ADVERTISEMENT

ജീവിതവിജയത്തിന് ഒരു ആചാര്യൻ വേണം. ആചാര്യ ശബ്ദ ത്തിന്റെ അര്‍ഥം നേരായി നടക്കേണ്ട വഴി അഭ്യസിപ്പിക്കുന്നവൻ എന്നാണ്. ധർമത്തെ ആചരിച്ചു കാട്ടിക്കൊടുക്കുന്നവൻ കൂടിയാണ് ആചാര്യൻ. ആചാര്യൻ ധർമമാകുന്ന തോണിയുടെ തുഴച്ചിൽക്കാരനാണ്. അക്കരെയെത്താനുള്ള തോണിയാണ് ധർമം. ആചാര്യസ്ഥാനത്തുള്ള ആളുകൾ ആദ്യം നടക്കേണ്ട വഴിയിൽ നടക്കണം. 

പിന്നെ ആ വഴി മറ്റുള്ളവരെ അഭ്യസിപ്പിക്കണം. അങ്ങനെ വരുമ്പോഴാണ് ഒരു ഗുരു ഗുരുസ്ഥാനത്തിനപ്പുറം ആചാര്യ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്. ഇന്നു മിക്കവാറും എല്ലാ മത്സരപരീക്ഷകൾക്കും ഒരു പേപ്പർ പ്രത്യേകമായി കാണാം. അത് ആപ്റ്റിറ്റ്യൂഡ് എക്സാമിനേഷൻ അല്ലെങ്കിൽ അഭിരുചി പരീക്ഷ എന്നറിയപ്പെടുന്നു. ഐഎഎസോ ഐപിഎസോ ഒക്കെ ലക്ഷ്യമിട്ടു സിവിൽ സർവീസ് പരീക്ഷയ്ക്കു പോയാൽ ആദ്യം എഴുതേണ്ട പ്രിലിമിനറി പരീക്ഷയിൽ ഒരു ജനറൽ സ്റ്റഡീസിന്റെ പേപ്പറും ഒപ്പം അഭിരുചി പരീക്ഷയും കാണും. 

എന്തു തരത്തിലുള്ള അഭിരുചികളും താൽപര്യങ്ങളുമാണു സിവിൽ സർവീസ് ലക്ഷ്യമിടുന്ന ഈ കുട്ടിയെ രൂപപ്പെടുത്തിയിരിക്കുന്നത് എന്നറിയാനാണ് ഈ പരീക്ഷ നടത്തുന്നത്. കുട്ടി നൽകുന്ന ഉത്തരങ്ങളിലൂടെ അത് എളുപ്പത്തിൽ കണ്ടെത്താനുമാകും. പ്രിലിമിനറി എക്സാമിനേഷൻ കഴിഞ്ഞു സിവിൽ സർവീസിന്റെ മെയിൻ പരീക്ഷയിലേക്കു ചെല്ലുമ്പോൾ മൂന്നു പേപ്പറുകൾ കഴിഞ്ഞു നാലാമത് ഒരു നിർബന്ധിത പേപ്പറും എഴുതേണ്ടതുണ്ട്. അത് എത്തിക്സ് പരീക്ഷയാണ്. 

മനുഷ്യൻ എന്തു ചെയ്യണം. എന്തുചെയ്യാൻ പാടില്ല, ധാർമികതയോടെ സമൂഹത്തിൽ എങ്ങനെ ഇടപെടാം. സാമാന്യ നീതിയെന്ത്.. ഈ വിഷയങ്ങളെപ്പറ്റിയൊക്കെ കുട്ടിക്ക് ഗ്രാഹ്യമുണ്ടോ എന്നറിയാനാണ് എത്തിക്സ് പേപ്പർ സിവിൽ സർവീസ് പരീക്ഷയുടെ ഭാഗമാക്കിയിരിക്കുന്നത്. കുട്ടിക്കാലത്തു ലഭിക്കുന്ന നല്ല അറിവുകളും ചിന്തകളുമാണു മികച്ച സ്വഭാവഗുണമുളള ഒരു കുട്ടിയെ രൂപപ്പെടുത്തുന്നത്. 

ചെറുപ്പത്തിൽ കുട്ടിക്കു അച്ഛനും അമ്മയും ബന്ധുക്കളും നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടില്ലെങ്കിൽ ആ കുട്ടിക്ക് ഐഎഎസ് പരീക്ഷയുടെ എത്തിക്സ് പേപ്പർ ജയിക്കാനാകില്ല. ലോകത്തിലെ ഏതു നല്ല ജോലി കിട്ടണമെങ്കിലും മികച്ച പരീക്ഷകൾ പാസാവണമെങ്കിലും ഇപ്പോൾ പരീക്ഷയുടെ ഭാഗമായി എത്തിക്സ് പേപ്പർ അല്ലെങ്കിൽ ആപ്റ്റിറ്റ്യൂ‍ഡ് പേപ്പർ നിർബന്ധമാക്കിയിട്ടുണ്ട്. 

കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണിത്. കുട്ടിയെ ചുറ്റിപ്പറ്റിയുള്ള അജ്ഞാനാന്ധകാരം പൂർണമായും നീങ്ങണം. അറിവു പ്രദാനം ചെയ്യുന്ന സ്രോതസ്സുകൾ ഏതൊക്കെയാണെന്നു രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. അറിവു വരുന്ന സ്രോതസ്സ്  പ്രധാനമായും നാലെന്ന് ഉപനിഷത്തു പറയുന്നു. 

‘ആചാര്യാത് പാദമാതത്തെ, പാദം ശിഷ്യഃസ്വമേധയാ ച.... പാദം സബ്രഹ്മചാരിഭ്യോ പാദം കാലക്രമേണ ച.....’. ഇവിടെ കുട്ടി സ്വായത്തമാക്കേണ്ട അറിവിനെ നാലായി പങ്കിട്ടിരിക്കുകയാണ്. ആദ്യത്തെ കാൽഭാഗം അറിവ് ആചാര്യനിൽ നിന്നു ഗ്രഹിക്കണം. രണ്ടാമത്തെ കാൽഭാഗം സ്വബുദ്ധി കൊണ്ടു നേടിയെടുക്കണം. മൂന്നാമത്തെ കാൽ പങ്ക് സഹബ്രഹ്മചാരികളിൽ (കൂടെ പഠിക്കുന്നവർ) നിന്നു നേടണം. അവസാനത്തെ കാൽഭാഗം കാലക്രമേണ ജീവിതാനുഭവങ്ങളിൽ നിന്ന് ആർജിച്ചെടുക്കണം. ഇങ്ങനെ നാലു തരത്തിൽ അറിവു നേടിയ വ്യക്തിയിലേക്ക് ആ കുട്ടി വളർന്നെത്തുകയാണ്. ഈ നാലു തരത്തിലുള്ള അറിവും സമതുലിതമായി ഏതു കുട്ടിക്കു ലഭിക്കുന്നുവോ അതാണ് ജീവിതവിജയത്തിന് ആധാരമായിത്തീരുന്ന സമ്പത്ത്.

തയാറാക്കിയത്: ടി.ബി. ലാൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com