ADVERTISEMENT

ചുമ്മാ പാട്ടും പാടി ഡാന്‍സും കളിച്ചു നടക്കാതെ രണ്ടക്ഷരം പഠിച്ചാല്‍ നിനക്കു കൊള്ളാം. ഓ, ഈ കോലും പിടിച്ചോണ്ടു നടന്നാല്‍ നീയൊക്കെ ഇപ്പം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആകുമെന്നാ വിചാരം, പോയിരുന്നു വല്ലതും പഠിക്കടാ ചെറുക്കാ. എന്തോന്ന് മോക്ക് പാര്‍ലമെന്റോ..? ചുമ്മാ ഓരോ നേരം പോക്കിനു നടക്കാതെ നിനക്കു പരീക്ഷയ്ക്കു വേണ്ടി വല്ലതും പഠിച്ചു കൂടേ… പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന കുട്ടികള്‍ക്കു പണ്ടൊക്കെ മാതാപിതാക്കളില്‍ നിന്നു സ്ഥിരം ലഭിച്ചിരുന്ന ഗുണദോഷമായിരുന്നു ഇവയെല്ലാം. കാലം മാറിയതോടെ ചില്ലറ വ്യത്യാസങ്ങളൊക്കെ ഈ മനോഭാവത്തില്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും പല മാതാപിതാക്കള്‍ക്കും മാര്‍ക്ക്, റാങ്ക്, ഉയര്‍ന്ന ഗ്രേഡ് എന്നിവയൊന്നും വിട്ട് ഒരു കളിയുമില്ല. പഠിത്തമൊക്കെ കഴിഞ്ഞു വേണമെങ്കില്‍ കുറച്ച് പാട്ടോ, ഡാന്‍സോ, കായിക ഇനമോ ആകാം എന്നതാണു പലരുടെയും ചിന്ത. 

എന്നാല്‍ ഭാവിയിലെ വിജയം കൊയ്യാന്‍ കുട്ടികള്‍ എന്തെങ്കിലും തരത്തിലുള്ള പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത് അത്യാവശ്യമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഏതു ഗ്രേഡ് നേടിയ കുട്ടിക്കും ജീവിതത്തില്‍ വിജയിക്കാന്‍ ചില കഴിവുകള്‍ ആവശ്യമാണ്. ടീം വര്‍ക്ക്, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള കഴിവ്, ആശയവിനിമയ ശേഷി, ശ്രദ്ധാപൂര്‍വം കേട്ടിരിക്കാനുള്ള കഴിവ്, കൂടിയാലോചന നടത്താനുള്ള ശേഷി, താദാത്മ്യം പ്രാപിക്കല്‍, വിമര്‍ശനാത്മക ചിന്ത, വിശകലന ശേഷി തുടങ്ങിയ ഒരു പറ്റം കഴിവുകളാണ് ജീവിത വിജയത്തിന് ആവശ്യം. 

ക്ലാസ് മുറിക്കുള്ളില്‍ ഒതുങ്ങിയിരുന്നു പുസ്തകങ്ങള്‍ മാത്രം പഠിച്ചാല്‍ ഈ പറയുന്ന കഴിവുകളെല്ലാം ഒരു കുട്ടിക്കു ലഭിക്കില്ല. ഇവിടെയാണ് പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. കായിക ഇനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കു ടീംവര്‍ക്കിന്റെയും കൃത്യമായ ആശയവിനിമയത്തിന്റെയുമൊക്കെ പ്രാധാന്യം ശരിക്കു മനസ്സിലാക്കാന്‍ സാധിക്കും. സംഘമായി ചെയ്യുന്ന കലാപരിപാടികളും അങ്ങനെ തന്നെ. ആസൂത്രണം ചെയ്യാനുള്ള ശേഷിയും വിശകലന ശേഷിയുമെല്ലാം ഇതിലൂടെ കുട്ടിക്കു ലഭിക്കും. ഭാവിയിലെ കരിയറുകളില്‍ ഈ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായ സ്വാധീനം ചെലുത്തുമെന്നു ചുരുക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com