ADVERTISEMENT

ഇളംപ്രായത്തിൽ തന്നെ ശരീരം വെട്ടിമുറിച്ച് 8 ശസ്ത്രക്രിയകൾ, ആശുപത്രി തന്നെ വീടാക്കി മാറ്റിയ കുട്ടിക്കാലം, അച്ഛനമ്മമാരുടെ കൈക്കുമ്പിളിൽ മാത്രം പുറംലോകം കണ്ട ബാല്യം; ഇതിൽ തളർന്നു വീഴുകയായിരുന്നില്ല അനുരാഗ്. മനസ്സിനു ചിറകുകൾ നൽകി സ്വപ്ന ലോകത്തിലൂടെ പറക്കുകയായിരുന്നു. 

എൻഡോസൾഫാൻ വിഷമഴയെ നിശ്ചയദാർഢ്യം കൊണ്ടു തോൽപ്പിച്ച ഈ മിടുക്കൻ സ്കൂൾ കലോത്സവവേദിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് വൊളന്റിയറായാണു തിളങ്ങിയത്. 

പ്രദർശന നഗരിയിൽ ഗതാഗതം നിയന്ത്രിച്ചും വരുന്നവർക്കു കാണാൻ സൗകര്യമൊരുക്കിയും മന്ത്രിമാർ അടക്കമുള്ളരുടെ പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ 27 നു രാവിലെ എത്തിയ അനുരാഗ് കലോത്സവ നഗരിയിൽ സ്കൗട്ട് അംഗങ്ങൾ താമസിക്കുന്ന ടെന്റിലായിരുന്നു താമസം. 

പുലർച്ചെ വരെ ജോലി ചെയ്ത ശേഷം രാവിലെ എഴുന്നേറ്റു വീണ്ടും സേവനത്തിനിറങ്ങുന്ന അനുരാഗ് സഹപ്രവർത്തകർക്കും ഊർജമാണ്. വാക്കറിന്റെ സഹായത്തോടെയാണു നടക്കുന്നത്. 

രണ്ടാഴ്ച മുൻപ് കലക്ടർ ഡി.സജിത്ത് ബാബുവിൽ നിന്നു നേരിട്ട് സ്കൗട്ട് ആൻഡ് ഗൈഡ് ബാഡ്ജ് സ്വീകരിച്ചു. സെറിബ്രൽ പൾസി ബാധിച്ച ഒരാൾ ആദ്യമായാണ് ഈ രംഗത്തെത്തുന്നത്. മുളിയാർ മുണ്ടക്കൈയിലെ കുഞ്ഞിക്കണ്ണൻ നായരുടെയും സുമയുടെയും മകനാണു ബോവിക്കാനം ബിഎആർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ എ.അനുരാഗ്. 

സെറിബ്രൽ പൾസിയുമായി ജനിച്ചുവീണ അനുരാഗ് രോഗക്കിടക്കയിൽ ഒതുങ്ങിക്കഴിയാനല്ല ആഗ്രഹിച്ചത്. ചട്ടഞ്ചാൽ സ്കൂളിൽ നടന്ന മോട്ടിവേഷൻ ക്യാംപിൽ പങ്കെടുത്തതോടെ ജീവിതം മാറി. ആരാകാനാണ് ആഗ്രഹമെന്ന പരിശീലകന്റെ ചോദ്യത്തിന് ഐഎഎസ് നേടുകയാണു സ്വപ്നമെന്ന് അനുരാഗ് പറഞ്ഞു. 

സ്കൗട്ട് ആൻഡ് ഗൈഡ് കാസർകോട് ഹെഡ് ക്വാർട്ടേഴ്സ് കമ്മിഷണർ കൂടിയായ അജിത് സി.കളനാട് ആയിരുന്നു പരിശീലകൻ. റോവർ വിഭാഗത്തിൽ അംഗത്വം നൽകിയാണു സ്കൗട്ട് അംഗമാക്കിയത്. പഠനത്തോടൊപ്പം ഓൺലൈൻ വഴി ഐഎഎസ് പരിശീലനവും നേടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com