ADVERTISEMENT

കാഞ്ഞങ്ങാട്∙ ‘വെറുമൊരു അധ്യാപകനായ എന്നെ സ്കൂൾ കലോൽസവം ഒരു കവിയും എഴുത്തുകാരനുമാക്കി’ എന്നാണ് തൃശൂർ പഴയന്നൂർ ഗവൺമെന്റ് എച്ച്എസ്എസിലെ ഇംഗ്ലീഷ് അധ്യാപകൻ സുധീഷ് കുമാറിന് പറയാനുള്ളത്. ജോലി കിട്ടുന്നതിനു മുമ്പ് മേക്കപ്പിടാനും കുട്ടികളെ ഒരുക്കാനുമൊക്കെ പോകുമായിരുന്നെങ്കിലും ഒരു എഴുത്തു പരീക്ഷണത്തിനൊന്നും മുതിർന്നിട്ടില്ല. പിന്നെ കലോൽസവങ്ങളിൽ സജീവമായപ്പോഴാണ് തന്നിലെ കവിയെ ഉണർത്തിയെടുത്താൽ നന്നായിരിക്കുമെന്ന് ചില സ്നേഹിതർ ഉപദേശിച്ചത്. ഇതോടെയാണ് കഴിഞ്ഞ വർഷം നാടോടി നൃത്തത്തിനായി മൂന്ന് പാട്ടുകൾ എഴുതിയത്. 

 

സുധീഷിന്റെ വരികൾക്ക് തൃശൂർ ജയൻ ഈണമിട്ടപ്പോൾ സംഗതി ഗംഭീരം. ആദ്യം മൂന്നു സ്കൂളുകൾക്കു വേണ്ടി എഴുതിയ പാട്ടുകൾ പല സ്കൂളുകളും ഉപയോഗിക്കുന്നതു കണ്ടപ്പോൾ ആഹ്ലാദം. ഇതിനകം 18 പരിപാടികൾക്കായി വരികളെഴുതി. കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്ന നോവലിനെ ആസ്പദമാക്കി രചിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വർഷം പുന്നപ്ര വയലാർ സമരത്തെ കേന്ദ്രമാക്കി എഴുതിയ പാട്ടിന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചു. ഇതോടെ ആത്മവിശ്വാസവും വർധിച്ചു.

 

പഴമയുടെ പുസ്തകങ്ങളിലൂടെയും മിത്തുകളിലൂടെയും സഞ്ചരിക്കുന്നതാണ് തനിക്ക് പുതുമയാർന്ന കഥകൾ സമ്മാനിക്കുന്നതെന്ന് സുധീഷ് മാഷ് പറയുന്നു. ഇത്തവണ അരങ്ങിലെത്തിയ ഒടിയനും വിഷകണ്ഠനമെല്ലാം ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ ദിവസം അരങ്ങേറിയ കാക്കകളുടെ സംഘനൃത്തവും വേറിട്ടതായി. എല്ലാ പക്ഷികളെയും ഇഷ്ടപ്പെടുന്നവരും ആട്ടിയകറ്റുന്ന കാക്കയാണ് സംഘനൃത്തത്തിലെ മുഖ്യ കഥാപാത്രം. ശനീശ്വരന്റെ വാഹനമായ കാക്ക അത്ര വെറുക്കപ്പെടേണ്ട പക്ഷിയല്ലെന്നും ദേവവാഹനമാണെന്നും പറഞ്ഞു വയ്ക്കുന്നു സുധീഷിന്റെ വരികൾ.

 

അടിയാളനെ ചെളിയിൽ മുക്കിക്കൊന്ന ശേഷം ആൽമരം നട്ട് അവിടെ കല്ലുവച്ച് ആരാധിക്കുന്ന കഥയാണ് ആൽമരത്തേവൻ. നാടോടിനൃത്തത്തിനായി ഒരുക്കിയ വരികൾ അടുത്ത ദിവസം സ്റ്റേറ്റിലെത്തും. സബ്ജില്ലയിലും ജില്ലയിലും കഴിഞ്ഞ വർഷം കളിച്ച അതേ പാട്ടുതന്നെ ആയതിനാൽ ഇത്തവണ സ്റ്റേറ്റിൽ മാറ്റിപ്പിടിക്കാൻ തീരുമാനിച്ചതിനാലാണ് ആൽമരത്തേവൻ ആദ്യമായി അരങ്ങിലെത്തുന്നത്. 

 

കണ്ണൂരിൽ നിന്നുള്ള ഒരു തെയ്യത്തിന്റെ മിത്താണ് വിഷകണ്ഠൻ എന്ന പേരിൽ ഇന്നലെ കളിച്ച സംഘനൃത്തം. ഇത് തന്നെ അടുത്ത ദിവസം ഫോക് ഡാൻസായും വേദിയിലെത്തുന്നുണ്ട്. വൈദ്യം പഠിക്കാൻ അനുവാദമില്ലാത്ത തീയനായ ഒരാളെ മേൽജാതിക്കാരൻ ആട്ടിയിറക്കി വിട്ടു. ഗുരുവിന്റെ ഭാര്യയ്ക്ക് ഈ തീയ്യച്ചെറുക്കനെ വല്ലാതെ ഇഷ്ടപ്പെട്ടതിനാൽ വിഷവൈദ്യം പഠിപ്പിക്കാമെന്ന് ഏൽക്കുകയായിരുന്നു. ഇവൻ വൈദ്യം പഠിച്ചതറിഞ്ഞപ്പോൾ മുതൽ തമ്പുരാൻ ഇവനെ വകവരുത്താൻ നോക്കുന്നു. 

 

ഒരിക്കൽ ഒരു നായർ സ്ത്രീ വിഷം തീണ്ടി വന്നപ്പോൾ തമ്പുരാൻ മനസിലാക്കുന്നു ഇവർ മരിച്ചെന്ന്. അങ്ങനെ അവരെ കൊണ്ട കുഴിച്ചിടാനായി നിർദേശം, ഇതനുസരിച്ച് കുഴിച്ചിടാൻ തീരുമാനിച്ചെങ്കിലും ആരോ പറഞ്ഞതനുസരിച്ച് വിഷകണ്ഠന്റെ അടുത്തെത്തിക്കുന്നു. വിഷകണ്ഠൻ സ്ത്രീയ്ക്കു മരുന്നുകൊടുത്ത് വെള്ളത്തിൽ ഇറക്കിക്കിടത്താൻ ആവശ്യപ്പെടുന്നു. 101 കുമിള വരുമ്പോൾ പുറത്തെടുക്കാനായിരുന്നു നിർദേശം. ഇങ്ങനെ ആ സ്ത്രീക്കു ജീവൻ തിരികെ കിട്ടുകയും വിഷകണ്ഠൻ പ്രശസ്തനായി മാറുകയും ചെയ്തു. ഇതോടെ വിഷകണ്ഠനെ വകവരുത്താൻ തീരുമാനിച്ച തമ്പുരാൻ അദ്ദേഹത്തെ വെട്ടിനുറുക്കി കുളത്തിലെറിയുന്നു. ഉടനെ കത്തിജ്വലിക്കുന്ന വിഷകണ്ഠൻ ദേവത്തെയ്യമായി മാറുന്നു. അങ്ങനെയാണത്രെ കണ്ണൂർ കുളച്ചേരി ഭാഗത്ത് വിഷകണ്ഠന്റെ പേരിൽ തെയ്യം കെട്ടി ആടുന്നുണ്ട്. ഒരു അമേച്വർ നാടകത്തിന്റെ സ്റ്റോറി ബോർഡ് ഈ വിഷയത്തിൽ ലഭിച്ചതിൽ നിന്നാണ് താൻ വിഷകണ്ഠന്റെ നാടോടിനൃത്തം തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com