ADVERTISEMENT

ഫോറൻസിക് സയൻസിനെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്താണിത്? ഇതിന്റെ സാധ്യതകൾ എന്തൊക്കെയാണ്? ഫോറൻസിക് സയൻസിൽ പിജി ചെയ്യാൻ, ഏതെങ്കിലും സയൻസ് ഡിഗ്രി മതിയാകുമോ? കേരളത്തിൽ ഏതൊക്കെ കോളജുകളിലാണു ഫോറൻസിക് സയൻസ് ഉള്ളത്? 

ആലിയ, 

തിരുവനന്തപുരം  

കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള രണ്ടു ശാസ്ത്രശാഖകളുണ്ട്: ഫോറ‌ൻസിക് സയൻസും ക്രിമിനോളജിയും.  

1. ഫോറൻസിക് സയൻസ്: കുറ്റാന്വേഷണത്തിനും കുറ്റകൃത്യങ്ങൾ തെളിയിക്കാനും ഫോറ‌ൻസിക് സയൻസിന്റെ സഹായം വേണം. (ഫോറ‌ൻസിക്–നിയമവും കോടതിയുമായി ബന്ധപ്പെട്ട). അമ്പ്, വെടിയുണ്ട, ബോംബ് തുടങ്ങി തൊടുത്തുവിട്ട് ചെന്നുകൊള്ളുന്നവയെപ്പറ്റി (പ്രൊജക്റ്റൈൽസ്) പഠിക്കാൻ ബാലിസ്റ്റിക്സ്, രക്തപരിശോധനയ്ക്കു സിറോളജി എന്നിങ്ങനെ പല ശ‌ാസ്ത്രശാഖകളെയും പ്രയോജനപ്പെടുത്തുന്നു. മുടി, ശരീരദ്രവങ്ങള്‍, മാരകായുധങ്ങൾ മുതലായവ പരീക്ഷണശാലയിൽ വിശകലനം ചെയ്തു കുറ്റവാളിയെ കണ്ടെത്താൻ തുണയേകുന്നു. രാസപരിശോധന, വിരലടയാളം, കൈപ്പടവിശകലനം തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവരുടെ സേവനത്തിനുമുണ്ട് പ്രാധാന്യം. 

ഫോറൻസിക് സയന്റിസ്റ്റിന്റേത് ഒരൊറ്റ ജോലിയല്ല. പല സ്പെഷലൈസേ‌ഷനും വേണ്ടിവരും. ഡിഎൻഎ അനലിസ്റ്റ്, ബ്ലഡ്സ്റ്റെയിൻ അനലിസ്റ്റ്, ബാലിസ്റ്റിക് എക്സ്പെർട്ട്, ഫോറൻസിക് ഡോക്യുമെന്റ് എക്സാമിനർ/സൈക്കോളജിസ്റ്റ്/പതോളജിസ്റ്റ്/ടോക്സിക്കോളജിസ്റ്റ്/ആന്ത്രപ്പോളജിസ്റ്റ്/ഒഡണ്ടോളജിസ്റ്റ്/അക്കൗണ്ടന്റ്/ലിങ്ഗ്വിസ്റ്റ്/മെഡിസിൻ എക്സ്പെർട്ട്/ഡിജിറ്റൽ ഫോറൻസിക് എക്സ്പെർട്ട് എന്നു തുടങ്ങി പലതും.  

2. ക്രിമിനോളജി: സമൂഹവുമായി ബന്ധപ്പെട്ട പ്രതിഭാസമെന്ന നിലയിൽ കുറ്റകൃത്യങ്ങളെപ്പറ്റി പഠിക്കുന്നു. കുറ്റവാളികളുടെ പെരുമാറ്റം, മനോഭാവം, സമൂഹത്തോടുള്ള സമീപനം, കുറ്റകൃത്യങ്ങൾ ഒഴിവാക്കാനുള്ള വഴികൾ, നിയമപാലനം മുതലായവ പഠനവിഷയങ്ങൾ. സിദ്ധാന്തത്തിൽ കൂടുതൽ ‌ഊന്നൽ. ദുർഗുണ പരിഹാരശാലകൾ, ജയിലുകൾ, പൊലീസ് വകുപ്പ് എന്നിവയിൽ ക്രിമിനോളജിസ്റ്റുകൾക്ക് അവസരങ്ങളുണ്ട്.

ഇവ രണ്ടിലും നിന്നു തീർത്തും വ്യത്യസ്തമാണ് ഫോറൻസിക് മെഡിസിൻ. മെഡിക്കൽ വിജ്‍ഞാനം,‌ വിശേഷിച്ചും പതോളജി, ഉപയോഗിച്ച് നിയമ നടപടികൾക്കുവേണ്ടി മരണകാരണവും മറ്റും കണ്ടെത്തുന്നു. എംബിബിഎസ് കഴിഞ്ഞുള്ള ഉപരിപഠനവിഷയമാണിത്.

ഫോറൻസിക് സയൻസ് പഠിക്കാൻ സൗകര്യമുള്ള ഏതാനും സ്ഥാപനങ്ങൾ

കേരളത്തിൽ:

1. കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേഷനോടെ തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ എംഎസ്‌സി ഫോറൻസിക് സയൻസ് ഉണ്ട്. ബോട്ടണി, കെമിസ്ട്രി തുടങ്ങി വിവിധ വിഷയങ്ങളിലെ ബിഎസ്‌സി, ബിടെക് ‌തുടങ്ങി 60% മാർക്കോടെ ബിരുദം ജയിച്ചവർക്കാണു പ്രവേശനം. 20 ൽ 5 സീറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക്.

2. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ബിഎസ്‌സി ഫോറൻസിക് സയൻസ് ഉണ്ട്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി ഐച്ഛികമായി പ്ലസ് ടു  ജയിച്ചവർക്കാണു പ്രവേശനം.

3. എംജി സർവകലാശാലയുടെ അഫിലിയേഷനോടെ സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂൾ ഓഫ് ടെക്നോളജി & അപ്ലൈഡ് സയൻസസിൽ (കോട്ടയം, ഇടപ്പള്ള‌ി, പത്തനംതിട്ട) ബിഎസ്‌സി സൈബർ ഫോറൻസിക്സ് കോഴ്സുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ 50%, മാത്‍സിനു തനിയെ 50% മാർക്കോടെ പ്ലസ് ടു വേണം.

4. തൃശൂർ സെന്റ് തോമസ് കോളജിൽ ബി വോക് ഫോറൻസിക് സയൻസ് ഉണ്ട്.

കോട്ടയത്തും പത്തനംതിട്ടയിലും എംഎസ്‌സി സൈബർ ഫോറൻസിക്സും പഠിക്കാം. ഭാഷകളടക്കം 55% മാർക്കോടെ സൈബർ ഫോറൻസിക്സ്/കംപ്യൂട്ടർ സയൻസ്/ഐടി/ഇലക്ട്രോണിക്സ്/മാത്‌സ്/ഫിസിക്സ് ബിഎസ്‌സി അഥവാ ബിസിഎ ഉള്ളവർക്ക് അപേക്ഷിക്കാം. വെബ്: https://sme.edu.in/b-ed-courses-under-ucte ലിങ്ക്: STAS.

കേരളത്തിനു പുറത്ത്:

1. Department of Criminology and Forensic Science, Dr. Hari Singh Gour Vishwavidyalaya, Sagar, Madhya Pradesh

3. Institute of Forensic Science, Gandhi Nagar, Gujarat

4. Tata Institute of Social Sciences, Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com