ADVERTISEMENT

പ്രഫഷനൽ കോഴ്സ് പ്രവേശന സംവരണം കോളജ് അടിസ്ഥാനത്തിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. സംവരണ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്കു മെറിറ്റ് അടിസ്ഥാനത്തിൽ മെച്ചപ്പെട്ട കോളജിലേക്കു പ്രവേശനം മാറ്റി നൽകുന്ന ‘േഫ്ലാട്ടിങ് സംവരണ’ രീതിയാണു നിർത്തലാക്കുന്നത്. അടുത്ത അധ്യയനവർഷം മുതൽ മാറ്റം കൊണ്ടുവരാനാണു സർക്കാർ ആലോചിക്കുന്നത്. ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ അന്തിമതീരുമാനമെടുക്കുമെന്നു മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. 

ഈ രീതി നടപ്പാക്കുമ്പോൾ വയനാട്, ഇടുക്കി സർക്കാർ എൻജിനീയറിങ് കോളജുകളിൽ സംവരണ വിദ്യാർഥികൾ മാത്രമായി മാറുന്നുവെന്ന പട്ടികജാതി വികസന വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സംവരണം കോളജ് തലത്തിലാക്കാൻ നടപടികൾ തുടങ്ങിയത്. ‌സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന സംവരണ ആനുകൂല്യമുള്ള വിദ്യാർഥിക്കു വേറെ കോളജിലേക്കു മാറാൻ ഫ്ലോട്ടിങ് സംവരണ രീതി വഴി സാധിച്ചിരുന്നു. എന്നാൽ ഇതു വിദ്യാർഥികൾ വിടുതൽ വാങ്ങുന്ന കോളജുകളുടെ അന്തരീക്ഷത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നാണു പട്ടിക ജാതി വികസന വകുപ്പിന്റെ റിപ്പോർട്ട്. 

വയനാട് ഗവ. എൻജിനീയറിങ് കോളജിൽ 95 ശതമാനവും ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ 80 ശതമാനവും വിദ്യാർഥികൾ പിന്നാക്ക വിഭാഗക്കാരാണെന്നാണു കണ്ടെത്തൽ. 

എന്നാൽ, േഫ്ലാട്ടിങ് പ്രവേശനരീതി നിർത്തലാക്കുന്നതോടെ സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനം നേടുന്ന വിദ്യാർഥിക്കു താൽപര്യമുള്ള കോളജിൽ പഠിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇൗ വിദ്യാർഥിയെക്കാൾ റാങ്കിൽ പിറകിൽ നിൽക്കുന്ന വിദ്യാർഥി മികച്ച കോളജിൽ പ്രവേശനം നേടുകയും ചെയ്യും. 

പുതിയ രീതി നടപ്പാകുന്നതോടെ സംവരണ സമുദായത്തിലെ വിദ്യാർഥികൾക്കു സ്റ്റേറ്റ് മെറിറ്റ് ക്വോട്ടയിലെ സീറ്റുകൾ കുറയും. ഇത് ഒബിസി വിഭാഗത്തിൽപെട്ട വിദ്യാർഥികളുടെ അവസരം നഷ്ടപ്പെ‍ടാൻ ഇടയാക്കുമെന്നും പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com