ADVERTISEMENT

മെട്രോകളും മേല്‍പാലങ്ങളുമൊക്കെ പണിയുമ്പോള്‍ അതിനു താഴെയുള്ള സ്ഥലം പലപ്പോഴും പാര്‍ക്കിങ്ങിനും പൂന്തോട്ടത്തിനുമൊക്കെ മാറ്റി വയ്ക്കാറാണു പതിവ്. എന്നാല്‍ ഡല്‍ഹി മെട്രോയുടെ യമുനാ ബാങ്ക് സ്‌റ്റേഷനു സമീപമുള്ള മെട്രോ പാലത്തിന്റെ തണലിനു കീഴില്‍ തളിര്‍ക്കുന്നത് ഒരു പറ്റം തെരുവു ബാല്യങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളാണ്. മെട്രോ പാലത്തിനു താഴെയുള്ള ഇത്തിരിയിടത്തെ ഒരു താത്ക്കാലിക സ്‌കൂളാക്കി മാറ്റിയിരിക്കുകയാണ് ഇവിടുത്തെ ചെറു കടയുടമയായ രാജേഷ് കുമാര്‍ ശര്‍മ്മ. യമുനാ ബാങ്ക് മെട്രോ സ്‌റ്റേഷനു സമീപത്തെ കുടിലുകളിലും മറ്റും താമസിക്കുന്ന പാവപ്പെട്ട മൂന്നൂറോളം കുട്ടികളാണ് ഇവിടുത്തെ വിദ്യാർഥികള്‍. ഗവണ്‍മെന്റിന്റെയോ എന്‍ജിഒകളുടെയോ ഒന്നും സഹായമില്ലാത്ത കഴിഞ്ഞ 13 വര്‍ഷമായി ഈ സ്‌കൂള്‍ നടത്തി വരികയാണ് രാജേഷ് കുമാര്‍.

ഡല്‍ഹി മെട്രോ പാലം മാത്രമാണു മേല്‍ക്കൂരയെങ്കിലും ഈ സ്‌കൂളില്‍ മെട്രോ കോംപ്ലക്‌സ് ചുവരില്‍ ഭംഗിയായി പെയിന്റ് ചെയ്യപ്പെട്ട അഞ്ചു ബ്ലാക്ക്‌ബോര്‍ഡുകളുണ്ട്. ചോക്കും ഡസ്റ്ററും പേനയും പെന്‍സിലുകളുമൊക്കെ രാജേഷു കൊണ്ടു വരും. രാവിലെ ഒന്‍പതു മുതല്‍ 11 മണി വരെ 120 ആണ്‍കുട്ടികളും വൈകുന്നേരം രണ്ടു മുതല്‍ നാലര വരെ 180 പെണ്‍കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നുണ്ട്. ചേരി നിവാസികളുടെയും ആക്രി പെറുക്കുന്നവരുടെയും റിക്ഷാവലിക്കാരുടെയും യാചകരുടെയുമൊക്കെ മക്കളാണ് ഇവരെല്ലാവരും തന്നെ. ഓരോ ബ്ലാക്ക്‌ബോര്‍ഡിനു മുന്നിലുമായി പായ വിരിച്ചു നിലത്തിരിക്കുന്ന കുട്ടികള്‍ നോട്ടു ബുക്കുകളും കൊണ്ടു വരും. ട്രാഫിക്കില്‍ നിന്ന് അല്‍പം മാറിയായതിനാല്‍ മറ്റു ശല്യങ്ങളൊന്നുമില്ല. ഇടയ്ക്കിടെ കടന്നു പോകുന്ന മെട്രോയുടെ ശബ്ദമാകട്ടെ കുട്ടികള്‍ കേള്‍ക്കാറില്ല.

ലക്ഷ്മി നഗറില്‍ ഒരു ചെറിയ പലചരക്ക് കട നടത്തുന്ന രാജേഷ് രണ്ടു കുട്ടികളുമായി 2006ലാണ് ഈ താത്ക്കാലിക സ്‌കൂള്‍ തുടങ്ങുന്നത്. കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കാരണം ബിഎസ്‌സി പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന വ്യക്തിയാണ് രാജേഷ് കുമാര്‍. ദാരിദ്ര്യം കൊണ്ട് ഒരു കുട്ടിക്കും ഈ അവസ്ഥ വരരുത് എന്ന ചിന്തയാണു സ്‌കൂള്‍ തുടങ്ങാന്‍ രാജേഷിനെ പ്രേരിപ്പിച്ചത്. ഓരോ ആഴ്ചയും അന്‍പതിലധികം മണിക്കൂറുകളാണ് ഇതിനു വേണ്ടി ഇദ്ദേഹം മാറ്റിവയ്ക്കുന്നത്. തുടങ്ങിയത് ഒറ്റയ്ക്കാണെങ്കിലും ഇപ്പോള്‍ ലക്ഷ്മി ചന്ദ്ര, ശ്യാം മഹാതോ, രേഖ, സുനിത, മനീഷ, ചേതന്‍ ശര്‍മ്മ, സര്‍വേഷ് എന്നിവര്‍ സൗജന്യമായി ക്ലാസെടുത്ത് രാജേഷിനെ സഹായിക്കുന്നുണ്ട്.

സ്‌കൂളിനു സഹായം തേടി ഇതേ വരെ ആരെയും രാജേഷ് സമീപിച്ചിട്ടില്ല. ആരോടും ഇയാള്‍ക്കൊട്ടു പരാതിയുമില്ല. ചില എന്‍ജിഒകളൊക്കെ ഇടയ്ക്കു സഹായവാഗ്ദാനവുമായി വന്നെങ്കിലും അവരുടെ ലക്ഷ്യം പണസമ്പാദനവും പ്രശസ്തിയും മാത്രമാണെന്ന് തോന്നിയതിനാല്‍ അവരുടെ സഹായം രാജേഷ് നിരസിച്ചു. വ്യക്തികളില്‍ നിന്നു മാത്രമാണ് സ്‌കൂളിനു വേണ്ടി സഹായം സ്വീകരിച്ചിട്ടുള്ളത്. അതും പണമായിട്ടല്ല. ചിലര്‍ കുട്ടികള്‍ക്കു ബിസ്‌ക്കറ്റുകളും പഴങ്ങളും വെള്ളക്കുപ്പികളും പാക്ക് ചെയ്ത ഭക്ഷണവുമായി എത്താറുണ്ട്. ചിലര്‍ തങ്ങളുടെ ജന്മദിനങ്ങള്‍ കുട്ടികള്‍ക്കൊപ്പം കേക്കു മുറിച്ച് ആഘോഷിക്കാനായും വരും. അത്തരക്കാരെ ഒന്നും രാജേഷും കുട്ടികളും നിരുത്സാഹപ്പെടുത്താറില്ല. അടുത്തുള്ള ചില കടയുടമകളും കുട്ടികള്‍ക്കു വെള്ളവും മറ്റും നല്‍കാറുണ്ട്. ഇവിടെ തീരുന്നു സ്‌കൂളിനായി രാജേഷ് സ്വീകരിക്കുന്ന സഹായങ്ങള്‍.

കുട്ടികളെ അടുത്തുള്ള ഗവണ്‍മെന്റ് സ്‌കൂളില്‍ ചേര്‍ക്കാനും രാജേഷ് മുന്‍കൈയ്യെടുക്കാറുണ്ട്. കുട്ടികളുടെ റെക്കോര്‍ഡ് സൂക്ഷിക്കുന്ന ഈ അധ്യാപകന്‍ അവരുടെ ഹാജരും എടുക്കാറുണ്ട്. ഏതെങ്കിലും കുട്ടി കുറേ നാള്‍ അടുപ്പിച്ച് വരാതിരുന്നാല്‍ കാരണം തിരക്കി പോകാറുമുണ്ട്. പലപ്പോഴും കുടുംബം നോക്കാന്‍ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യുന്നതിനാകും കുട്ടികള്‍ വരാതിരിക്കുന്നത്. പക്ഷേ, അവരാരും ഇവിടുത്തെ പഠനം ഉപേക്ഷിക്കാന്‍ തയ്യാറല്ല. പട്ടിണിയോടും വിശപ്പിനോടും മോശം കാലാവസ്ഥയോടും ചിലപ്പോള്‍ വീട്ടുകാരില്‍ നിന്നുള്ള എതിര്‍പ്പിനോടും പടവെട്ടി പഠിക്കാനെത്തുന്ന വിദ്യാർഥികളാണ് ഈ സ്‌കൂളിലേത്. പക്ഷേ, ദാരിദ്ര്യം പഠിക്കണമെന്നുള്ള അവരുടെ ആഗ്രഹത്തിനു മങ്ങലേല്‍പ്പിക്കുന്നില്ല എന്നിടത്താണ് ഈ താത്ക്കാലിക സ്‌കൂളിന്റെ വിജയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com