ADVERTISEMENT

സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ ഹൈടെക്ക് വിദ്യാഭ്യാസം, സമഗ്ര പോർട്ടൽ തുടങ്ങിയവയെക്കുറിച്ചു രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിന് അടുത്ത മാസം പ്രത്യേക പിടിഎ യോഗങ്ങൾ വിളിച്ചു ചേർക്കാൻ ക്യുഐപി(ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) മോനിട്ടറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.

അധ്യാപകർ കുട്ടികളുടെ സഹരക്ഷിതാക്കളാകുന്ന മെന്ററിങ് പദ്ധതി, പഠനോത്സവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിനും രക്ഷിതാക്കളെ  സ്കൂളുമായി കൂടുതൽ ബന്ധപ്പെടുത്തുന്നതിനും കൂടിയാണു യോഗം. ശാസ്ത്ര വിഷയങ്ങളിൽ നൂതനാശയങ്ങൾ ഉള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള  പദ്ധതിക്ക് ഈ അധ്യയന വർഷം രൂപം നൽകും. 

എൽഎസ്എസ്,യുഎസ്എസ് പരീക്ഷ ജയിച്ച എല്ലാ വിദ്യാർഥികൾക്കുമായി ജില്ലാ തലത്തിൽ 3 ദിവസത്തെ പ്രതിഭാ പോഷണ പരിപാടി സംഘടിപ്പിക്കും. സ്കോളർഷിപ് നേടുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഇതുവരെ ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഒക്ടോബർ 15നു സംസ്ഥാന സ്കൂൾ ശാസ്ത്ര നാടക മത്സരം കൊല്ലത്തു നടക്കും.18 മുതൽ 20 വരെ  ഒറ്റപ്പാലത്തു സ്പെഷ്യൽ സ്കൂൾ മേള.നവംബർ 1 മുതൽ 3 വരെ സംസ്ഥാന ശാസ്ത്രമേള കുന്നംകുളത്തു നടക്കും.നവംബർ 14 മുതൽ17 വരെ കായിക മേള മുൻനിശ്ചയപ്രകാരം കണ്ണൂർ മങ്ങാട്ടുപറമ്പിൽ നടക്കും. നവംബർ  അവസാനവും ഡിസംബർ  ആദ്യവുമായി കാഞ്ഞങ്ങാട്ടാണു സംസ്ഥാന കലാമേള.

കായികമേള വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം പൊതു വിദ്യാഭ്യാസ ഡയറക്ടർ(‍ഡിജിഇ) കെ.ജീവൻബാബു അഭ്യർഥിച്ചു. കായികാധ്യാപക സംഘടന ഉയർത്തുന്ന പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണമെന്നു സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. കുട്ടികളുടെ അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. കായിക മേളയുടെ സംഘാടക സമിതി യോഗം 29നു മങ്ങാട്ടു പറമ്പിൽ ചേരുമ്പോൾ ഈ പ്രശ്നത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഡിജിഇ ചർച്ച നടത്തും.

സർക്കാർ ഉത്തരവുകളും ഡിജിഇയുടെ സർക്കുലറുകളും നടപ്പാക്കാതിരിക്കുകയും, സ്വയം വ്യാഖ്യാനിച്ച് ഉത്തരവിറക്കുകയും ചെയ്യുന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ നടപടി അനുവദിക്കില്ലെന്നു ഡിജിഇ വ്യക്തമാക്കി. കാസർകോട്, ഇടുക്കി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാരുടെ ഉത്തരവുകളുടെ പശ്ചാത്തലത്തിലാണിത്.

അധ്യാപക സംഘടനാ നേതാക്കളായ എൻ.ശ്രീകുമാർ, കെ.സി.ഹരികൃഷ്ണൻ, വി.കെ.അജിത്കുമാർ, എ.കെ.സൈനുദ്ദീൻ, ജയിംസ് കുര്യൻ, അനൂപ് കുമാർ, എം.തമീമുദ്ദീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com