ADVERTISEMENT

താമരാക്ഷന്‍ പിള്ള ബസ് ഓര്‍മ്മയില്ലേ ? ദിലീപ് നായകനായ 'ഈ പറക്കും തളിക' എന്ന സിനിമയില്‍ കാരവനായും കിടപ്പു മുറിയായും ബാത്ത്‌റൂമായും തിയറ്ററായും റസ്റ്ററന്റായുമൊക്കെ രൂപം മാറുന്ന താമരാക്ഷന്‍ പിള്ളയെന്ന ബസ്സ് ഒരു അതിശയമായിരുന്നു. ബസ്സിനെ ഹോട്ടലും ഫുഡ് ട്രക്കുമായി മാറ്റുന്ന സംഗതികള്‍ പിന്നീടു നിരവധി തവണ നാം സിനിമയിലും ജീവിതത്തിലും കണ്ടു. എന്നാല്‍ മുംബൈയിലിപ്പോള്‍ അല്‍പം വ്യത്യസ്തമായ പരീക്ഷണമാണ് ബസ്സില്‍ നടക്കുന്നത്. 

അവിടുത്തെ രണ്ടു ബസ്സുകളെ രണ്ടു മാസത്തിനകം മൊബൈല്‍ ലബോറട്ടറികളാക്കാനുള്ള ശ്രമത്തിലാണു ബെംഗളൂരു ആസ്ഥാനമായുള്ള അഗസ്ത്യ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ. നഗരത്തിലെ 12 സ്‌കൂളുകളിലെ വിദ്യാർഥികളുടെ സര്‍ഗ്ഗാത്മക ചിന്ത വളര്‍ത്തുന്നതിനായിട്ടാണ് ബസുകളെ സഞ്ചരിക്കുന്ന ലബോറട്ടറികളായി അണിയറയില്‍ ഒരുക്കുന്നത്. ''ബനാവോ ബസസ് '' അഥവാ മേക്കര്‍ സ്‌പേസ് എന്നു പേരിട്ടിരിക്കുന്ന ഈ മോഡിഫൈഡ് ബസുകളില്‍ ടാബുകളും കംപ്യൂട്ടറുകളും ത്രീഡി പ്രിന്ററും കണ്‍സ്ട്രക്ഷന്‍ ടൂള്‍ കിറ്റുകളും മറ്റു ഉപകരണങ്ങളും ഉണ്ടാകും. പുതുതായി പല സാധനങ്ങളും ഡിസൈന്‍ ചെയ്യാനും പരീക്ഷിക്കാനും നിര്‍മ്മിക്കാനും കണ്ടുപിടിക്കാനുമുള്ള ട്യൂട്ടോറിയലുകള്‍ ഫൗണ്ടേഷന്‍ ബസ്സിലൂടെ വിദ്യാർഥികള്‍ക്കു നല്‍കും. 

വര്‍ളിയില്‍ ഡോ. ബിആര്‍ അംബേദ്കര്‍ സ്‌കൂള്‍, ലാല്‍ബാഗിലെ അഭ്യുദയ നഗര്‍ സ്‌കൂള്‍, ന്യൂ സിയോണ്‍ മുനിസിപ്പല്‍ സ്‌കൂള്‍, ചെമ്പൂരിലെ കളക്ടേഴ്‌സ് കോളനി മുനിസിപ്പല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ബസ്സുകളെത്തി പരിശീലന സെഷനുകള്‍ നടത്തും. നവി മുംബൈയ്ക്ക് പോകുന്നതിന് മുന്‍പായി നഗരത്തിലെ 800 വിദ്യാർഥികളിലേക്ക് ഈ പരീക്ഷണ ബസ് എത്തും. 

സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാന്‍ കഴിവുള്ള വിദ്യാർഥി മനസ്സുകളെ ശാസ്ത്രത്തിന്റെ പ്രായോഗികതയിലേക്ക് ഉണര്‍ത്തുകയാണ് ബനാവോ ബസ്സുകളുടെ ലക്ഷ്യമെന്ന് അഗസ്ത്യ ഫൗണ്ടേഷന്‍ സീനിയര്‍ പ്രോഗ്രാം ലീഡര്‍ ശ്രീ ഹര്‍ഷാലി ഖണ്ഡേക്കര്‍ പറയുന്നു. കുട്ടികള്‍ക്കു ചെറു പ്രായത്തില്‍ തന്നെ പുതിയ ആശയങ്ങള്‍ തേടാനുള്ള പരിശീലനം ലഭിച്ചാല്‍ കാര്യങ്ങളെ നോക്കിക്കാണുന്ന അവരുടെ വീക്ഷണഗതി തന്നെ മാറുമെന്നും അദ്ദേഹം പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com