ADVERTISEMENT

അപ്പീലില്ലാത്ത സൗഹൃദക്കൂട്ടായ്മയുടെ കാഴ്ചയായിരുന്നു സ്കൂൾ കലോൽസവം ഹയർസെക്കന്ററി വിഭാഗം ഹിന്ദി പ്രസംഗവേദിയിൽ നിന്നുള്ള കാഴ്ച. പ്രസംഗിക്കുന്ന വിഷയം പരസ്പരം അറിയാതിരിക്കാനാണ് പന്ത്രണ്ടു ചുണക്കുട്ടികളെ ഒരു ക്ലാസ്മുറിയിൽ അടച്ചിട്ടത്. ഒരോരുത്തരെയായി പ്രസംഗ വേദിയിലേയ്ക്ക് ആനയിക്കും. കുറച്ചു കഴിഞ്ഞപ്പോഴേയ്ക്ക് എല്ലാരുമങ്ങ് കൂട്ടായി. ശത്രുക്കളാണെന്നും പരസ്പരം മൽസരിക്കുന്നവരാണെന്നും മറന്ന് കൂട്ടുകൂടി. ഒടുവിൽ മൽസരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എല്ലാവരും ഒത്തുകൂടി. ഈ സൗഹൃദക്കാഴ്ചകണ്ട് ചാനൽ ക്യാമറകൾ കുട്ടികൾക്കു നേരെയായപ്പോൾ അവർ ഒന്നൂടെ ഉഷാറായി. 

 

‘ലോകസമാധാനത്തിന് ഇന്ത്യയുടെ പങ്ക്’ എന്നതായിരുന്നു  ഹിന്ദി പ്രസംഗവിഷയം. എല്ലാവരും വാക്കുകൾകൊണ്ട് കത്തിക്കയറിയപ്പോൾ ഒരാളൊഴികെ ബാക്കിയെല്ലാർക്കും എ ഗ്രേഡ്. ഒരു അപ്പീൽ പോലുമില്ലാത്ത മൽസര ഇനമായിരുന്നു ഹിന്ദി പ്രസംഗം എന്നതാണ് മറ്റൊരു പ്രത്യേകത. 14 ജില്ലകളിൽ നിന്ന് 14 അംഗങ്ങൾ മൽസരത്തിനുണ്ടായിരുന്നു. രണ്ട് ആൺകുട്ടികൾ മാത്രമാണ് മൽസരത്തിനുണ്ടായിരുന്നത്. ബാക്കി 12 പേരും പെൺകുട്ടികൾ. 

 

ഞങ്ങൾക്ക് എല്ലാ ജില്ലയിൽ നിന്നും ഓരോരുത്തരെ കൂട്ടിനു കിട്ടി എന്നതാണ് ഈ കലോൽസവത്തിനു വന്നതുകൊണ്ടുണ്ടായ നേട്ടമെന്ന് വയനാട് മുട്ടിൽ സ്കൂളിൽ നിന്നെത്തിയ റെയ്ഷ. മൽസരവും ജയവുമൊക്കെ പിന്നയല്ലേ.. ദേ, ഇതിനകം ഞങ്ങൾടെ വാട്സാപ്പ് ഗ്രൂപ്പും റെഡിയെന്ന് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയിസ അൻസാരി. എന്നാൽ പിന്നെ എല്ലാരും കൂടി ഒരു സെൽഫി ആകാം അല്ലേ.. എല്ലാവരും കൂട്ടുകാരന്റെ ക്യാമറയ്ക്കു മുന്നിൽ അണിനിരന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com