ADVERTISEMENT

കൂട്ടുകാരായാൽ ഇങ്ങനെ വേണം. ഒരുമിച്ചു നടന്ന്, ഒരുമിച്ചു പഠിച്ച് ഒടുക്കം പരീക്ഷയിലും ഒരുമിച്ചു വിജയ ചുവടുവയ്പ്പ്. ബോംബെ ഐഐടിയിലെ സുഹൃത്തുക്കളായ രാഹുൽ മംഗലിക്കും സോമാൻഷ് ചോർഡിയയുമാണ് ഐഐഎമ്മുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയായ ക്യാറ്റിൽ കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടിയത്. ഡൽഹി സ്വദേശിയായ രാഹുൽ 99.99 പേർസെന്റേൽ വിജയം നേടിയപ്പോൾ നാഗ്പൂരുകാരനായ സോമാൻഷ് 100 പേർസെന്റേലുമായാണ് വിജയക്കുതിപ്പ് പൂർത്തിയാക്കിയത്. 

 

മോക്ക് ടെസ്റ്റുകൾ ചെയ്ത് അവ ഒരുമിച്ചിരുന്നു ചർച്ച ചെയ്താണ് ഈ സുഹൃത്തുക്കൾ ക്യാറ്റിനെ പിടിച്ചു കെട്ടിയത്. ബോംബെ ഐഐടിയിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളാണ് ഇരുവരും. ആദ്യ ശ്രമത്തിൽ തന്നെയാണു രണ്ടു പേരും മികവാർന്ന വിജയം നേടിയത്.

 

ഓപ്പറേഷൻ അനാലിസിസ് ക്ലാസ്കൾക്കിടയിലാണു താൻ മാനേജ്മെൻറ് വിഷയങ്ങളുമായി ബന്ധപ്പെടുന്നതെന്ന് രാഹുൽ പറയുന്നു. ബിസിനസ് സ്റ്റഡീസും മാനേജ്മെന്റും ഇഷ്ടമായതിനാൽ ക്യാറ്റ് എഴുതാൻ തീരുമാനിക്കുകയായിരുന്നു. തയ്യാറെടുപ്പുകളുടെ ഭാഗമായി 30 മോക്ക് ടെസ്റ്റുകളെങ്കിലും ചെയ്തു നോക്കിയിട്ടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നു.

 

ക്യാറ്റിന് ഇത്തവണ 100 പേർസന്റേൽ നേടിയ 10 പേരിൽ ഒരാളായ സോമാൻഷ് ഐഐഎം അഹമ്മദാബാദ് ആണു ലക്ഷ്യമിടുന്നത്. ജനുവരിയോടെയാണ് ക്യാറ്റ് തയ്യാറെടുപ്പ് തുടങ്ങിയത്. മോക്ക് ടെസ്റ്റുകളൊക്കെയായി ഗൗരവമായ പഠനം ഓഗസ്റ്റിൽ ആരംഭിച്ചു. ഒക്ടോബറോടെ പൂർണ്ണ ശ്രദ്ധ ക്യാറ്റിലായി. മുൻ വർഷത്തെ ചോദ്യപേപ്പറുകളും സഹായകമായതായി സോമാൻഷ് പറയുന്നു.

 

ഈ വർഷം 2.09 ലക്ഷം പേരാണു ക്യാറ്റ് പരീക്ഷയ്ക്ക് ഇരുന്നത്. 100 പേർസന്റേൽ നേടിയ 10 പേരും ആൺകുട്ടികളും എൻജിനീയറിങ് / ടെക്നോളജി പശ്ചാത്തലമുള്ളവരുമാണ്. ഇവരിൽ 6 പേർ ഐഐടികളിൽ നിന്നും 2 പേർ എൻഐടികളിൽ നിന്നുമാണ്. ഐഐഎമ്മുകൾ ഉൾപ്പെടെയുള്ള ബിസിനസ് സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനായി ഉപയോഗിക്കുന്ന ക്യാറ്റ് സ്കോറിനു 3 വർഷം കാലാവധിയുണ്ട്. ഇന്ത്യയിലെ 156 നരങ്ങളിലെ 376 പരീക്ഷാ കേന്ദ്രങ്ങളിൽ 2019 നവംബർ 24 നാണ് ക്യാറ്റ് പരീക്ഷ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com