ADVERTISEMENT

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പ്രകടനം വിലയിരുത്തുന്നതിന് നിതി ആയോഗ് തയാറാക്കിയ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാമത്. 76.6 ശതമാനം സ്‌കോര്‍ നേടിയാണ് 20 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമതെത്തിയത്. ഈ വിഭാഗത്തില്‍ രാജസ്ഥാന്‍, കര്‍ണ്ണാടക എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വലിയ സംസ്ഥാനങ്ങളില്‍ 36.4 ശതമാനം സ്‌കോര്‍ നേടിയ ഉത്തര്‍പ്രദേശാണ് അവസാന സ്ഥാനത്ത്. ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളും സൂചികയില്‍ മികച്ച പ്രകടനത്തോടെ മുന്നിലെത്തി. 

ചെറു സംസ്ഥാനങ്ങളുടെ പട്ടികയില്‍ മണിപ്പൂര്‍, ത്രിപുര, ഗോവ എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അരുണാചല്‍ പ്രദേശാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢും, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയും ഡല്‍ഹിയും സൂചികയുടെ മുന്‍നിരയില്‍ ഇടം നേടിയപ്പോള്‍ ലക്ഷദ്വീപ് ഏറ്റവും പിന്നിലായി. 

ക്ലാസുകളിലെ അധ്യയന ഫലങ്ങള്‍, സ്‌കൂളുകളുടെ നടത്തിപ്പും മേല്‍നോട്ടവും, എൻറോള്‍മെന്റ് നിരക്ക്, ഭാഷ, ഗണിത ശേഷി എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ്  സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക തയ്യാറാക്കിയത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, ലോകബാങ്ക്, വിദ്യാഭ്യാസ വിദഗ്ധര്‍ തുടങ്ങിയവയുടെ സഹകരണത്തോടെ 2015-16 അടിസ്ഥാന വര്‍ഷവും 2016-17 പരിഗണനാവര്‍ഷവുമാക്കിയായിരുന്നു പഠനം. നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാറാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പട്ടിക പുറത്തിറക്കിയത്. 

കുട്ടികളുടെയും അധ്യാപകരുടെയും ഹാജര്‍ സംവിധാനം, അധ്യാപക പരിശീലനം, വിദ്യാലയങ്ങളുടെ നടത്തിപ്പ്, ഉത്തരവാദിത്തം, സാമ്പത്തിക അച്ചടക്കം, അധ്യാപക നിയമനങ്ങളിലെയും സ്ഥാനക്കയറ്റത്തിലെയും സുതാര്യത എന്നിവ ഉള്‍പ്പെടെയുള്ള മാനദണ്ഡ വിഭാഗത്തിലും കേരളം ഒന്നാമതാണ്. അടിസ്ഥാന സൗകര്യം, അധ്യയനഫലം, പഠനാവസരങ്ങളുടെ ലഭ്യത, അവസരസമത്വം എന്നിവയിലും കേരളം, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ മുന്നിലാണ്. കുട്ടികളുടെ ദൈനംദിനം ഹാരജര്‍ ശരാശരിയിലും കേരളം മുന്‍പന്തിയിലാണ്. 

അതേ സമയം 2015-16 അടിസ്ഥാന വര്‍ഷവുമായി താരതമ്യപ്പെടുമ്പോള്‍ പ്രകടനത്തില്‍ ഏറ്റവുമധികം പുരോഗതി നേടിയത് ഹരിയാന, അസം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളാണ്. മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനാല്‍ പശ്ചിമ ബംഗാളിനെ സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com