശനം ഉന്നയിച്ചു. 2018ലെ യുണീസെഫ് റിപ്പോര്‍ട്ട് അനുസരിച്ച് പത്തില്‍ നാല് എത്തിയോപ്പിയന്‍ പെണ്‍കുട്ടികളെയും 18 വയസ്സ് തികയുന്നതിനു മുന്‍പു വിവാഹം കഴിപ്പിക്കാറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com