ADVERTISEMENT

ഒടിയൻ എന്നാൽ മോഹൻലാലിന്റെ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമാണു പുതുതലമുറയ്ക്ക് ആദ്യം ഓർമവരിക. അതേ സമയം  പാലക്കാടൻ പാരമ്പര്യകഥകളിലെ ഒടിയൻ ആരും അത്രവേഗം ഇഷ്ടപ്പെടുന്ന ഒരാളല്ല. ഒടിവിദ്യയിലൂടെ ശക്തനായി തനിക്കിഷ്ടമുള്ളതെല്ലാം  ചെയ്തെടുക്കുന്ന ക്രൂരനായ ഒടിയൻ. സ്കൂൾ കലോൽസവത്തിൽ നാടോടിനൃത്തത്തിനായി അവതരിപ്പിക്കാൻ മലപ്പുറം പൊറ്റൂർ മോഡേൺ എച്ച്എസ് സ്കൂൾ, തൃശൂർ കഴിമ്പ്രം അമൃതശ്രീ ഗവ. എച്ച്എസ്എസ് എന്നീ വിദ്യാർഥികൾക്കായി ഒരു കഥാപാത്രത്തെ തേടിയപ്പോൾ ഗുരുനാഥൻ ജിജീഷ് കണ്ടെത്തിയത് ഒടിയനെയായിരുന്നു. ശരിക്കും ഒടിയന്റെ കഥയാണു താൻ അരങ്ങിലെത്തിക്കുന്നതു ജിജീഷ് പറയുന്നു. തൃശൂർ പഴയന്നൂർ ഗവൺമെന്റ് എച്ച്എസ്എസിലെ ഇംഗ്ലീഷ് അധ്യാപകൻ സുധീഷ് കുമാറാണു നാടോടിനൃത്തത്തിനായി സംഗീതം എഴുതിയിരിക്കുന്നത്. 

 

ഗർഭിണിയായ സ്ത്രീയുടെ വയറു കീറി കുഞ്ഞിനെ എടുത്ത് അതിന്റെ മഷിയെടുക്കുന്നു. ഈ മഷി ചെവിയിൽ പുരട്ടി കരുത്തുനേടുന്ന ഒടിയൻ പിന്നെ എന്തും ചെയ്യുന്ന ശക്തിയായി മാറുന്നു. ഒടിയൻ കയറിയ വീട്, പറമ്പ് എന്നെല്ലാം പറഞ്ഞാൽ ആളുകൾക്കെല്ലാം പേടിസ്വപ്നമാണ്. അതുകൊണ്ടു തന്നെ സിനിമയിലെ മാണിക്യനെ കടമെടുത്ത് അതിനൊപ്പം തീദിക്കുട്ടി എന്ന കഥാപാത്രത്തെ സൃഷ്ടിച്ച് അവർ തമ്മിലുള്ള സൗഹൃദവും മറ്റൊരു വിവാഹം കഴിക്കുന്ന അവളുടെ വയറുകീറി മാണിക്യൻ കുഞ്ഞിനെ എടുക്കുന്നതുമെല്ലാമാണു കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞിനെ നഷ്ടപ്പെട്ട അവൾക്ക് ഓർമ തിരിച്ചു കിട്ടുന്നത് അടുത്ത ദിവസമാണ്. 

 

ഒടിയൻ കയറിയ വയറെന്നു പറഞ്ഞാൽ ഭയങ്കര ശക്തിയുള്ളതാണത്രെ. ഇതോടെ ഒടിയൻ മാണിക്യനെ ഈ സ്ത്രീ ശപിക്കുകയാണ്. ശക്തിനേടാൻ എന്റെ കുഞ്ഞിനെ കവർന്ന നിന്റെ കുലം മുടിഞ്ഞു പോകുമെന്നാണു ശാപം. രണ്ടു ദേശക്കാരായ വാഴുന്നോരും നാടുവാഴികളും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനാൽ വാഴുന്നോരെ തകർക്കാനാണു നാടുവാഴിക്കു വേണ്ടി പണം വാങ്ങി മാണിക്യൻ ഒടിയൻ വേഷം കെട്ടുന്നത്. നാടുവാഴിയുടെ ഉദ്ദേശം സാധിക്കുന്നുണ്ടെങ്കിലും ഒടിയൻ ഒരുനാൾ തനിക്കെതിരെ തിരിഞ്ഞേക്കുമോ എന്നു ഭയന്ന് അയാൾക്ക് ആയിരം പൊൻപണവും മദ്യവുമെല്ലാം നൽകി അയയ്ക്കുകയും രാത്രി കൂട്ടുകാരുടെ സഹായത്തോടെ ഒടിയന്റെ വീടിനു തീ വയ്ക്കുന്നതുമാണ് പ്രമേയം. 

 

വേദി ഒന്നിലും വേദി രണ്ടിലും  സെക്കന്ററി, ഹയർസെക്കന്ററി വിഭാഗങ്ങളിലൂടെ ഒടിയൻ നാളെ വേദിയിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com