ADVERTISEMENT

മറ്റു തൊഴിൽ മേഖലകളെ അപേക്ഷിച്ച് സിവിൽ സർവീസ് എന്ന കരിയറിനെ ആകർഷകമാക്കുന്ന അനേകം ഘടകങ്ങളുണ്ട്. അതേസമയം, ഈ മേഖല വെല്ലുവിളികൾ നിറഞ്ഞതുമാണ്. ജോലി ലഭിച്ച ശേഷമുള്ള വെല്ലുവിളികൾക്കു മുൻപേ പഠനസമയത്തും പരീക്ഷയെഴുതുമ്പോഴുമൊക്കെ പ്രതിസന്ധികൾ ഉണ്ടാകാം. ഇതു സംബന്ധിച്ച കാര്യങ്ങൾ ആമുഖമായി അറിഞ്ഞിട്ടുവേണം സിവിൽ സർവീസ് എന്ന കരിയറിലേക്കു കടക്കാൻ. 

സർക്കാരിനെയും ജനങ്ങളെയും സേവിക്കണമെന്ന് ആഗ്രഹമുള്ള ഏതൊരാൾക്കും ലഭിക്കാവുന്ന ഏറ്റവും വലിയ പദവികളിലൊന്നാണു സിവിൽ സർവീസ്. നേതൃത്വപദവി ഏറ്റെടുക്കാനുള്ള അവസരം തുടക്കം മുതൽ ലഭിക്കുമെന്നതും പടിപടിയായി ഉയരാൻ അവസരം ഉണ്ടെന്നതും ഈ ജോലിയെ ആകർഷകമാക്കുന്നു. രാഷ്ട്രീയ, സാമൂഹിക ചുറ്റുപാടുകൾക്കിടയിൽ നിന്നുകൊണ്ടു സംഘാടനം നടത്തുക, ഭരണനിർവഹണത്തിൽ ഏർപ്പെടുകയും നയരൂപവൽക്കരണം സാധ്യമാക്കുകയും ചെയ്യുക, ഏകോപനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ഫലം ഉണ്ടാക്കുക തുടങ്ങിയവയൊക്കെയാണു സിവിൽ സർവീസിലെ ജോലിയുടെ പ്രൊഫൈൽ. ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ടു മികവു നേടണമെന്നത് ഈ ജോലിയുടെ പ്രധാന വെല്ലുവിളിയാണ്.

വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കാനും സമൂഹ പുരോഗതിക്കായി നയപരമായ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും ഐഎഎസ് നേടിയാൽ സാധിക്കുന്നു. ഇന്ത്യൻ ഫോറിൻ സർവീസ് ലഭിച്ചാൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മറ്റൊരു രാജ്യത്തു പ്രവർത്തിക്കാമെന്നതാണു നേട്ടം. നിയമപരിപാലനത്തിന്റെയും ആധുനിക യുഗത്തിന്റെയും വെല്ലുവിളികൾ ഐപിഎസിനെ ആകർഷകമാക്കുന്നു. ഇന്ത്യൻ റവന്യു സർവീസ്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്, ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസ് തുടങ്ങിയ കേന്ദ്ര സർവീസുകളെല്ലാം അതതു മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനും വിദഗ്ധരാകാനും പ്രവർത്തന മികവുകൊണ്ട് ഉന്നതതലത്തിൽ ശോഭിക്കാനും അവസരങ്ങളുള്ള സേവന രംഗങ്ങളാണ്.

ഐഎഎസും ഐപിഎസും ലഭിച്ചാൽ മൂന്നിൽ രണ്ടു പേർക്കും സ്വന്തം സംസ്ഥാനത്തിനു പുറത്താണു നിയമനം ലഭിക്കുക. ജോലി ലഭിക്കുന്ന കേഡറിലും (സംസ്ഥാനത്ത്) കേന്ദ്ര ഗവൺമെന്റിലുമായിട്ടായിരിക്കും ഔദ്യോഗിക ജീവിതം ചെലവഴിക്കേണ്ടി വരിക. അതുകൊണ്ട് നാട്ടിൽ ജീവിക്കാനായി ജോലി തേടുന്ന എല്ലാവർക്കും ആ സൗകര്യം സിവിൽ സർവീസ് വഴി ലഭിക്കണമെന്നില്ല. 

ഓരോ വർഷവും അ‍ഞ്ചു ലക്ഷത്തോളം പേർ പരീക്ഷയെഴുതി ആയിരത്തോളം പേർക്കു മാത്രമാണു സിവിൽ സർവീസിലേക്കു പ്രവേശിക്കാൻ സാധിക്കുന്നത്. പരീക്ഷയെഴുതാൻ, ജനറൽ കാറ്റഗറിയിൽ നാലും സംവരണ വിഭാഗക്കാർക്കു കൂടുതലും അവസരങ്ങളുമുണ്ട്. അതിനാൽ, ഒന്നോ രണ്ടോ തവണ പരാജയപ്പെട്ടാലും, നിശ്ചയദാർ‌ഢ്യം നിലനിർത്തുന്നവർക്ക് അവസരങ്ങൾ തുറന്നുകിടക്കുന്നു. എന്നാൽ, പരീക്ഷയെഴുതുന്ന 99 ശതമാനത്തിലധികം പേരും വിജയിക്കുന്നില്ല എന്നുകൂടി ഓർക്കണം. ചെറിയ മാർക്കുകളുടെ വ്യത്യാസത്തിൽ ലക്ഷ്യം വഴുതിപ്പോകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ, മികവു പുലർത്തിയാലും ചെറിയ മാർജിനിൽ ജയപരാജയങ്ങൾ സംഭവിക്കാമെന്ന വെല്ലുവിളിയുമുണ്ട്. ചെറുപ്പത്തിലേ വലിയൊരു സമയം ഈ പരീക്ഷയ്ക്കായി ചെലവഴിക്കുമ്പോൾ, സിവിൽ സർവീസ് കിട്ടിയില്ലെങ്കിൽ മറ്റു തൊഴിലവസരങ്ങൾ കുറഞ്ഞുവരും എന്നൊരു വെല്ലുവിളിയും മനസ്സിൽ സംഘർഷമുണ്ടാക്കാം. 

ഈ മുന്നറിയിപ്പുകൾ കേട്ട്, സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ആരും ഉപേക്ഷിക്കേണ്ടതില്ല. എന്നാൽ, സിവിൽ സർവീസ് പരീക്ഷയെഴുതി വിജയിക്കണമെന്നു താൽപര്യമുള്ളവരെല്ലാം, ഇതുമായി ബന്ധപ്പെട്ട സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ടാക്കേത് അത്യാവശ്യമാണ്. എല്ലാം മനസ്സിലാക്കിയിട്ട്, ‘ഇതാണ് എന്റെ താൽപര്യം, ഈ അവസരം തേടി മികവു കൈവരിക്കുകയാണ് എന്റെ ലക്ഷ്യം’ എന്നുറപ്പിക്കുന്നവർക്കുള്ളതാണു സിവിൽ സർവീസ്. ആ ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമുള്ളവർക്കു മുന്നിൽ വിജയത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും ചെയ്യും. ‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com