ADVERTISEMENT

വിദേശ വിദ്യാർഥികൾക്ക് യുകെയിലെ പഠനം പൂർത്തിയാക്കിയ ശേഷം 2 വർഷം ജോലി ചെയ്യാൻ അനുമതി നൽകുന്ന പോസ്റ്റ് സ്റ്റഡി വർക് (പിഎസ്ഡബ്ലു) വീസ പുനഃസ്ഥാപിക്കുന്നു. സർക്കാർ അംഗീകൃത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും വിഷയത്തിൽ അണ്ടർ ഗ്രാജ്വേറ്റിനോ ഉപരിപഠനത്തിനോ ചേരുന്ന വിദ്യാർഥികൾക്കാണ് 2 വർഷത്തേക്ക് വർക് വീസ ലഭിക്കുക. ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതിനാൽ പുതിയ തീരുമാനം ഏറ്റവും ഗുണമാകുക ഇന്ത്യൻ വിദ്യാർഥികൾക്കായിരിക്കും.

അടുത്ത വർഷം മുതൽ പിഎസ്ഡബ്ലു വീസ ഉൾപ്പെടുന്ന പുതിയ ‘ഗ്രാജ്വേറ്റ് റൂട്ട്’ നിലവിൽവരുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. 2012 ൽ തെരേസ മേ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് പിഎസ്ഡബ്ലു വീസ നിർത്തലാക്കിയത്. ഇതോടെ യുകെയിൽ പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. തുടർന്ന് യുകെയിലെ ഇന്ത്യൻ വിദ്യാർഥി സമൂഹവും യൂണിവേഴ്സിറ്റികളും വർക് വീസ പുനഃസ്ഥാപിക്കുന്നതിന് ശ്രമം നടത്തിവരികയായിരുന്നു.

നിലവിൽ വിദേശ വിദ്യാർഥികൾക്കു പഠനശേഷം 4 മാസം കൂടി മാത്രമേ യുകെയിൽ തുടരാനാകൂ. പുതിയ സംവിധാനത്തിൽ, ജോലി ചെയ്യാനോ ജോലി തേടാനോ 2 വർഷം കൂടി അവിടെ തുടരാനാകും. അതിനു ശേഷം ജോലിയിൽ തുടരാൻ പുതിയ വീസയ്ക്ക് അപേക്ഷിക്കാനുമാകും. പുതിയ ഗ്രാജ്വേറ്റ് റൂട്ട് വിദേശവിദ്യാർഥികൾക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് യുകെ ആഭ്യന്തര മന്ത്രി ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ പറഞ്ഞു.

പിഎസ്ഡബ്ലു വീസ അവസാനിപ്പിച്ചതോടെ 2012 –17 കാലഘട്ടത്തിൽ യുകെയിലെത്തിയ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം പകുതിയായി കുറഞ്ഞിരുന്നു. ഇത് യൂണിവേഴ്സിറ്റികൾക്കും പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ കഴിഞ്ഞ 3 വർഷമായി വിദ്യാർഥികളുടെ എണ്ണം ഉയർന്ന് 22,000 വരെയായി.

പിഎസ്ഡബ്ലു വീസ കൂടുതൽ വിദ്യാർഥികളെ യുകെയിലേക്ക് ആകർഷിക്കുമെന്നും 2030 ഓടെ 6 ലക്ഷം വിദേശ വിദ്യാർഥികളെയാണ് ലക്ഷ്യമിടുന്നതെന്നും ഇന്ത്യയിലെ ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷണർ ജാൻ തോംസൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com