ADVERTISEMENT

കംപ്യൂട്ടർ പഠനത്തിൽ ഗെയിമിങ് എന്ന പുതിയ വിഷയമുണ്ടെന്നു കേൾക്കുന്നു. എവിടെ പഠിക്കാം? ഇ‌തിനു ജോലിസാധ്യതയുണ്ടോ? 

പി.ആർ.സുശീൽ 
കോതമംഗലം 

ആഗോളവിപണിയിൽ ഏതാണ്ടു പതിനായിരം കോടി ഡോളർ മറിയുന്ന മുഖ്യധാരാവ്യവസായമാണു ഗെയിമിങ്. വീട്ടിലും മാളിലും വിമാനത്താവളത്തിലും എല്ലാം കംപ്യൂട്ടർ ഗെയിമുകൾ അരങ്ങുതകർക്കുന്നു. 

സ‌്മാർട് ഫോണുകൾ സർവവ്യാപിയായതോടെ ഗെയിമിങ്ങിൽ വലിയ മുന്നേറ്റമുണ്ട്. പഴയ ഗെയിമുകൾ ആർക്കും വേണ്ട. എന്നും പുതുപുത്തൻ കളികൾ കിട്ടിയാലേ കുട്ടികളടക്കം ഏവർക്കും തൃപ്തി വരൂ. അതിനാൽ ഗെയിമിങ് പ്രഫഷനലുകള്‍ക്ക് അവസരങ്ങൾ അതിവേഗം വർധിച്ചുവരുന്നു. അനിമേഷൻ/ മൾട്ടിമീഡിയാ പഠിച്ച‌വർക്ക് ഈ മേഖലയിൽ കടക്കാം. അനിമേഷൻ/മൾട്ടിമീഡിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രയോഗമേഖലകളിലൊന്നായി ഗെയിമിങ് വളർന്നു കഴിഞ്ഞു.

പേരു സൂചിപ്പിക്കുന്നതുപോലെ പല മീഡിയ (മാധ്യമങ്ങൾ) ചേർന്നതാണു മൾട്ടിമീഡിയ. ടെക്‌സ്‌റ്റ്, ചിത്രങ്ങൾ, ഫോട്ടോഗ്രാഫ്, അനുരൂപമായ നാദവൈവിധ്യം, വിഡിയോ, അന്യോന്യം (ഇന്റർ ആക്റ്റിവിറ്റി) എന്നിവയൊക്കെ ഇതിന്റെ ഘടകങ്ങളാണ്. കലയും ശാസ്‌ത്രവും സാഹിത്യവും വാണിജ്യവും വ്യവസായവും മൾട്ടിമീഡിയയിൽ ഒത്തുചേരുന്നു. വിദ്യാഭ്യാസവും വിനോദവും ഇതിന്റെ പ്രയോഗം വഴി ഏറെ ധന്യമാവുകയും ചെയ്യൂന്നു. 

ഈ മേഖലയിലെ ചില ജോലിസാധ്യതകൾ: 

‌1. ഗെയിം ഡിസൈനർ: ചിത്രരചന, രൂപങ്ങൾ ഭാവനയിൽ കാണാനുള്ള വൈഭവം, പുതുചിന്ത, ത്രീഡി–ഡിസൈൻ സാമർഥ്യം, കഥ ചിത്രീകരിക്കുന്ന സങ്കേതങ്ങൾ, ഗെയിമിങ്ങിലെ നൂതനപ്രവണതകളുമായി പരിച‌യം എന്നിവ വേണം. 

2. ഗെയിം ഡവലപ്പർ: വർണബോധം, ചിത്രീകരണത്തിനുള്ള യുക്തി, ചിത്രകലാപ്രാവീണ്യം  എന്നിവ വേണം. 

3. ഗെയിം ടെസ്റ്റർ: അനിമേഷൻ–മൾട്ടിമീഡിയയിലെ യുക്തിയും ഇഫക്റ്റ്സും ഉൾപ്പെടെ സാങ്കേതികത്തികവ് ആവശ്യമാണ്

ഗെയിമിങ് രംഗത്തെ  മറ്റു ജോലികൾ: 2 ഡി/3 ഡി അനിമേറ്റർ, അഡ്വർടൈസിങ് ആർട്ടിസ്റ്റ്, കാർട്ടൂണിങ് വിദഗ്ധൻ, എന്റർടെയ്‌ൻമെന്റ്‌ സ്പെഷലിസ്റ്റ്, വിഷ്വൽ ഇഫക്റ്റ്സ് എക്സ‌്പെർട്ട്, ഗെയിം ജേണലിസ്റ്റ്, ഇന്റർഫേസ് ആർട്ടിസ്റ്റ്, മ്യൂസിക് കംപോസർ, സ്ക്രിപ്റ്റ് റൈറ്റർ, ടെക്സ്ചർ ആർട്ടിസ്റ്റ്, വോയ്സ് ആക്റ്റർ.

ചില പരിശീലനസ്ഥാപനങ്ങൾ: 

Indian School of Gaming, Hyderabad 

iCAT Design & Media College, Bengaluru, Chennai 

Asian Institute of Design, Old Airport Road, Bengaluru 

DSK Supinfocom International Campus, Pune 

Toonz Academy, Trivandrum

അമേരിക്കയടക്കമുള്ള പാശ്‌ചാത്യ രാജ്യങ്ങൾ പുറംജോലികൾ ഏർപ്പെടുത്തുന്നതു കുറയ്‌ക്കുമെന്നു കേൾക്കുന്നുണ്ടെങ്കിലും അവിടുത്തെ വ്യവസായികൾ ലാഭനഷ്ടക്കണക്കുകൾ നോക്കുമ്പോൾ, മൾട്ടിമീഡിയ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഇന്ത്യയെയും മറ്റും വൻതോതിൽ ആശ്രയിക്കും. പരിശീലനം നേടിയ നമ്മുടെ യുവജനങ്ങൾക്കു സ്വാഭാവികമായും ധാരാളം അവസരങ്ങൾ ലഭിക്കുകയും ചെയ്യും. ചിത്രരചനാപാടവം നിർബന്ധമല്ലെങ്കിലും വരയും വർണവും ചേർക്കാൻ വാസനയുണ്ടെങ്കിൽ ഗുണമേന്മയിലേക്കുള്ള പാത കൂടുതൽ സുഗമമായിരിക്കും. സ്വപരിശ്രമവും നിശ്‌ചയദാർഢ്യവുമുള്ളവർക്കു ചെന്നെത്താവുന്ന ഉയരങ്ങൾക്കു പരിധിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com