ADVERTISEMENT

പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മോഹം ഇന്റലിജൻസ് ബ്യൂറോയിലോ RAWയിലോ ചേർന്നു പ്രവർത്തിക്കണമെന്നാണ്. ഈ ലക്ഷ്യം നേടാൻ 12 കഴിഞ്ഞ് എന്തു പഠിക്കണം?

അർജുൻ പാർഥസാരഥി, കുടമാളൂർ, കോട്ടയം

കാലേക്കൂട്ടി ജീവിതലക്ഷ്യം നിശ്ചയിച്ച് തയാറെടുക്കുന്നത് വിജയസാധ്യത വർധിപ്പിക്കും. പക്ഷേ, തിരഞ്ഞെടുത്ത പാതയിലെ ജോലിസാഹചര്യം, ഉത്തരവാദിത്തം മുതലായവയെക്കുറിച്ചു നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നതു പ്രധാനം.

നിങ്ങൾ സൂചിപ്പിച്ച രണ്ടു മേഖലകളും കേന്ദ്ര സർക്കാരിലെ രഹസ്യാന്വേഷണ വിഭാഗങ്ങളാണ്. ഐബി അഥവാ ഇന്റലിജൻസ് ബ്യൂറോ രാജ്യത്തിനകത്തെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ‘റോ’ അഥവാ റിസർച്ച് & അനാലിസിസ് വിങ് രാജ്യത്തിനു പുറത്തുള്ള ചലനങ്ങൾ രഹസ്യമായി സൂക്ഷ്മനിരീക്ഷണം നടത്തി വിവരങ്ങൾ സർക്കാരിലെ അത്യുന്നതതലത്തിലേക്ക് നേരിട്ടു റിപ്പോർട്ട് ചെയ്യുന്നു. ശത്രുരാജ്യങ്ങളിലെ തയാറെടുപ്പ്, നമുക്കു നേരെയുള്ള ആക്രമണസാധ്യത എന്നിവ നിരന്തര നിരീക്ഷണത്തിനു വിധേയമാക്കുന്നതിനു പുറമെ നമുക്ക് അനുകൂലമായ സാഹചര്യം ഇതരരാജ്യങ്ങളിൽ രൂപപ്പെടുത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യും. രാജ്യത്തിനകത്ത് അക്രമം, ഭീകരപ്രവർത്തനം തുടങ്ങിയവയ്ക്കുള്ള നേരിയ സാധ്യത പോലും മണത്തറിഞ്ഞ് സർക്കാരിനെ ഉടനുടൻ അറിയിക്കേണ്ടത് ഐബിയാണ്.

ഈ രണ്ടു വിഭാഗങ്ങളിലെയും ഓഫിസർമാരിൽ ഭൂരിപക്ഷവും ഇന്ത്യൻ പൊലീസ് സർവീസിൽ (ഐപിഎസ്) നിന്നാണ്. ഇതിലെത്താൻ യൂപിഎസ്‌സി വർഷം തോറും നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയിൽ മികവു തെളിയിക്കണം. ഇഷ്ടമുള്ള വിഷയത്തിൽ സർവകലാശാലാബിരുദം നേടുക. ബിരുദപഠനക്കാലത്തു തന്നെ പൊതുവിജ്ഞാനവും ഇംഗ്ലിഷ് ഭാഷാപ്രാവീണ്യവും മെച്ചപ്പെടുത്തുക. 

ഒബ്െജെക്്റ്റീവ് ശൈലിയിലെ രണ്ടു പേപ്പറുകളുള്ള പ്രിലിമിനറി, അതിൽ മികവുള്ളവർക്ക് എഴുതാവുന്ന 9 വിവരണരീതി പേപ്പറുകളുള്ള മെയിൻ, അതിലും മികവുള്ളവർക്കു പങ്കെടുക്കാവുന്ന പേഴ്സനാലിറ്റി ടെസ്റ്റ് (ഇന്റർവ്യൂ) എന്നിവയാണ് സിവിൽ സർവീസസ് പരീക്ഷയുടെ ഘടകങ്ങൾ. അടിസ്ഥാനവിവരങ്ങൾക്ക് യൂപിഎസ്‌സി വിജ്ഞാപനം നോക്കാം. ഇതിന് www.upsc.gov.in എന്ന സൈറ്റിലെ എക്സാമിനേഷൻ–ആക്റ്റീവ് എക്സാമിനേഷൻസ്–സിവിൽ സർവീസസ് പ്രിലിമിനറി എക്സാമിനേഷൻ–നോട്ടിഫിക്കേഷൻ എന്നീ ലിങ്കുകൾ വഴി പോയാൽ മതി. 

ദിവസവും ദിനപത്രം വായിച്ച് പ്രധാനപ്പെട്ട രണ്ടു വാർത്തകളുടെ തലക്കെട്ട് കുറിച്ചുവയ്ക്കുക, നല്ല ലേണേഴ്സ് ഡിക്‌ഷ്ണറി നോക്കി രണ്ടു പുതിയ വാക്കുകളുടെ അർഥങ്ങൾ എഴുതിവയ്ക്കുക, നല്ല ഇംഗ്ലിഷ് ചാനലുകളിലെ ചർച്ചകൾ ശ്രദ്ധിക്കുക, ഇംഗ്ലിഷിലുള്ള നല്ല മത്സരപ്പരീക്ഷാ മാസിക വായിക്കുക എന്നിവ ശീലമാക്കാം. സിവിൽ സർവീസസ് പരീക്ഷയ്ക്കു തയാറെടുക്കുന്നതെങ്ങനെയെന്നു വിശദമാക്കുന്ന ധാരാളം പുസ്തകങ്ങൾ വിപണിയിലുണ്ട്. കോംപറ്റീഷൻ വിന്നറിലെ ‘സിവിൽ സർവീസ് മന്ത്ര’ പംക്തി ഇക്കാര്യത്തിൽ ഏറെ ഗുണകരമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com