ADVERTISEMENT

ബിഹാറിലെ ദരിദ്രകുടുംബങ്ങൾക്ക് അറിവിന്റെ നക്ഷത്രമായി മാറിയ ‘കണക്കുസാറി’നു പക്ഷേ സ്വന്തം ജീവിതത്തിൽ വലിയ പ്രതീക്ഷയില്ല. തലച്ചോറിൽ മുഴയുമായി ചികിൽസയിലാണെന്നും ഇനി 5 വർഷം കൂടിയേ ബാക്കിയുള്ളൂവെന്നും ഐഐടി പ്രവേശന പരീക്ഷയ്ക്കായി പാവപ്പെട്ട 30 മിടുക്കന്മാർക്ക് എല്ലാ വർഷവും പരിശീലനം നൽകുന്ന ‘സൂപ്പർ 30’ സ്കൂളിന്റെ സ്ഥാപകനായ ആനന്ദ് കുമാ‍ർ (46). ഇദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ‘സൂപ്പർ 30’ ഇന്നു റിലീസ് ചെയ്യാനിരിക്കെയാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഹൃതിക് റോഷനാണു നായകൻ.

anand-kumar-with-students

 

2014 ലാണു രോഗം തിരിച്ചറിഞ്ഞത്. വലതുചെവിയുടെ കേൾവിശേഷി നഷ്ടമായി. ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണു ചെവിക്കല്ല തകരാറ്, മറിച്ച് ‘അകൂസ്റ്റിക് ന്യൂറോമ’ എന്നയിനം തലച്ചോർമുഴ വളരുകയാണെന്നു കണ്ടെത്തിയത്. അന്ന്, 5 വർഷം മുൻപ്, ഡോക്ടർമാർ പറഞ്ഞു: കഷ്ടിച്ചൊരു 10 വർഷം കൂടി ജീവിച്ചേക്കും.

 

ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിനാൽ ശസ്ത്രക്രിയയും സാധ്യമല്ലായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലാണ് ഇപ്പോൾ ചികിൽസ. ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചെങ്കിലും വിമാനയാത്രയ്ക്കു പോലുമുള്ള പണം സ്വരൂപിക്കാൻ കഴിയാതെ പിന്മാറേണ്ടിവന്നതുൾപ്പടെ സാമ്പത്തിക പരാധീനതകൾ മൂലം ആനന്ദിനു നഷ്ടമായ സ്വപ്നങ്ങളേറെയാണ്. പിതാവു മരിച്ചതോടെ കുടുംബം പോറ്റാൻ പപ്പടം വിൽക്കാനിറങ്ങി. സഹോദരനാണ് ആനന്ദിനെ ഗണിതശാസ്ത്ര അധ്യാപകനാകാൻ ഉപദേശിച്ചത്. അയൽപക്കത്തെ കുട്ടികളെ പഠിപ്പിച്ചു കൊണ്ട് 2002 ലായിരുന്നു അധ്യാപക ജീവിതത്തിന്റെ തുടക്കം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com