ADVERTISEMENT

സോഷ്യോളജി വിഷയവുമായി ബന്ധപ്പെട്ട അവസരങ്ങളെക്കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും അറിയാൻ താൽപര്യമുണ്ട്

അരുൺ, കോഴിക്കോട്

സോഷ്യോളജിയിലോ ബന്ധപ്പെട്ട വിഷയത്തിലോ ബിഎ, എംഎ എന്നിവയെങ്കിലും നേടിക്കഴിഞ്ഞ് പ്രഫഷനെപ്പറ്റി ചിന്തിക്കാം. മിക്ക സർവകലാശാലകളിലും ഇവയ്ക്കു സൗകര്യമുണ്ട്. ചില സ്ഥാപനങ്ങൾ ജോലിക്കു പിഎച്ച്ഡി കൂടി വേണമെന്നു പറഞ്ഞേക്കാം. സോഷ്യോളജി ബിഎയ്ക്കു ചേരാൻ പ്ലസ് ടുവിലെ ഏതു ഗ്രൂപ്പുകാർക്കും അർഹതയുണ്ട്. മാനവിക വിഷയങ്ങൾ പഠിച്ചവർക്കു മുൻതൂക്കം കിട്ടുമെന്നു മാത്രം.

ഏറെപ്പേർ ശ്രദ്ധിക്കാത്ത മേഖലയാണ് സോഷ്യോളജിയിലെ വിപുലമായ ഗവേഷണ സാധ്യതകൾ. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചാണു ദേശീയതലത്തിൽ ഗവേഷണത്തിനു ചുക്കാൻ പിടിക്കുന്നത് (http://icssr.org). നേരിട്ടു നിയന്ത്രിക്കുന്ന 24 റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും കൗൺസിൽ അംഗീകരിച്ച അഞ്ച് ഇൻസ്റ്റിറ്റ്യൂട്ടുകളും നിരന്തര ഗവേഷണത്തിലുണ്ട്. നേരിട്ടുള്ള നിയന്ത്രിക്കുന്നവയിൽ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസും കൗൺസിലിന്റെ അംഗീകാരമുള്ളവയിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാൻസ് & ടാക്സേഷനും ഉൾപ്പെടുന്നു.

ജോലി എവിടെ?
ഗവേഷണാലയങ്ങൾക്കു പുറമെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നോണ്‍ ഗവണ്മെന്റൽ ഓർഗനൈസേഷൻസ് (എൻജിഒ), സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾ, രാജ്യാന്തര ഏജൻസികൾ, ആതുരസേവാ കേന്ദ്രങ്ങൾ മുതലായവയിൽ ജോലി കണ്ടെത്താം. ഗ്രാമവികസനം, പൊതുജനാരോഗ്യം, വയോജന പരിപാലനം, കുടുംബാസൂത്രണം, പരിസ്ഥിതിസംരക്ഷണം, സാക്ഷരത മുതലായവ സംബന്ധിച്ച വിപുലമായ ബോധവൽക്കരണം ദേശീയതലത്തിൽ ആവശ്യമാണ്. ഈ രംഗത്ത് സോഷ്യോളജിസ്റ്റുകൾക്കു സംഭാവനകൾ നൽകാനാവും. ദേശീയ വികസനപ്രവർത്തനത്തിന് അവശ്യം വേണ്ട സർവേകൾ നടപ്പാക്കുന്നതിലും ഇവർക്കു പങ്കു വഹിക്കാം. ജനസംഖ്യാ കണക്കുകൾ, സോഷ്യോ–ഇക്കണോമിക് പഠനങ്ങൾ, പദ്ധതിപ്രവർത്തനങ്ങളുടെ വിലയിരുത്തൽ, മാർക്കറ്റിങ്, ഭിന്നശേഷിക്കാരുടെ പുനരധിവാസം, തർക്കപരിഹാരം തുടങ്ങിയ പല മേഖലകളിലും ഇവർക്കു സേവനമനുഷ്ഠിക്കാനാവും. 

ഇത്രയൊക്കെ പറഞ്ഞെങ്കിലും, വെറ്ററിനറി സയൻസോ കമ്പനി സെക്രട്ടറിഷിപ്പോ പഠിച്ചു യോഗ്യത നേടുന്നവരെപ്പോലെ അതിവേഗം ജോലിയിൽ കടക്കാൻ സോഷ്യോളജിക്കാർക്കു കഴിഞ്ഞെന്നു വരില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com